Photo: twitter.com/cricketworldcup
ആന്റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ചരിത്രം കുറിച്ചുകൊണ്ട് അഫ്ഗാനിസ്താന് സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാണ് അഫ്ഗാന് സെമി ബെര്‍ത്തുറപ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് അഫ്ഗാന്റെ വിജയം. സ്കോര്‍: അഫ്ഗാനിസ്താന് 47.1 ഓവറില്‍ 134 ന് ഓള് ഔട്ട്. ശ്രീലങ്ക 46 ഓവറില്‍ 130 ന് ഓള് ഔട്ട്.
ഇതാദ്യമായാണ് അഫ്ഗാനിസ്താന് ഐ.സി.സിയുടെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. സീനിയര്‍ ടീമിന് പോലും നേടാന്‍ സാധിക്കാതെ പോയ വലിയ നേട്ടമാണ് അണ്ടര്‍ 19 അഫ്ഗാന് ടീം സ്വന്തമാക്കിയത്. 2022 അണ്ടര്‍ 19 ലോകകപ്പിന്റെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാണ് അഫ്ഗാന്. ഇംഗ്ലണ്ട് നേരത്തേ സെമി ഫൈനലിലെത്തിയിട്ടുണ്ട്. ആദ്യ സെമിയില്‍ ഇംഗ്ലണ്ടും അഫ്ഗാനും കൊമ്പുകോര്‍ക്കും.
ചെറിയ സ്കോര്‍ മാത്രം പിറന്ന മത്സരത്തില്‍ അഫ്ഗാന് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക വെറും 130 റണ്‍സിന് ഓള് ഔട്ടായി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്.
അഫ്ഗാനെ 47.1 ഓവറില്‍ വെറും 134 റണ്‍സില്‍ ഓള് ഔട്ടാക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. 9.1 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്ത വിനുജ റാന്‍പോളാണ് അഫ്ഗാന്റെ നടുവൊടിച്ചത്. നായകന് വെല്ലാലാഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത അബ്ദുള്‍ ഹാദിയും 30 റണ്‍സെടുത്ത നൂര്‍ അഹമ്മദും മാത്രമാണ് അഫ്ഗാന് നിരയില്‍ പിടിച്ചുനിന്നത്.
135 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ് അഫ്ഗാന് ബൗളര്‍മാര്‍ സമ്മാനിച്ചത്. എല്ലാ ബൗളര്‍മാരും നന്നായി പന്തെറിയാന്‍ തുടങ്ങിയതോടെ ശ്രീലങ്ക വിയര്‍ത്തു. 34 റണ്‍സെടുത്ത നായകന് വെല്ലാലാഗെ മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി പിടിച്ചുനിന്നത്. പന്തുകള്‍ ബാക്കിയുണ്ടായിട്ടും ശ്രീലങ്കയ്ക്ക് വിജയം നേടാനായില്ല. അശ്രദ്ധ മൂലം മൂന്ന് താരങ്ങള്‍ റണ്‍ ഔട്ടാകുകയും ചെയ്തു. അഫ്ഗാനുവേണ്ടി ബിലാല്‍ സമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ നവീദ് സദ്രാന്, നൂര്‍ അഹമ്മദ്, ഇസാറുള്‍ ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Afghanistan beat Sri Lanka to reach semis of U-19 world cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..