ഹരാരെ: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സ്വന്തം റെക്കോഡ് മറികടന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. സിംബാവെയ്‌ക്കെതിരേ 76 പന്തില്‍ നിന്ന് 172 റണ്ണടിച്ചെടുത്താണ് ഫിഞ്ച് റെക്കോര്‍ഡ് തിരുത്തിയത്. 2013-ല്‍ ഇംഗ്ലണ്ടിനെതിരെ ഫിഞ്ച് നേടിയ 153 റണ്ണായിരുന്നു ഇതുവരെയുള്ള ടി-20 യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 

സിംബാവെയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് പുതിയ റെക്കോഡ്. 16 ഫോറുകളും 10 സിക്‌സറുകളുമടങ്ങിയതായിരുന്നു സിംബാവെയ്‌ക്കെതിരെയുള്ള ഫിഞ്ചിന്റെ ഇന്നിങ്‌സ്. ഹിറ്റ് വിക്കറ്റിലൂടെയാണ് റെക്കോഡ് സ്‌കോര്‍ കണ്ടെത്തിയതിന് ശേഷം ഫിഞ്ച് പുറത്തായത്. മത്സരത്തില്‍ ഓസ്‌ട്രേലിയ 100 റൺസിന് ജയിച്ചു. ടോസ് നേടിയ സിംബാവെ ഓസീസിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 229 എടുത്തപ്പോള്‍ സിംബാവെയുടെ മറുപടി ബാറ്റിങ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129-ല്‍ ഒതുങ്ങി. 

ഫിഞ്ചിനെ കൂടാതെ 42 പന്തില്‍ നിന്ന് 46 എടുത്ത ഡി ആര്‍സി ഷോട്ടാണ് പുറത്തായ മറ്റൊരു ഓസീസ് ബാറ്റ്‌സ്മാന്‍. രണ്ടു വിക്കറ്റുകളും പേസ് ബൗളര്‍ ബ്ലെസിംഗ് മുസറബാനിക്കാണ്. റണ്ണൊന്നും എടുക്കാതെ മാക്‌സ്വെല്ലും ഒരു റണ്ണെടുത്ത മാര്‍കസ് ടോണിസും പുറത്താകാതെ നിന്നു. ടെണ്ടായി കിസോരൊ ഒഴികെയുള്ള എല്ലാ സിംബാവന്‍ ബൗളര്‍മാരും ഫിഞ്ചിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.

ഓപ്പണര്‍ സോളമന്‍ മിറെയ്ക്ക് മാത്രമാണ് സിംബാവെയുടെ ബാറ്റിങ് നിരയില്‍ ചെറുത്ത്‌നില്‍പ്പ് നടത്താനായത്. സിംബാവെയും ഓസ്‌ട്രേലിയയും കൂടാതെ പാകിസ്താനാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റൊരുടീം.

Content Highlights: Aaron Finch Breaks Own Record As Australia Create T20I History