അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം വലിയ സംഘര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അധികാരം താലിബാന്‍ തട്ടിയെടുത്തതോടെ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിനെയും അത് സാരമായി ബാധിച്ചു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ ടീമിന് താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ചില പ്രശ്‌നങ്ങള്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിന്തുടരുകയാണ്. 

അതിലേറ്റവും പ്രധാനപ്പെട്ടത് ദേശീയപതാക തന്നെയാണ്. അഫ്ഗാനിസ്താന്‍ നിലവിലുള്ള ദേശീയ പതാകയാണോ അതോ താലിബാന്റെ പതാകയാണോ മത്സരത്തിന് ഉപയോഗിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. താലിബാന്റെ പതാക ഉപയോഗിച്ചാല്‍ ഐ.സി.സി അഫ്ഗാനിസ്താനെ മത്സരങ്ങളില്‍ നിന്ന് വിലക്കിയേക്കും. 

ഐ.സി.സിയുടെ നിയമപ്രകാരം ലോകകപ്പ് പോലെയുള്ള വലിയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ അവരുടെ ദേശീയ പതാക മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. നിലവിലുള്ള അഫ്ഗാന്‍ പതാകയാണ് മത്സരത്തിനുപയോഗിക്കുന്നതെങ്കില്‍ ടീമിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. എന്നാല്‍ താലിബാന്റെ പതാക ഉപയോഗിക്കാന്‍ ടീം നിര്‍ബന്ധിതരായാല്‍ ടൂര്‍ണമെന്റില്‍ നിന്നുതന്നെ പുറത്തുപോകേണ്ടി വരും. 

ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാന്‍ മത്സരിക്കുക. ഒക്ടോബര്‍ 17 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 

Content Highlights: Afghanistan faces potential exodus from T20 World Cup, ICC ban if team plays under Taliban flag