ഓവല്‍: ലങ്കന്‍ ബൗളരര്‍മാരെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ തലങ്ങും വിലങ്ങുമടിക്കുമ്പോള്‍ അങ്ങ് ഇംഗ്ലണ്ടില്‍ മറ്റൊരു വെടിക്കെട്ട് പ്രകടനം നടക്കുകയായിരുന്നു. നാറ്റ്‌വെസ്റ്റ് ടിട്വന്റി ബ്ലാസ്റ്റില്‍ ഓസീസ് താരം ആരോണ്‍ ഫിഞ്ചിന്റെ ബാറ്റില്‍ നിന്നായിരുന്നു ആ വിസ്‌ഫോടനം. 

64 പന്തില്‍ നിന്ന് 114 റണ്‍സ് അടിച്ചുകൂട്ടിയ ഫിഞ്ച് ഒരോവറില്‍ 30 റണ്‍സ് നേടുകയും ചെയ്തു. ഓവലില്‍  സസെക്‌സും സര്‍റേയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഫിഞ്ചിന്റെ റണ്‍സ്പൂരം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സര്‍റേയ്ക്ക് വണ്ടി ഓപ്പണര്‍മാരായ ജെസണ്‍ റോയും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 95 പന്തില്‍ 134 റണ്‍സ് അടിച്ചെടുത്തു. 

എന്നാല്‍ 18-ാം ഓവറിലാണ് മത്സരത്തിന്റെ ആവേശം ഇരട്ടിയായത്. ഓവര്‍ എറിയാനെത്തിയത് ഡേവിഡ് വെയ്‌സെ. ആദ്യത്തെ പന്തില്‍ ഫിഞ്ച് ഡബിളെടുത്തു. എന്നാല്‍ രണ്ടാം പന്ത് മിഡ് വിക്കറ്റിലൂടെ ഗാലറിയിലേക്ക്, അടുത്ത രണ്ടെണ്ണവും ലോങ് ഓഫിലേക്ക്. വീണ്ടും ഒരെണ്ണം സിക്‌സിലേക്ക്, അവസാനം മിഡ്ഓഫിലെ ബൗണ്ടറിയിലൂടെ ആ ഓവര്‍ അവസാനിച്ചു. നാലു സിക്‌സും ഒരു ഫോറും ഒരു ഡബ്‌ളും. 

ഇന്നിങ്‌സില്‍ ആകെ ഏഴു സിക്‌സാണ് ഫിഞ്ചിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന സര്‍റേ ടീം റെക്കോഡിനൊപ്പമെത്താനും ഫിഞ്ചിന് കഴിഞ്ഞു, ഇതിന് മുമ്പ് സര്‍റേയ്ക്ക് വേണ്ടി  മാര്‍ക് രാംപ്രകാശ് ഒരിന്നിങ്‌സില്‍ ഏഴ് സിക്‌സ് നേടിയിരുന്നു.

പുറത്താവാതെ 114 റണ്‍സ് നേടിയ ഫിഞ്ചിന്റെ മികവില്‍ സര്‍റേ സസെക്‌സിന് മുന്നില്‍ 193 റണ്‍സാണ് വിജലക്ഷ്യം വെച്ചത്. എന്നാല്‍ ഗരെത് ബാറ്റിയുടെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന സസെക്‌സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞൂള്ളു. സര്‍റേയുടെ ക്യാപ്റ്റനായ ബാറ്റി നാല് വിക്കറ്റ് വീഴ്ത്തി.