ലണ്ടന്‍: എപ്പോഴും ബാറ്റിങ് വെടിക്കെട്ടുകള്‍ പിറക്കുന്ന ടൂര്‍ണമെന്റാണ് നാറ്റ്‌വെസ്റ്റ് ടിട്വന്റി. ഇത്തവണ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ആഡം ലിത്താണ്. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ ടിട്വന്റിയിലെ ഏറ്റവുമുയര്‍ന്ന് മൂന്നാമത്തെ സ്‌കോറാണ് 161 റണ്‍സിലൂടെ ആഡം ലിത്ത് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 175 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലും 162 റണ്‍സടിച്ച ഹാമിള്‍ട്ടന്‍ മസാക്കഡസയുമാണ് ലിത്തിന് മുന്നിലുള്ളത്.

നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരായ മത്സരത്തില്‍ യോക്‌ഷെയറിന് വേണ്ടിയാണ് ആഡം ലിത്ത് സെഞ്ചുറി കുറിച്ചത്. 73 പന്തില്‍ നിന്ന് ഏഴും സിക്‌സിന്റെയും 20 ഫോറിന്റെയും അകമ്പടിയോടെ 161 റണ്‍സ്. ലിത്തിന്റെ മികവില്‍ യോക്‌ഷെയര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി.

ടിട്വന്റിയിലെ ഏറ്റവുമര്‍ന്ന മൂന്നാമത്തെ ടീം സ്‌കോര്‍ കൂടിയാണ് യോക്‌ഷെയറിന്റേത്. 263 റണ്‍സ് നേടിയ ഓസ്‌ട്രേലിയയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് യോക് ഷെയറിന് മുന്നിലുള്ള ടീമുകള്‍. കഴിഞ്ഞ വര്‍ഷം പല്ലെകെലെയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഓസ്‌ട്രേലിയയുടെ 263 റണ്‍സ് പ്രകടനം. 

adam lyth

ഓപ്പണിങ് വിക്കറ്റില്‍ ലിത്തും ഡേവിഡ് വില്ലിയും ചേര്‍ന്ന് 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്താംപ്റ്റണ്‍ഷെയര്‍ 136 റണ്‍സിന് കൂടാരം കയറി. 19 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസീം റഫീദാണ് നോര്‍ത്താംപ്റ്റണിന്റെ നട്ടെല്ലൊടിച്ചത്.