ന്യൂഡല്‍ഹി: ഏപ്രിലില്‍ ആരംഭിക്കുന്ന 2021 ഐ.പി.എല്ലില്‍ ഇന്ത്യന്‍ നായകനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനുമായ വിരാട് കോലിയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡുകള്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത കോലി ഈ മൂന്നുറെക്കോഡുകളും സ്വന്തമാക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ആദ്യത്തെ റെക്കോഡ് ഐ.പി.എല്ലില്‍ ആദ്യമായി 6000 റണ്‍സ് നേടുന്ന താരം എന്നതാണ്. ഈ സീസണില്‍ വെറും 122 റണ്‍സെടുത്താല്‍ കോലിയുടെ ഐ.പി.എല്‍ റണ്‍സ് സമ്പാദ്യം 6000 കടക്കും. ഈ സീസണില്‍ കോലി ഈ നേട്ടത്തിലെത്തുമെന്നുറപ്പാണ്. കോലിയ്ക്ക് പിന്നാലെ ഈ നേട്ടം ലക്ഷ്യം വെയ്ക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയാണ്. 193 മത്സരങ്ങളില്‍ നിന്നും 5368 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം.

രണ്ടാമതായി കോലി ലക്ഷ്യം വെയ്ക്കുന്നത് ട്വന്റി 20 മത്സരങ്ങളില്‍ നിന്നുമായി 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ്. ഐ.പി.എല്ലും അന്താരാഷ്ട്ര മത്സരങ്ങളുടമടക്കം 304 മത്സരങ്ങളിലാണ് കോലി കളിച്ചത്. ഇതില്‍ നിന്നും 9731 റണ്‍സ് താരം നേടിയിട്ടുണ്ട്. ഇനി വെറും 269 റണ്‍സ് കൂടി നേടിയാല്‍ ട്വന്റി 20യില്‍ 10000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് കോലിയ്ക്ക് സ്വന്തമാക്കാം. മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത് ശര്‍മയ്ക്ക് 9065 റണ്‍സുണ്ട്.

ലോകത്തിലാദ്യമായി 10000 റണ്‍സ് ട്വന്റി 20യില്‍ മറികടന്ന താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ്. നിലവില്‍ 13720 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. 

കോലി ലക്ഷ്യം വെയ്ക്കുന്ന മൂന്നാം റെക്കോഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ബന്ധപ്പെട്ടതാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ആദ്യമായി 200 മത്സരങ്ങള്‍ തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് കോലി ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ കോലി ആര്‍.സി.ബിയുടെ കുപ്പായത്തില്‍ 192 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Content Highlights: 3 huge milestones RCB captain Virat Kohli can achieve in IPL 2021