കാന്‍ബറ: ഒടുവില്‍ 2020 കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഏകദിന സെഞ്ചുറി പോലുമില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു വര്‍ഷം കടന്നുപോകുന്നു. 

2009-ല്‍ ശ്രീലങ്കയ്‌ക്കെതിരേ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി നേടിയ ശേഷം ഇതാദ്യമായാണ് ഒരു ഏകദിന സെഞ്ചുറി പോലുമില്ലാതെ കോലി കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കുന്നത്.

ഓസീസിനെതിരായ മൂന്നാം ഏകദിനം ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാനത്തെ ഏകദിനമായിരുന്നു. മത്സരത്തില്‍ 78 പന്തുകള്‍ നേരിട്ട കോലി അഞ്ചു ഫോറുകളടക്കം 63 റണ്‍സെടുത്ത് പുറത്തായി.

43 ഏകദിന സെഞ്ചുറികളുടെ പെരുമയുള്ള കോലി മറക്കാനാഗ്രഹിക്കുന്ന വര്‍ഷം കൂടിയായിരിക്കും ഇത്. കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ന്ന മിന്നുന്ന ഫോം ഈ വര്‍ഷം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2017, 18, 19 വര്‍ഷങ്ങളിലായി 17 ഏകദിന സെഞ്ചുറികളാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്. ഈ വര്‍ഷം കോവിഡ് മഹാമാരി കാരണം ഒമ്പത് ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് കളിക്കാനായത്. ഇതും കോലിക്ക് തിരിച്ചടിയായി.

അതേസമയം ക്യാപ്റ്റനെന്ന നിലയിലും ഇത് കോലിക്ക് മോശം സമയമാണ്. കോലിയുടെ കീഴില്‍ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. കിവീസിനെതിരേ മൂന്നും ഓസീസിനെതിരേ രണ്ടും.

Content Highlights: 11 year streak ends Virat Kohli finishes without ODI hundred in 2020