ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സൗരവ് ഗാംഗുലിയെ പുറത്താക്കാന്‍ മുന്‍ ഓസ്‌ട്രേലിയന്‍ കോച്ച് ജോണ്‍ ബുക്കാനന്‍ ശ്രമിച്ചിരുന്നുവെന്ന് ആകാശ് ചോപ്ര. 

2008-ല്‍ ഐ.പി.എല്ലിന്റെ പ്രഥമ സീസണില്‍ കൊല്‍ക്കത്ത താരമായിരുന്നു മുന്‍ ഇന്ത്യന്‍ താരം കൂടിയായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കമന്റേറ്റര്‍ കൂടിയായ ചോപ്ര ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ഗാംഗുലി നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായപ്പോള്‍ ജോണ്‍ ബുക്കാനനായിരുന്നു പരിശീലകന്‍. റിക്കി പോണ്ടിങ്ങും അന്ന് ടീമിന്റെ ഭാഗമായിരുന്നു. തുടക്കത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്തോറും ഇരുവരും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരുന്നു. 

2003-ല്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകന്‍ ബുക്കാനനായിരുന്നു. ഗാംഗുലിയുടെയും ബുക്കാനന്റെയും ശൈലികള്‍ വ്യത്യസ്തമായിരുന്നുവെന്നും ഇത് പിന്നീട് അഭിപ്രായവ്യത്യാസങ്ങളിലേക്ക് നയിക്കുകയായിരുന്നുവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ഇതിനിടെ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ബുക്കാനന്‍ ശ്രമിച്ചു. ആദ്യ സീസണില്‍ പക്ഷേ അത് നടന്നില്ല. 2009-ലെ രണ്ടാം സീസണില്‍ ടീമില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കണമെന്ന ബുക്കാനന്റെ നിര്‍ദേശവും ഫലം കണ്ടില്ല. 2009-ല്‍ ഗംഗുലി - ബുക്കാനനന്‍ പ്രശ്‌നം അതിന്റെ പാരമ്യത്തിലെത്തി. ഒടുവില്‍ അത് സംഭവിച്ചു. രണ്ടാം സീസണില്‍ ഗാംഗുലിക്ക് പകരം ബ്രെണ്ടന്‍ മക്കല്ലം ക്യാപ്റ്റന്‍ സാഥാനത്തെത്തി. എന്നാല്‍ ഗാംഗുലിക്ക് കീഴില്‍ ആദ്യ സീസണില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊല്‍ക്കത്ത രണ്ടാം സീസണില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണു. ഇതോടെ ബുക്കാനനെ പുറത്താക്കിയെന്നും ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തിയെന്നും ചോപ്ര വ്യക്തമാക്കി.

Content Highlights: Aakash Chopra has revealed coach John Buchanan wanted to remove Ganguly as KKR captain