Photo: twitter.com/ICC
ഷാര്‍ജ: പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താന് തകര്‍പ്പന്‍ വിജയം. ആറുവിക്കറ്റിനാണ് അഫ്ഗാന്‍ പാകിസ്താനെ തകര്‍ത്തത്. പാകിസ്താന്‍ ഉയര്‍ത്തിയ 93 റണ്‍സ് വിജയലക്ഷ്യം അഫ്ഗാന്‍ 17.5 ഓവറില്‍ മറികടന്നു. ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്താന്റെ വിജയശില്‍പ്പി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്താന് തുടക്കത്തില്‍ തന്നെ പിഴച്ചു. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ച മത്സരത്തില്‍ ശദബ് ഖാനാണ് ടീമിനെ നയിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
18 റണ്‍സെടുത്ത ഇമാദ് വസീമും 17 റണ്‍സ് നേടിയ സലീം അയൂബും മാത്രമാണ് പാക് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. കണിശതയോടെ പന്തെറിഞ്ഞ അഫ്ഗാന്‍ ബൗളര്‍മാരാണ് പാകിസ്താനെ വരിഞ്ഞുമുറുക്കിയത്.
അഫ്ഗാനുവേണ്ടി മുജീബുര്‍ റഹ്‌മാന്‍ നാലോവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫറൂഖിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അസ്മത്തുള്ള ഒമര്‍സായ്, നവീന്‍ ഉള്‍ ഹഖ്, നായകന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്താനും ആദ്യം പതറിയിരുന്നു. 45 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട അഫ്ഗാനെ മുഹമ്മദ് നബി മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലെത്തിച്ചു. താരം പുറത്താവാതെ 38 റണ്‍സെടുത്തു. 17 റണ്‍സെടുത്ത നജ്ബുള്ള സദ്രാന്‍ നബിയ്ക്ക് പിന്തുണ നല്‍കി. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 16 റണ്‍സെടുത്തു.
പാകിസ്താന് വേണ്ടി ഇഹ്‌സാനുള്ള രണ്ട് വിക്കറ്റെടുത്തപ്പോള്‍ നസീം ഷായും ഇമാദ് വസീമും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നബിയാണ് മത്സരത്തിലെ താരം. പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച്ച നടക്കും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ അഫ്ഗാന് പരമ്പര നേടാം.
Content Highlights: afghanistan beat pakistan by six wickets in first t20
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..