ന്യൂഡല്‍ഹി: പ്രസിദ്ധമായ ലഗാന്‍ എന്ന ചിത്രത്തിലെ 'ചലേ ചലോ...' എന്ന് തുടങ്ങുന്ന ഗാനം താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോനിക്ക് സമര്‍പ്പിക്കുന്നതായി ഓസ്‌കാര്‍ ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ.ആര്‍. റഹ്‌മാന്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ ക്രിക്കറ്റ് ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.  അതേസമയം, രംഗീല എന്ന ചിത്രത്തിലെ 'മാംഗ്താ ഹേ ക്യാ...' എന്ന ഗാനം സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയ്ക്കും സമര്‍പ്പിക്കുന്നതായി റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

''ലഗാന്‍ എന്ന ചിത്രത്തിലെ ചലേ ചലോ... എന്ന ഗാനം സി.എസ്.കെ. താരം എം.എസ് ധോനിക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, ആളുകളെ ഒരുമിച്ചു ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിക്കുന്നതാണത്. ഇനി സുരേഷ് റെയ്‌നയ്ക്ക് മാംഗ്താ ഹേ ക്യാ എന്ന ഗാനം സമര്‍പ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ ബാംഗ്ലൂരില്‍ പോകുമ്പോഴെല്ലാം അവര്‍ മിക്കവാറും രംഗീലയിലെ പാട്ടുകള്‍ കേള്‍ക്കുകയായിരിക്കും.''  റഹ്‌മാന്‍ പറഞ്ഞു. 

അശുതോഷ് ഗോവാരികറിന്റെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രമാണ് ലഗാന്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍. റഹ്‌മാനായിരുന്നു. 

മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലഗാന്‍ വിവിധ ചലച്ചിത്ര മേളകളിലും പുരസ്‌കാരം നേടിയിട്ടുണ്ട്.

Content Highlights: A R Rahman dedicates song from Lagaan to M S Dhoni