ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വിവിധ സീസണുകളില്‍ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യ വിദേശതാരം എന്ന റെക്കോഡ് സ്വന്തമാക്കി സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എ.ബി.ഡിവില്ലിയേഴ്‌സ്. 2021 സീസണില്‍ ബെംഗളൂരു താരത്തെ 11 കോടി മുടക്കി നിലനിര്‍ത്തിയതോടെയാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടം കൈവരിച്ചത്. 

ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, എം.സ്.ധോനി, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങള്‍ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ 11 കോടി രൂപ ലഭിക്കുന്നതോടെ താരത്തിന്റെ ആകെ ഐ.പി.എല്‍ സമ്പാദ്യം 102.5 കോടി രൂപയായി.

2018 മേയ് മാസത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും താരം ലീഗ് മത്സരങ്ങളില്‍ സജീവമാണ്. അവസാന സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി 454 റണ്‍സാണ് താരം നേടിയത്. ഐ.പി.എല്ലില്‍ ഇതുവരെ 169 മത്സരങ്ങളില്‍ നിന്നുമായി 4849 റണ്‍സ് നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ആദ്യം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന മിസ്റ്റര്‍ 360 2011-ലാണ് ബാംഗ്ലൂരിലെത്തുന്നത്.

Content Highlights: AB de Villiers first overseas player to top Rs. 100cr in salaries, courtesy new RCB contract