ബെനോനി: ക്രിക്കറ്റില്‍ വീണ്ടും മങ്കാദിങ് വിവാദം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് സംഭവം. 

പാകിസ്താന്റെ ഇന്നിങ്‌സിലെ 28-ാം ഓവറില്‍ മുഹമ്മദ് ഹറൈറയാണ് മങ്കാദിങ്ങിലൂടെ പുറത്തായത്. അഫ്ഗാന്‍ സ്പിന്നറാണ് നൂര്‍ അഹമ്മദാണ് ഹുറൈറയെ പുറത്താക്കിയത്. ബൗളര്‍ ഔട്ടിനായി അപ്പീല്‍ ചെയ്തതോടെ ഫീല്‍ഡ് അമ്പയര്‍മാര്‍ ചര്‍ച്ച നടത്തി. നൂര്‍ പന്ത് എറിയുന്നതിന് മുമ്പ് ഹറൈറ ക്രീസിന് പുറത്താണെന്ന് ടിവി റീപ്ലേയില്‍ തെളിഞ്ഞു. ഇതോടെ ഔട്ട് വിധിക്കുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റിങ് മുന്നോട്ടുപോകുന്നതിനിടയിലാണ് ഹറൈറ പുറത്തായത്. ടൂര്‍ണമെന്റില്‍ ആദ്യ മത്സരം കളിച്ച താരം 64 റണ്‍സെടുത്തു. 

Read More: 'രോഹിത് ശര്‍മയ്ക്ക് വേണ്ടി ധോനി ഞങ്ങളോട് ചെയ്തത് കോലി പന്തിനോട് ചെയ്യരുത്'; സെവാഗ്

ഇതിന് പിന്നാലെ മങ്കാദിങ്ങുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച സജീവമായി. ഈ വിവാദനിയമം പിന്‍വലിക്കണമെന്നാണ് ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ട്വീറ്റിലൂടെ ചോദിച്ചതും ഇതുതന്നെയാണ്. ഐസിസിയെ ടാഗ് ചെയ്താണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ന്റെ ട്വീറ്റ്. 

നാല് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍-19 ലോകകപ്പിലും മങ്കാദിങ് സംഭവമുണ്ടായിരുന്നു. അന്ന് വിന്‍ഡീസ് താരം കീമോ പോളിനാണ് വിക്കറ്റ് നഷ്ടമായത്.  കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ ററോയല്‍സ് താരം ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്പിന്നര്‍ ആര്‍.അശ്വിന്‍ ഇതേ രീതിയില്‍ പുറത്താക്കിയിരുന്നു.

 

Content Highlights: Afghanistan’s Noor Ahmed mankads Pakistan’s Muhammad Huraira ICC U19 World Cup 2020