മെല്‍ബണ്‍: ടാസ്മാനിയയുടെ മുന്‍ പേസര്‍ ആദം ഗ്രിഫിത്തിനെ ഓസ്‌ട്രേലിയയുടെ താത്ക്കാലിക ബൗളിങ് പരിശീലകനായി നിയമിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഗ്രേം ഹിക്ക് ജസ്റ്റിന്‍ ലാംഗറിന് കീഴില്‍ ബാറ്റിങ് സഹ പരിശീലകനായും ചുമതലയേല്‍ക്കും. ടീമിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ ലേമാന് വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിശ്രമം നല്‍കും. ഗ്രിഫിത്ത് വെസ്റ്റ് ഓസ്‌ട്രേലിയന്‍ ടീമിന്‍െയും ഹിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലകരായി പ്രവര്‍ത്തിക്കുകയായിരുന്നു. 

ജൂണ്‍ ആറിന് വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇരുവരും ടീമിനൊപ്പം ചേരും. 2002 മുതല്‍ 2010 വരെ ടാസ്മാനിയക്കായി കളിച്ച ഗ്രിഫിത്ത് പരിക്ക് പതിവായതോടെ 2011ലാണ് തൊപ്പിയഴിച്ചത്. ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ ലെസ്റ്റര്‍ഷയറിനായും ഈ 38കാരന്‍ കളിച്ചിട്ടുണ്ട്. 50 ഫസ്റ്റ് ക്ലാസ് കളികളില്‍ നിന്ന് 34.31 ശരാശരിയില്‍ 169 വിക്കറ്റെടുത്ത ഗ്രിഫിത്തിന്റെ വരവ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.

ബൗളര്‍മാരുടെ പറുദീസയായ വെസ്റ്റിന്‍ഡീസില്‍ ദക്ഷിണാഫ്രിക്കയുടെയും ആതിഥേയരുടെയും പേസ് കരുത്തിനെ നേരിടാന്‍ ടീമിനെ സജ്ജരാക്കുകയാണ് ഗ്രിഫിത്തിനെ കാത്തിരിക്കുന്ന വെല്ലുവിളി. അടുത്തിടെ ഇന്ത്യയില്‍ നടന്ന ലോക ട്വന്റി 20 പരമ്പരയോടെ സ്ഥാനമൊഴിഞ്ഞ ക്രെയിഗ് മക്ഡെര്‍മോട്ടിന്റെ പിന്‍ഗാമിയായാണ് ഗ്രിഫിത്തിന്റെ വരവ്.