മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പുറത്തുനിന്നും ഭക്ഷണം കഴിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. 

രോഹിത് ശര്‍മ, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവരാണ് ഐസൊലേഷനില്‍ പ്രവേശിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്. പുതുവത്സരദിവസം മെല്‍ബണിലെ ഒരു ഹോട്ടലിലിരുന്ന് താരങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ രംഗം ട്വീറ്ററിലൂടെ വൈറലായിരുന്നു. ഒരു ആരാധകനാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

എന്നാല്‍ ഈ ചിത്രങ്ങള്‍ വലിയ വിവാദത്തിനാണ് വഴിവെച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് താരങ്ങള്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത് എന്ന് ചില ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ബി.സി.സി.ഐ രംഗത്തെത്തി.

പക്ഷേ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് താരങ്ങളോട് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. യാത്ര ചെയ്യുമ്പോഴും പരിശീലനത്തിലേര്‍പ്പെടുമ്പോഴും മറ്റും ഈ താരങ്ങള്‍ മറ്റു സഹകളിക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. 

സംഭവത്തെക്കുറിച്ച് ബി.സി.സി.ഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Content Highlights: 5 Indian players put in isolation as precautionary measure post outing