ലോര്‍ഡ്‌സ്: ക്രിക്കറ്റിലെ സഹോദരങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ പറയാനായി ധാരാളം പേരുകളുണ്ട്. സ്റ്റീവ് വോ-മാര്‍ക്ക് വോ, ബ്രെറ്റ് ലീ-ഷെയ്ന്‍ ലീ, ഇന്ത്യയുടെ ഇര്‍ഫാന്‍-യൂസഫ്, ആന്‍ഡി ഫ്‌ളവര്‍-ഗ്രാന്റ് ഫ്‌ളവര്‍, ഷോണ്‍ മാര്‍ഷ്-മിച്ചല്‍ മാര്‍ഷ്, ഉമര്‍ അക്മല്‍-കമ്രാന്‍ അക്മല്‍, ആല്‍ബി മോര്‍ക്കല്‍-മോര്‍ണി മോര്‍ക്കല്‍ എന്നിങ്ങനെ ആ പട്ടിക നീളും.

എന്നാല്‍ ഇവര്‍ക്കൊന്നും സ്വന്തമാക്കാനാകാത്ത ഒരു അത്യപൂര്‍വ റെക്കോര്‍ഡിന് ഉടമകളായ സഹോദരങ്ങളുണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍. ഓസിസിന്റെ ഇയാന്‍ ചാപ്പല്‍-ഗ്രെഗ് ചാപ്പല്‍ സഹോദരങ്ങള്‍. ഒരേ ടെസ്റ്റ് ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന ആദ്യ സഹോദരങ്ങള്‍ എന്ന റെക്കോര്‍ഡ് ഇവരുടെ പേരിലാണ്. ഓവലിലെ അവരുടെ ആ ചരിത്ര ഇന്നിങ്‌സുകള്‍ക്ക് ഇന്ന് 46 വയസ് തികയുകയാണ്.

1972-ലെ ആഷസ് പരമ്പരയില്‍ ഓഗസ്റ്റ് 10 മുതല്‍ 16 വരെ നടന്ന അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് ചാപ്പല്‍ സഹോദരങ്ങള്‍ ഈ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഓഗസ്റ്റ് 12-നായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം. ഓസിസിന്റെ ആദ്യ ഇന്നിങ്‌സിലാണ് ഇരുവരും സെഞ്ചുറി നേടിയത്.

ഇയാന്‍ ചാപ്പല്‍ 20 ബൗണ്ടറികളോടെ 118 റണ്‍സെടുത്തപ്പോള്‍ 17 ബൗണ്ടറികളോടെ ഗ്രെഗ് ചാപ്പല്‍ 113 റണ്‍സെടുത്തു. ചാപ്പല്‍ സഹോദരങ്ങളുടെ ഇന്നിങ്‌സോടെ ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ഓസ്‌ട്രേലിയ മത്സരം വിജയിച്ച് പരമ്പര സമനിലയിലെത്തിക്കുകയും ചെയ്തു.

ക്രിക്കറ്റ് ലോകത്ത് 1970-കളിലെ ഓസിസ് ആധിപത്യത്തിന് തുടക്കം കുറിച്ച മത്സരം എന്ന നിലയില്‍ കൂടിയാണ് ഈ മത്സരം ഓര്‍മ്മിക്കപ്പെടുന്നത്. ഇയാന്‍ ചാപ്പല്‍ ഓസിസിനായി 75 ടെസ്റ്റുകളില്‍ നിന്ന് 42.42 ശരാശരിയില്‍ 5345 റണ്‍സ് നേടിയ താരമാണ്. 14 സെഞ്ചുറികളും അദ്ദേഹം ഓസിസിനായി നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരമെന്നറിയപ്പെടുന്ന ഗ്രെഗ് ചാപ്പല്‍ 87 ടെസ്റ്റുകളില്‍ അവര്‍ക്കായി കളിച്ചിട്ടുണ്ട്. 53.86 റണ്‍സ് ശരാശരിയില്‍ 7110 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 24 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 

12th august 1972 chappell brothers make history at the oval

റെക്കോര്‍ഡുകള്‍ ശീലമാക്കിയ ചാപ്പല്‍ സഹോദരങ്ങള്‍

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളാണ് ചാപ്പല്‍ സഹോദരങ്ങള്‍. റെക്കോര്‍ഡുകള്‍ തങ്ങളുടെ പേരിലാക്കുന്നത് പലപ്പോഴും ഇവരുടെ ശീലമായിരുന്നു. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുകയെന്ന ക്രിക്കറ്റിലെ തന്നെ അത്യപൂര്‍വ റെക്കോര്‍ഡും ചാപ്പല്‍ സഹോദരങ്ങളുടെ പേരിലാണ്. അതിലൊന്ന് ഇരട്ട സെഞ്ചുറിയും. 

1974-ലെ ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്നു ഈ അത്യപൂര്‍വ പ്രകടനം. വെല്ലിങ്ടണില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇരുവരും രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി കണ്ടെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസിസിനായി ഇയാന്‍ ചാപ്പല്‍ 268 പന്തുകളില്‍ നിന്ന് 145 റണ്‍സെടുത്തു. ഒരു സിക്‌സും 17 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇയാന്‍ സെഞ്ചുറിയടിച്ചപ്പോള്‍ ഗ്രെഗ് ഇരട്ട സെഞ്ചുറി നേടി. 356 പന്തുകളില്‍ നിന്ന് 247 റണ്‍സെടുത്ത ഗ്രെഗ് ചാപ്പല്‍ പുറത്താകാതെ നിന്നു. ഒരു സിക്‌സും 30 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ചാപ്പല്‍ സഹോദരങ്ങളുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഓസിസ് 6/511 ന് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സിലും വെല്ലിങ്ടണില്‍ ചാപ്പല്‍ സഹോദരങ്ങള്‍ നിറഞ്ഞാടി. ഇയാന്‍ ചാപ്പല്‍ 121 ഉം ഗ്രെഗ് 133 ഉം റണ്‍സെടുത്തപ്പോള്‍ നാലാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിങ്ങിനു മുന്‍പേ തന്നെ മത്സരം സമനിലയായി.

Content Highlights: 12th august 1972, chappell brothers make history, Ian Chappell, greg Chappell