അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. നിരവധി തവണയാണ് ഓസിസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാനുള്ള അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. അതിലേറ്റവും കൂടുതല്‍ തവണ കൈവിട്ടത് ഓസിസ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബൂഷെയ്‌നിനെയാണ്.

ലബൂഷെയ്ന്‍ ക്രീസിലെത്തി മൂന്നാം പന്തില്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചു. ബുംറ എറിഞ്ഞ പന്ത് താരത്തിന്റെ ബാറ്റിലുരുമ്മി പിന്നിലേക്ക് പറന്നെങ്കിലും അത് പിടിക്കാന്‍ കീപ്പര്‍ സാഹയ്ക്ക് സാധിച്ചില്ല. പന്ത് നേരെ ബൗണ്ടറിയിലേക്ക് പായുകയും ചെയ്തു.

അതിനുശേഷം വ്യക്തിഗത സ്‌കോര്‍ 12-ല്‍ നില്‍ക്കെ താരത്തെ പുറത്താക്കാനുള്ള അവസരം ബുംറ പാഴാക്കി. ഷമിയുടെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള താരത്തിന്റെ ശ്രമം നടന്നില്ല. ബൗണ്ടറി ലൈനിലേക്ക് ഉയര്‍ന്ന പന്ത് എന്നാല്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ബുംറയ്ക്ക് സാധിച്ചില്ല

വ്യക്തിഗത സ്‌കോര്‍ 21-ല്‍ നില്‍ക്കെ ലബൂഷെയ്‌നിനെ വീണ്ടും പുറത്താക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചു. ഇത്തവണ യുവതാരം പൃഥ്വി ഷായാണ് ക്യാച്ച് കൈവിട്ടത്. ഇത്തവണയും ബൗള്‍ ചെയ്തത് ബുംറയായിരുന്നു. അനായാസം പിടിക്കാവുന്ന ക്യാച്ച് ഷാ നഷ്ടമാക്കിയതോടെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. 

ഒടുവില്‍ സ്‌കോര്‍ 111-ല്‍ നില്‍ക്കെ 47 റണ്‍സെടുത്ത ലബൂഷെയ്‌നിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി.

Content Highlights: Adelaide Test Day 2 India drop Labuschagne thrice