ഓക്​ലൻഡ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ വിജയിച്ച് പരമ്പര തൂത്തുവാരി ആതിഥേയരായ ന്യൂസീലന്‍ഡ്. മഴമൂലം പത്ത് ഓവറായി ചുരുക്കിയ മത്സരത്തില്‍ ന്യൂസീലന്‍ഡ് ബംഗ്ലാദേശിനെ 65 റണ്‍സിനാണ് തകര്‍ത്തത്. സ്‌കോര്‍ ന്യൂസീലന്‍ഡ് 10 ഓവറില്‍ 141 ന് നാല്. ബംഗ്ലാദേശ് 9.3 ഓവറില്‍ 76 ന് ഓള്‍ ഔട്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഫിന്‍ അലനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും 5.4 ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അലന്‍ 29 പന്തുകളില്‍ നിന്നും പത്ത് ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെ 71 റണ്‍സെടുത്തു. ഗുപ്റ്റില്‍ 19 പന്തുകളില്‍ നിന്നും ഒരു ഫോറിന്റെയും അഞ്ച് സിക്‌സുകളുടെയും കരുത്തില്‍ 44 റണ്‍സെടുത്തു. ഇരുവരുടെയും ബാറ്റിങ് മികവില്‍ കിവീസ് നാലുവിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നാലെ ടീം 76 റണ്‍സിന് ഓള്‍ഔട്ടായി. 19 റണ്‍സെടുത്ത മുഹമ്മദ് നയീം മാത്രമാണ് ബംഗ്ലാനിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. കിവീസിനായി ടോഡ് ആസില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ടിം സൗത്തി മൂന്നു വിക്കറ്റ് നേടി.

ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര കിവീസ് 3-0 ന് സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ തന്നെ ഫിന്‍ അലന്‍ മത്സരത്തിലെ താരമായും ഗ്ലെന്‍ ഫിലിപ്‌സ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: 3rd T20I Finn Allen's record-breaking T20I fifty sees NZ complete clean sweep over Bangladesh