ജൊഹാനസ്ബര്‍ഗ്: ദേശീയ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ എ ബി ഡിവില്ലിയേഴ്‌സ് അടക്കമുള്ള താരങ്ങള്‍ മടങ്ങിവരവിന് സന്നദ്ധരാണെന്ന് അറിയിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍.

ട്വന്റി 20 ലോകകപ്പിനു മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും ഐ.പി.എല്ലിനു ശേഷമുള്ള ശ്രീലങ്കന്‍ പരമ്പരയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ ഡിവില്ലിയേഴ്‌സ് അടക്കമുള്ള താരങ്ങള്‍ അതിനുളള സന്നദ്ധത അറിയിക്കണമെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ ജൂണ്‍ ഒന്നിന് മുമ്പായി ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ അടക്കമുള്ള താരങ്ങള്‍ സെലക്ഷന് തയ്യാറെടുക്കണം. ഇവര്‍ക്ക് ഐ.പി.എല്ലിനു ശേഷം മറ്റ് മത്സരങ്ങളൊന്നുമില്ലെന്നും കോച്ച് ചൂണ്ടിക്കാട്ടി.

ലോകകപ്പിനു മുമ്പ് ഈ താരങ്ങള്‍ക്ക് മത്സര പരിചയം ഉറപ്പാക്കേണ്ടതുള്ളതിനാലാണിത്. ഇതിനാല്‍ ജൂണില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയിലേക്ക് ഈ താരങ്ങളൈ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുക്കപ്പെടുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും ദേശീയ ടീമിലേക്ക് മടങ്ങിയെത്തണമെന്നുണ്ടെങ്കില്‍ താരങ്ങള്‍ ആദ്യം സെലക്ഷന് തയ്യാറാകുകയാണ് വേണ്ടതെന്നും ബൗച്ചര്‍ വ്യക്തമാക്കി.

2018-ലാണ് ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് 2019 ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അതിന് തയ്യാറായിരുന്നില്ല.

Content Highlights: AB de Villiers gets a deadline for international comeback from Mark Boucher