ഷാര്‍ജ: ഏഷ്യ കപ്പ് അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ ടീം. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 103 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ പട ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍ ഇന്ത്യ 243 ന് എട്ട്, ബംഗ്ലദേശ് 140 ന് ഓള്‍ ഔട്ട്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 108 പന്തുകളില്‍ നിന്ന് 90 റണ്‍സെടുത്ത ഷെയ്ഖ് റഷീദിന്റെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 28 റണ്‍സെടുത്ത് വാലറ്റത്ത് പൊരുതിയ വിക്കി ഓസ്റ്റ്വലും നന്നായി കളിച്ചു. ബംഗ്ലാദേശിനുവേണ്ടി നായകന്‍ റാകിബുള്‍ സഹന്‍ മൂന്ന് വിക്കറ്റെടുത്തു. 

244 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ പുലര്‍ത്താനായില്ല. 42 റണ്‍സെടുത്ത അരീഫുള്‍ ഇസ്ലാമും 26 റണ്‍സ് നേടിയ മഹ്ഫിജുള്‍ ഇസ്ലാമുമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി രാജ് വര്‍ധന്‍, രവി കുമാര്‍,രാജ് ബാവ, വിക്കി ഓസ്റ്റ്വല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വെറും 38.2 ഓവറില്‍ 140 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായി. 

ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. സെമിയില്‍ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനലിലേക്ക് മുന്നേറിയത്. 

Content Highlights: ACC U19 Asia Cup 2021, India vs Bangladesh semi final match