Photo: ANI
വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് ഹര്ഭജന് സിങ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാള്‍ കളം വിടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് ജയിച്ച ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ സ്വന്തമാക്കിയ ഹര്ഭജന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചെങ്കിലും അദ്ദേഹം ബാക്കി വെച്ച ചില അപൂര്‍വമായ റെക്കോഡുകളുണ്ട്. അത്ര പെട്ടെന്ന് ആര്‍ക്കും തകര്‍ക്കാനാവാത്ത ചില റെക്കോഡുകള്‍. അവയില്‍ ചിലത് പരിചയപ്പെടാം.
ഹാട്രിക്കിലൂടെ ചരിത്രം കുറിച്ചു
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഹാട്രിക്ക് നേടിയ താരം എന്ന റെക്കോഡിനുടമയാണ് ഹര്ഭജന് സിങ്. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ 2001-ലാണ് ഹര്ഭജന് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന് വോണ്‍ എന്നീ താരങ്ങളെ മടക്കിയാണ് ഹര്ഭജന് കൊടുങ്കാറ്റായത്. വി.വി.എസ് ലക്ഷ്മണിന്റെ വീരോചിതമായ 281 റണ്‍സിന്റെ ഇന്നിങ്സും ഈ ടെസ്റ്റിലാണ് പിറന്നത്.
ട്വന്റി 20 യിലെ വിക്കറ്റ് മെയ്ഡന്‍
ബാറ്റര്‍മാരുടെ മാത്രം മത്സരമെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി 20 ക്രിക്കറ്റില്‍ വിലപ്പെട്ട റെക്കോഡ് സ്വന്തമാക്കിയ താരമാണ് ഹര്ഭജന്. ട്വന്റി 20 ക്രിക്കറ്റില്‍ രണ്ട് തവണ വിക്കറ്റ് മെയ്ഡന്‍ ഓവര്‍ ചെയ്ത താരമാണ് ഹര്ഭജന്. റണ്‍മഴ പിറക്കുന്ന ട്വന്റി 20 യില്‍ റണ്‍സ് വഴങ്ങാതെ വിക്കറ്റ് വീഴ്ത്തുക എന്നതുതന്നെ വലിയ കാര്യമാണ്. അത് രണ്ട് തവണ സ്വന്തമാക്കിയാല്‍ അത്ഭുതം എന്ന ഒറ്റ വാക്കിനാലേ ആ പ്രകടനം വിശേഷിപ്പിക്കാനാകൂ. 2012 ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് ഹര്ഭജന് രണ്ട് മെയ്ഡന്‍ വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഹര്ജന് നാല് വിക്കറ്റുകള്‍ നേടി.
ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം മെയ്ഡന്‍ ഓവറുകള്‍ ചെയ്ത രണ്ടാമത്തെ താരമാണ് ഹര്ഭജന്(അഞ്ചുതവണ). എട്ടുതവണ മെയ്ഡന്‍ ചെയ്ത ജസ്പ്രീത് ബുംറയാണ് പട്ടികയില്‍ ഒന്നാമത്.
400 വിക്കറ്റിന്റെ നിറവ്
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഓഫ് സ്പിന്നര്‍ എന്ന റെക്കോഡ് ഹര്ഭജന് സിങ്ങിന്റെ പേരിലാണുള്ളത്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിനിടെയാണ് താരം ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച ഹര്ഭജന് 417 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ താരമാണ് ഹര്ഭജന്.
ഐ.പി.എല്ലിലും കേമന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐ.പി.എല്ലിലും ഹര്ഭജന് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഹര്ഭജന്. 163 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകളാണ് താരം നേടിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കൊപ്പം ഐ.പി.എല്‍ കിരീടം നേടാനും താരത്തിന് സാധിച്ചു.
Content Highlights: A look at some major records held by Harbhajan Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..