കാബൂള്‍: ഈ മാസം ഓസ്‌ട്രേലിയക്കെതിരെ നിശ്ചയിച്ച ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി.  അഫ്ഗാനിസ്താന്‍  ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 27-ന് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നിശ്ചയിച്ചിട്ടുള്ളത്.

താലിബാന്‍ രാജ്യം കീഴടക്കിയതിന് ശേഷം നടക്കാന്‍പോകുന്ന അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരമാണിത്. മത്സരം മുന്‍നിശ്ചയിച്ച പോലെ നന്നായി നടക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നല്ല ബന്ധമുണ്ട്. ഈ മത്സരത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്താനടക്കം പങ്കെടുക്കുന്ന ട്വന്റി-20 ലോകകപ്പ് യുഎഇയില്‍ നടക്കാനുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ്‌ പറഞ്ഞു.

സമീപകാലത്ത് മികച്ച നേട്ടമുണ്ടാക്കിയ അഫ്ഗാന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വനിതാ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട അവര്‍ കൃത്യമായ പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല.