ദുബായ്: പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടുന്നതോടെ അടിമുടി മാറ്റത്തിനാണ് ഐ.പി.എല്‍ 15-ാം സീസണ്‍ ഒരുങ്ങുന്നത്. 

ചെന്നൈ, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, രാജസ്ഥാന്‍, പഞ്ചാബ്, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കൊപ്പം ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ കൂടി 2022 സീസണില്‍ കളിക്കും. 

ലേലത്തില്‍ തിളങ്ങി സി.വി.സി ക്യാപ്പിറ്റലും ആര്‍.പി.എസ്.ജിയും

കഴിഞ്ഞ ദിവസമാണ് ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങള്‍ ആസ്ഥാനമാക്കി പുതിയ രണ്ട് ടീമുകള്‍ക്ക് ഐ.പി.എല്‍ ഭരണ സമിതി അംഗീകാരം നല്‍കിയത്. 

യു.എ.ഇയില്‍ നടന്ന ലേലത്തില്‍ 7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന 'ആര്‍.പി.എസ്.ജി ഗ്രൂപ്പ്' ലഖ്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി. 

സ്വകാര്യ ഇക്വിറ്റി ഫേം ആയ 'സി.വി.സി ക്യാപ്പിറ്റല്‍' അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കി. 5166 കോടി രൂപ മുടക്കിയാണ് സി.വി.സി അഹമ്മദാബാദ് ടീമിന്റെ ഉടമകളായത്.

ലേലത്തില്‍ പങ്കെടുക്കാനായി 22 കമ്പനികളാണ് അപേക്ഷ നല്‍കിയിരുന്നത്. അതില്‍ അഞ്ചു കമ്പനികളാണ് അവസാന റൗണ്ടിലെത്തിയത്. 2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില. വമ്പന്‍മാരായ അദാനി ഗ്രൂപ്പ്, ടോറന്റ് ഗ്രൂപ്പ്, റിതി സ്പോര്‍ട്സ്, ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ ലാന്‍സര്‍ ഗ്രൂപ്പ് (ഗ്ലേസര്‍ കുടുംബം) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സി.വി.സിയും ആര്‍.പി.എസ്.ജിയും ലേലത്തില്‍ ടീമുകളെ സ്വന്തമാക്കിയത്.

രണ്ട് ഗ്രൂപ്പ്, 74 കളികള്‍

അടുത്ത സീസണില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടെ മത്സരക്രമത്തിലും മാറ്റങ്ങളുണ്ട്. അടുത്ത സീസണില്‍ ഐ.പി.എല്ലില്‍ 74 മത്സരങ്ങളുണ്ടാകുമെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഫൈനലടക്കം 60 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഇതോടെ 2011-ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയും പുണെ വാരിയേഴ്‌സ് ഇന്ത്യയും ഉള്‍പ്പെടെ 10 ടീമുകളായപ്പോഴുള്ള ഫോര്‍മാറ്റിലേക്ക് ടൂര്‍ണമെന്റ് മാറും.

10 ടീമുകളെ അഞ്ചു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയാണ് ആദ്യപടി. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ അതത് ഗ്രൂപ്പിലെ ബാക്കി നാല് ടീമുകളുമായി ഹോം, എവേ മത്സരങ്ങള്‍ കളിക്കും. എന്നാല്‍ ഇതിനായി ഗ്രൂപ്പുകള്‍ തിരിച്ചുള്ള പോയന്റ് ടേബിള്‍ ആയിരിക്കില്ല ഉണ്ടാകുക, മറിച്ച് ഏകീകരിച്ചു ഒരൊറ്റ പോയന്റ് ടേബിള്‍ ആയിരിക്കും. 

ഇതിനൊപ്പം ഓരോ ടീമും അടുത്ത ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ തവണ വീതം മത്സരിക്കും. ഇവ ഹോം, എവേ മാച്ചുകളില്‍ ഏതായിരിക്കുമെന്ന് നറുക്കെടുപ്പിലൂടെയാകും തീരുമാനിക്കുക. ശേഷിക്കുന്ന ഒരു ടീമുമായി ഹോം മാച്ചും എവേ മാച്ചും കളിക്കും. ഗ്രൂപ്പുകള്‍ തിരിക്കുന്നതും ഒരു ഗ്രൂപ്പിലെ ടീം അടുത്ത ഗ്രൂപ്പിലെ ടീമുകളുമായി ഓരോ തവണ കളിക്കേണ്ട മത്സരങ്ങളും രണ്ടു തവണ കളിക്കേണ്ട മത്സരവുമെല്ലാം നറുക്കെടുപ്പിലൂടെയാകും തീരുമാനിക്കുക. ഇത്തരത്തില്‍ ഓരോ ടീമും 14 മത്സരങ്ങള്‍ വീതമാകും കളിക്കുക. ഓരോ ടീമിനും ഏഴു വീതം ഹോം - എവേ മത്സരങ്ങളുണ്ടാകും.

അവസാനം എട്ടിലേറെ ടീമുകളുമായി ഐ.പി.എല്‍ നടന്നത് 2013-ലായിരുന്നു. ഒമ്പത് ടീമുകള്‍ മത്സരിച്ച ആ സീസണില്‍ 76 മത്സരങ്ങളാണ് ഉണ്ടായിരുന്നത്.

നിലനിര്‍ത്താവുന്നത് നാല് താരങ്ങളെ

അടുത്ത സീസണിലെ മെഗാ താരലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസികള്‍ക്കും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം ഐ.പി.എല്‍ ഭരണസമിതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും നാലു താരങ്ങളെ ഒരു ഫ്രാഞ്ചൈസിക്ക് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണറിയുന്നത്. ഇവയില്‍ ആഭ്യന്തര-വിദേശ താരങ്ങളുടെ എണ്ണം എങ്ങനെയായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. 

പുതുതായെത്തിയ രണ്ട് ടീമുകള്‍ക്ക് ഡ്രാഫ്റ്റ് സംവിധാനം വഴി മറ്റു ടീമുകളിലുള്ള താരങ്ങളുടെ എണ്ണത്തിനനുസരിച്ച് കളിക്കാരെ സ്വന്തമാക്കാന്‍ സാധിക്കും. ഇതേ സംവിധാനമാണ് 2016-ല്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും ടൂര്‍ണമെന്റിന്റെ ഭാഗമായപ്പോള്‍ ഉപയോഗിച്ചത്.

Content Highlights: 2022 ipl season will include 74 matches the changes you want to know