ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വംശീയതയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം.

2015-ലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ക്യാപ്റ്റനായിരുന്ന എ ബി ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കിയെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഈ സംഭവത്തെ കുറിച്ച് അക്കാലത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) പ്രസിഡന്റായിരുന്ന നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പരിക്കേറ്റ ജെ.പി ഡുമിനിക്ക് പകരം പരമ്പരയ്ക്കിടെ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയായിരുന്നു ടീമിലെത്തേണ്ടിയിരുന്നത്. മുംബൈയില്‍ നടക്കാനിരുന്ന അഞ്ചാം ഏകദിനത്തിന്റെ തലേദിവസത്തെ ടീം ഷീറ്റില്‍ സോന്‍ഡോയുടെ പേരുണ്ടായിരുന്നു. താരത്തിന്റെ അരങ്ങേറ്റ മത്സരമാകേണ്ടിയിരുന്ന കളിയായിരുന്നു അത്. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരം ടീമില്‍ നിന്ന് പുറത്തായി. ഈ നടപടി അനീതിയും സി.എസ്.എയുടെ സെലക്ഷന്‍ പോളിസിക്ക് വിരുദ്ധവുമാണെന്നാണ് നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിന്നീട് ഡുമിനിക്ക് പകരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നെത്തിയ ഡീന്‍ എല്‍ഗാറാണ് ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ കളിച്ചത്. അതിനു മുമ്പ് വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് എല്‍ഗാര്‍ കളിച്ചത്. അതിനു ശേഷം നടന്ന 70 ഏകദിനങ്ങളില്‍ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതു പോലുമില്ല.

ആ സംഭവത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് 2018-ലാണ് പിന്നീട് ഖായ സോന്‍ഡോയ്ക്ക് അരങ്ങേറ്റ മത്സരം ലഭിച്ചത്. 2015-ലെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും ആ പരമ്പര മുഴുവന്‍ ടീമിന് പുറത്തിരിക്കാനായിരുന്നു സോന്‍ഡോയുടെ വിധി. 

2015-ലെ ഈ പരമ്പരയ്ക്കു പിന്നാലെ ടീമിലെ കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ ഉള്‍പ്പെടുന്ന 'ബ്ലാക്ക് പ്ലെയേഴ്‌സ് യൂണിറ്റി' എന്ന ഗ്രൂപ്പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു. വര്‍ഗ മാനദണ്ഡമനുസരിച്ചുള്ള സംവരണ തീരുമാനപ്രകാരം കറുത്തവര്‍ഗക്കാരെ ടീമിലെടുക്കുന്നുണ്ടെങ്കിലും അവരെ വെള്ളം ചുമക്കുന്നവരായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എന്നായിരുന്നു സോന്‍ഡോയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കത്തില്‍ പറഞ്ഞിരുന്നത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ആഷ്‌വെല്‍ പ്രിന്‍സും പിന്നീട് ഈ സംഭവത്തോട് പ്രതികരിച്ചിരുന്നു. 2015 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കറുത്ത വര്‍ഗക്കാരനായ വെര്‍നോണ്‍ ഫിലാന്‍ഡറെ കളിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് തന്റെ ആത്മകഥയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മത്സരത്തില്‍ കൈല്‍ ആബട്ടിനെ കളിപ്പിക്കാനായിരുന്നു ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്‌സ് താത്പര്യപ്പെട്ടത്. എന്നാല്‍ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് ഫിലാന്‍ഡറെ ടീമിലെടുക്കേണ്ടി വരികയായിരുന്നു.

Content Highlights: AB de Villiers threatened to walk out if Khaya Zondo was selected, claims report