ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സും പുണെ സൂപ്പര്‍ജയന്റും തമ്മിലുള്ള ഐ.പി.എല്‍ ഫൈനലിനിടയില്‍ ഗാലറിയിലെ ഒരു മുഖം ആരും മറന്നിട്ടുണ്ടാകില്ല. കൈ കൂപ്പി പ്രാര്‍ത്ഥിക്കുന്ന ഒരു മുത്തശ്ശിയുടെ മുഖം. ഏതായാലും മുംബൈയുടെ ആരാധികയായ ആ മുത്തശ്ശിയുടെ പ്രാര്‍ത്ഥന പോലെത്തന്നെ കാര്യങ്ങള്‍ അവസാനിച്ചു. മുംബൈ ഇന്ത്യന്‍സ് ഒരൊറ്റ റണ്ണിന് വിജയിച്ച് ഐ.പി.എല്‍ ചാമ്പ്യന്‍മാരായി.

ഐ.എസ്.എല്‍ നടക്കുമ്പോള്‍ കൊച്ചിയിലേക്ക് ആ മുത്തശ്ശിയെ കൊണ്ടുവരുമോ എന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് കപ്പ് നേടാനുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഫൈനലിന് ശേഷം നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ആ പ്രാര്‍ത്ഥിക്കുന്ന മുത്തശ്ശി ആരാണെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 

മുംബൈയുടെ വിജയത്തിന് പിന്നിലെ ഭാഗ്യനക്ഷത്രമാണ് ആ മുത്തശ്ശിയെന്ന് ട്വീറ്റ് ചെയ്ത ജൂനിയര്‍ ബച്ചന്‍ അവര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥ നിത അംബാനിയുടെ അമ്മയാണെന്നും ട്വീറ്റില്‍ പറയുന്നു. പൂര്‍ണിമാബെന്‍ ദലാല്‍ എന്നാണ് അവരുടെ പേരെങ്കിലും നാനി എന്നാണ് എല്ലാവരും നിതയുടെ അമ്മയെ വിളിക്കാറുള്ളതെന്നും അഭിഷേക് ബച്ചന്‍ ട്വീറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.