ലണ്ടന്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നിലയുറപ്പിച്ച് ഇംഗ്ലണ്ട് മുന്നേറുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 46 റണ്‍സുമായി അലെസ്റ്റയര്‍ കുക്കും 29 റണ്‍സുമായി നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനിപ്പോള്‍ 154 റണ്‍സ് ലീഡായി.
ഓപ്പണര്‍ ജെന്നിങ്‌സ്, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ 292 റണ്‍സിനു പുറത്തായിരുന്നു. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നാം ദിനം തിളങ്ങിയത് പുതുമുഖം ഹനുമ വിഹാരിയും രവീന്ദ്ര ജഡേജയുമായിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി കുറിച്ച ഹനുമ വിഹാരി 124 പന്തുകള്‍ ക്ഷമയോടെ നേരിട്ട് 56 റണ്‍സെടുത്തു. ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ രവീന്ദ്ര ജഡേജയാണ് പിന്നീട് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയത്. 156 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്സുമടക്കം 86 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. ടെസ്റ്റിലെ ജഡേജയുടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. ഇരുവരും ഏഴാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
വിഹാരിക്കു പിന്നാലെ ഇഷാന്തും ഷമിയും മടങ്ങി. ഒടുവില്‍ പത്താം വിക്കറ്റില്‍ ബുംറയെ ഒരറ്റത്തു സാക്ഷിനിര്‍ത്തി ആക്രമിച്ചു കളിച്ച ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 292-ല്‍ എത്തിച്ചത്. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
Content Highlights: 5th test day 3 at the oval