കിങ്‌സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരേ ഇന്നിങ്‌സില്‍ 12 ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റ് ചെയ്‌തെന്ന അപൂര്‍വതയ്ക്ക് സാക്ഷിയായി ഇന്ത്യ -വെസ്റ്റിൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. 

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ടീമിലാണ് 12 ബാറ്റ്‌സ്മാന്‍മാര്‍ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ബാറ്റു ചെയ്തത്. പരിക്കേറ്റ് പുറത്തുപോയ വിന്‍ഡീസ് താരം ഡാരന്‍ ബ്രാവോയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് ഇറങ്ങിയതോടെയാണ് ഈ അപൂര്‍വത സംഭവിച്ചത്.

ഞായറാഴ്ച ബാറ്റിങ്ങിനിടെ അവസാന ഓവര്‍ എറിഞ്ഞ ബുംറയുടെ ഷോര്‍ട്ട്‌ബോള്‍ ഡാരന്‍ ബ്രാവോയുടെ തലയിലിടിച്ചിരുന്നു. തിങ്കളാഴ്ച ബാറ്റിങ്ങിനിറങ്ങിയ ബ്രാവോ, കളി തുടങ്ങി മൂന്ന് ഓവര്‍ ആയപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെട്ട ബ്രാവോ വൈദ്യസംഘത്തിന്റെ നിര്‍ദേശപ്രകാരം റിട്ടയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് ഇറങ്ങിയത്. ഇതോടെ വിന്‍ഡീസിനായി രണ്ടാം ഇന്നിങ്‌സില്‍ 12 പേര്‍ ബാറ്റു ചെയ്തു. 38 റണ്‍സെടുത്ത ബ്ലാക്ക്‌വുഡ് ബ്രൂക്ക്‌സിനൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

12 batsmen bat in the same innings of a Test

ടെസ്റ്റില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങുന്ന രണ്ടാമത്തെ മാത്രം താരമാണ് ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്. ആഷസ് ടെസ്റ്റിനിടെ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് കഴുത്തിന് പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരം ബാറ്റിങ്ങിനിറങ്ങിയ മാര്‍നസ് ലബുഷെയ്‌നായിരുന്നു ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്.

ഇതുവരെ ക്രിക്കറ്റിലുണ്ടായിരുന്ന പകരക്കാരനില്‍ നിന്ന് വ്യത്യസ്തമായി പകരക്കാരന് ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുമെന്നാതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകത. 

അതേസമയം വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

Content Highlights: 12 batsmen bat in the same innings of a Test