ഇസ്ലാമാബാദ്: 1996-ൽ ഷാർജയിൽ നടന്ന മത്സരത്തിനിടെ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു പാക് താരം ആമിർ സുഹൈലിന് നേർക്ക് ബാറ്റും ഓങ്ങി നടന്നടുത്ത സംഭവം കുപ്രസിദ്ധമാണ്. അന്നത്തെ ആ വഴക്കിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആമിർ സുഹൈൽ. അന്ന് പാക് ടീമിന്റെ ക്യാപ്റ്റനായിരുന്നു ആമിർ. സിദ്ദു ബാറ്റ് തല്ലാനോങ്ങിയതല്ലെന്നും സിദ്ദുവിനെ അസഭ്യം പറഞ്ഞ വഖാർ യൂനുസിനെ നിയന്ത്രിക്കാൻ തന്നോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ആമിർ സുഹൈൽ പറയുന്നു.

2015-ൽ ഒരു വാർത്താ ചാനലിൽ നടന്ന ചർച്ചയിൽ ഈ സംഭവം വിശദീകരിക്കുന്നതിനിടെ താനും സിദ്ദുവും ഉടക്കിയിരുന്നെന്നും ആമിർ പറയുന്നു. ഇപ്പോൾ ഒരു കോമഡി ഷോയിലും സിദ്ദു ഈ സംഭവം വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചത്. തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സിദ്ദു അവതരിപ്പിക്കുന്നത്. അതു തിരുത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടാണ് താൻ ഇപ്പോൾ ആ സംഭവത്തെ കുറിച്ച് തുറന്നുപറയുന്നതെന്നും ആമിർ വ്യക്തമാക്കുന്നു.

'അന്ന് ഇന്ത്യയുടെ ഇന്നിങ്സിനിടെ സിദ്ദു ബാറ്റു ചെയ്യുകയാണ്. ഒരു ഓവറിന്റെ മധ്യത്തിൽ അദ്ദേഹം ക്രുദ്ധനായി എന്റെ അടുത്തേക്ക് നടന്നടുത്തു. എന്നിട്ട് എന്നോട് പറഞ്ഞു 'നിങ്ങളുടെ ഫാസ്റ്റ് ബൗളറോട് മര്യാദയ്ക്ക് പെരുമാറാൻ പറയൂ'. വഖാർ യൂനുസായിരുന്നു ആ ബൗളർ. വഖാർ പറയുന്നത് കാര്യമായി എടുക്കേണ്ടെന്നും പേസ് ബൗളർമാർ ഇത്തരത്തിൽ ബാറ്റ്സ്മാൻമാരെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുമെന്നും ഞാൻ സിദ്ദുവിന് മറുപടി നൽകി. 'പ്രകോപിക്കാൻ എന്തു പറഞ്ഞാലും കുഴപ്പമില്ല, പക്ഷേ അസഭ്യം പറയരുത്' ഇതായിരുന്നു സിദ്ദു എനിക്ക് അപ്പോൾ നൽകിയ മറുപടി.

മത്സരം കഴിഞ്ഞ് വഖാറിനോട് സംസാരിക്കാമെന്നും തൽക്കാലം പോയി ബാറ്റു ചെയ്യൂ എന്നും പറഞ്ഞ് ഞാൻ സിദ്ദുവിനെ തണുപ്പിച്ചു. ഇതാണ് അന്ന് സംഭവിച്ചത്. പക്ഷേ അദ്ദേഹം എന്തുകൊണ്ടാണ് വ്യത്യസ്തമായ വിശദീകരണവുമായി രംഗത്തുവരുന്നതെന്ന് അറിയില്ല. ഞാൻ പറഞ്ഞ ഈ സംഭവമാണ് സത്യം', ആമിർ സുഹൈൽ വ്യക്തമാക്കുന്നു.

Content Highlights: Aamer Sohail opens up on on field argument with Navjot Singh Sidhu during 1996 Sharjah match