ചെന്നൈ: 2019 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന്റെ തലേദിവസം ഒരു പാകിസ്താന്‍ ആരാധകന്‍ ഇന്ത്യന്‍ ടീം അംഗങ്ങളെ അധിക്ഷേപിച്ചതായി ഇന്ത്യന്‍ താരം വിജയ് ശങ്കര്‍.

ജൂണ്‍ 16-ന് മാഞ്ചെസ്റ്ററിലായിരുന്നു ഇന്ത്യ - പാകിസ്താന്‍ ലോകകപ്പ് മത്സരം. ''ആ മത്സരത്തിന് ഒരു ദിവസം മുമ്പ് ഞാന്‍ ടീമിലുണ്ടാകുമെന്ന് അവര്‍ പറഞ്ഞിരുന്നു. മത്സരത്തിന്റെ തലേദിവസം ഞങ്ങള്‍ കുറച്ചുപേര്‍ കാപ്പി കുടിക്കാനായി പുറത്തു പോയി. ഈ സമയം അവിടെ ഒരു പാക് ആരാധകന്‍ എത്തുകയും ഞങ്ങളോട് മോശമായി പെരുമാറുകയുമായിരുന്നു. മാത്രമല്ല അയാളിതെല്ലാം റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു. പറയുന്നത് കേട്ടുനില്‍ക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.'' - ഭാരത് ആര്‍മിയുടെ പോഡ്കാസ്റ്റില്‍ ശങ്കര്‍ പറഞ്ഞു.

ഇന്ത്യ - പാക് മത്സരത്തിലെ തന്റെ ആദ്യത്തെ അനുഭവം ഇതായിരുന്നുവെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മത്സരത്തില്‍ ശങ്കറിന് നല്ല തുടക്കമായിരുന്നു ലഭിച്ചത്. 15 റണ്‍സുമായി പുറത്താകാതെ നിന്ന താരം ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തി ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Content Highlights: A Pakistan fan abused us Vijay Shankar recalls absurd scene ahead of World Cup match