ഇസ്ലാമാബാദ്: 1999 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിന്റെ തിരഞ്ഞെടുപ്പില്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ പാക് ക്യാപ്റ്റന്‍ ആമിര്‍ സൊഹൈല്‍. ലോകകപ്പില്‍ ഷാഹിദ് അഫ്രീദിയെ ഓപ്പണറായി ഇറക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ അഫ്രീദിക്ക് അന്ന് അറിയില്ലായിരുന്നുവെന്നും സൊഹൈല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അഫ്രീദിക്ക് പകരം മുഹമ്മദ് യൂസഫിനെ ഓപ്പണറാക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1996-1998 കാലഘട്ടത്തില്‍ പാകിസ്താനെ ആറു ടെസ്റ്റിലും 22 ഏകദിനങ്ങളിലും നയിച്ചത് സൊഹൈലായിരുന്നു.

''ലോകകപ്പില്‍ നമുക്ക് ന്യൂ ബോള്‍ കളിക്കാനും ക്രീസില്‍ തുടരാനും സാധിക്കുന്ന സ്ഥിരം ഓപ്പണര്‍മാരെ വേണമെന്നുള്ള കാര്യം 1998-ല്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ സെലക്ടര്‍മാരുമൊത്ത് തീരുമാനിച്ചതാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ തിരഞ്ഞെടുത്തത് ഷാഹിദ് അഫ്രീദിയെയായിരുന്നു. ബൗണ്‍സ് കുറഞ്ഞ ഫ്‌ളാറ്റ് വിക്കറ്റുകളില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് എതിര്‍ നിരയെ പ്രതിരോധത്തിലാക്കാനുള്ള കഴിവ് അവനുണ്ട്. എന്നാല്‍ അതല്ലാത്ത സാഹചര്യങ്ങളില്‍ അഫ്രീദിയുടെ തിരഞ്ഞെടുപ്പ് ഒരു ചൂതാട്ടമാണ്. അദ്ദേഹത്തിന് ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. വസീം അക്രത്തിന് പകരം ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഉറപ്പായും അഫ്രീദിക്ക് പകരം ഞാന്‍ മുഹമ്മദ് യൂസഫിനെയായിരുന്നിരിക്കും തിരഞ്ഞെടുക്കുക.'' - സൊഹൈല്‍ പറഞ്ഞു.

സൊഹൈല്‍ പറഞ്ഞ പോലെ തന്നെ 1999 ലോകകപ്പില്‍ അഫ്രീദി ഒരു ഫ്‌ളോപ്പായിരുന്നു. ലോകകപ്പിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 13.28 എന്ന ശരാശരിയില്‍ വെറും 93 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായിരുന്നത്. 

1999 ലോകകപ്പിന്റെ ഫൈനലിലെത്തിയെങ്കിലും ടൂര്‍ണമെന്റിലുടനീളം ഒരു ലോക്കല്‍ ടീമിനെ പോലെയാണ് പാകിസ്താന്‍ കളിച്ചതെന്നും സൊഹൈല്‍ പറഞ്ഞു.

''എന്നെ സംബന്ധിച്ച് ലോകകപ്പ് ഫൈനലിലെ നമ്മുടെ തോല്‍വിക്ക് രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് നമ്മുടെ ടീം കോമ്പിനേഷന്‍ ശരിയായിരുന്നില്ല. മറ്റൊന്ന് ലണ്ടനില്‍ മഴ പെയ്തിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ടോസ് ജയിച്ചപ്പോള്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതും.'' - സൊഹൈല്‍ ചൂണ്ടിക്കാട്ടി.

1999 ജൂണ്‍ 20-ന് ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ പാകിസ്താന്‍ 132 റണ്‍സിന് ഓള്‍ഔട്ടായി. 20.1 ഓവറില്‍ വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്ന ഓസീസ് കിരീടമുയര്‍ത്തുകയും ചെയ്തു.

Content Highlights: Aamer Sohail slams Pakistan’s 1999 World Cup selection