Photo: AP
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ ബുധനാഴ്ച 168 റണ്‍സിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ അതിനൊപ്പം ഒരുപിടി റെക്കോഡുകളും സ്വന്തമാക്കി. നാട്ടില്‍ തുടര്‍ച്ചയായ 25 ക്രിക്കറ്റ് പരമ്പരകളില്‍ തോല്‍വിയറിയാതെ മുന്നേറി ടീം ലോകറെക്കോഡ് നേടി. 2019-ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടശേഷം ഇന്ത്യ എല്ലാ ഫോര്‍മാറ്റുകളിലുമായി തുടര്‍ച്ചയായ 25 പരമ്പരകളാണ് തോല്‍വിയറിയാതെ കളിച്ചത്. അന്ന് 2-3 ന് പരമ്പര കൈവിട്ടിരുന്നു.
നാട്ടില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റില്‍ 50-ാം വിജയം കുറിച്ച ഇന്ത്യ നാട്ടില്‍ ഇത്രയും ജയം നേടുന്ന ആദ്യ ടീമായി. ന്യൂസീലന്‍ഡ് (42 വിജയം), ദക്ഷിണാഫ്രിക്ക (37) ഓസ്ട്രേലിയ (36) എന്നിവരാണ് ഇന്ത്യയ്ക്ക് പിറകില്‍.
ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത് (168 റണ്‍സ് ജയം). രണ്ടു പ്രമുഖ ടീമുകള്‍ കളിച്ച മത്സരത്തില്‍ ഏറ്റവും മികച്ച ജയവും ഇതുതന്നെ. വെസ്റ്റിന്‍ഡീസിനെതിരേ പാകിസ്താന്‍ നേടിയ 143 റണ്‍സിന്റെ ജയമാണ് ഇന്ത്യ മറികടന്നത്.
ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 2010 ഡിസംബറില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ പാകിസ്താനെതിരേ 103 റണ്‍സിന് തോറ്റതായിരുന്നു ഇതുവരെ അവരുടെ ഏറ്റവും വലിയ തോല്‍വി.
ന്യൂസീലന്‍ഡിനെതിരേ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടോട്ടലാണ് നാലുവിക്കറ്റ് നഷ്ടത്തില്‍ 234 എന്നത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും. ഓസ്ട്രേലിയക്കെതിരേ 2018-ല്‍ നേടിയ 245 ആണ് ഏറ്റവും വലിയത്. ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന്റെ ഏറ്റവും ചെറിയ ടോട്ടലാണ് ബുധനാഴ്ച അവര്‍ കുറിച്ച 66.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാം താരമായി ശുഭ്മാന്‍ ഗില്‍ (23 വര്‍ഷം 146 ദിവസം). നേരത്തെ 2014-ല്‍ പാകിസ്താന്റെ അഹമ്മദ് ഷെഹ്സാദ് (22 വര്‍ഷം 127 ദിവസം) ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
Content Highlights: 25 series unbeaten at home Team India of records
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..