കേപ്ടൗണ്‍: വിരമിക്കല്‍ പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. 

വിരമിക്കല്‍ പിന്‍വലിക്കുന്നില്ലെന്ന് ഡിവില്ലിയേഴ്‌സ് തങ്ങളെ അറിയിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. താരവുമായി നടത്തിയ ചര്‍ച്ചയിലാണ് താരുമാനമുണ്ടായതെന്നും ബോര്‍ഡ് വ്യക്തമാക്കി. 

വെസ്റ്റിന്‍ഡീസിനും അയര്‍ലന്‍ഡിനുമെതിരേ നടക്കാനിരിക്കുന്ന പരമ്പരകള്‍ക്കായി ടീമുകളെ പ്രഖ്യാപിക്കുന്നതിനു മുമ്പാണ് ബോര്‍ഡ് ഡിവില്ലിയേഴ്‌സുമായി ചര്‍ച്ച നടത്തിയത്. ഇതിനു പിന്നാലെ പരമ്പരകള്‍ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. 

ജൂണ്‍ 10 മുതല്‍ വെസ്റ്റിന്‍ഡീസിനെതിരേ ആരംഭിക്കുന്ന പരമ്പരയില്‍ രണ്ടു ടെസ്റ്റുകളും അഞ്ച് ട്വന്റി 20-യും ഉള്‍പ്പെടുന്നു. ജൂലായ് 11 മുതല്‍ അയര്‍ലന്‍ഡിനെതിരേ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20-യുമാണ് ഉള്ളത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലൂടെ എബിഡി മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നാക്കം പോകുകയായിരുന്നു.

2018-ല്‍ കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

Content Highlights: AB de Villiers will not be coming out of retirement Cricket South Africa confirmed