ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ഇടംനേടി. അടുത്തമാസം ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശ് രണ്ടു ടെസ്റ്റും മൂന്നു ട്വന്റി 20-യും കളിക്കും.
ട്വന്റി 20-യില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മ ടീമിനെ നയിക്കും. ടെസ്റ്റില്‍ കോലി നയിക്കും. മുംബൈ ഓള്‍റൗണ്ടര്‍ ശിവം ദുബെ ട്വന്റി 20 ടീമിലെത്തിയപ്പോള്‍ എം.എസ്. ധോനിയെ പരിഗണിച്ചില്ല. ടെസ്റ്റ് ടീമില്‍ കുല്‍ദീപ് യാദവ് തിരിച്ചെത്തിയപ്പോള്‍ ഷഹബാസ് നദീമിന് ഇടമില്ലാതായി.
തിരുവനന്തപുരം സ്വദേശിയായ സഞ്ജു വി. സാംസണ്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലെത്തുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു 2015-ല്‍ സിംബാബ്വെക്കെതിരേ ട്വന്റി 20-യില്‍ കളിച്ചിരുന്നു. പിന്നീട് അവസരം കിട്ടിയില്ല.
ഈയിടെ വിജയ് സഹാരെ ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരേ 212 റണ്‍സുമായി പുറത്താകാതെനിന്നു. കഴിഞ്ഞമാസം ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ 48 പന്തില്‍ 91 റണ്‍സടിച്ചു.
ട്വന്റി 20 ടീമില്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തുണ്ട്. റിസര്‍വ് വിക്കറ്റ് കീപ്പര്‍ എന്നനിലയ്ക്കാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായും സഞ്ജുവിനെ പരിഗണിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് പറഞ്ഞു.
ട്വന്റി 20: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, ശിവം ദുബെ, ശാര്‍ദൂല്‍ ഠാക്കൂര്‍.
ടെസ്റ്റ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്.
Content Highlights: A well-earned recall for Sanju Samson