കേപ്ടൗണ്‍: ഒരിടവേളക്ക് ശേഷം ഡെയ്ല്‍ സ്‌റ്റെയ്‌നും എബി ഡിവില്ലിയേഴ്‌സും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി. സിംബാബ്‌വെക്കെതിരായ ചതുര്‍ദിന ടെസ്റ്റിനുള്ള ടീമിലാണ് ഇരുവരും ഇടംപിടിച്ചത്. ഡിസംബര്‍ 26 മുതല്‍ 29 വരെ പോര്‍ട്ട് എലിസബത്തിലെ സെയ്ന്റ് ജോര്‍ജ്ജ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

2016 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഡിവില്ലിയേഴ്‌സ് അവസാന ടെസ്റ്റ് കളിച്ചത്. ഒരു വര്‍ഷം മുമ്പ് പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിനിടെ തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു സ്റ്റെയ്ന്‍. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ ഫിലാന്‍ഡെറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

ചതുര്‍ദിനത്തിന് ശേഷം ഇന്ത്യക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര. അതിനു ശേഷം ഓസ്്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്ക പരമ്പര കളിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും മികച്ച ഫോമിലാണെന്നുള്ളതാണ് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുക. ഇരുപരമ്പരകളും ദക്ഷിണാഫ്രിക്കയിലാണ് നടക്കുക.