സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അതിവേഗത്തില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഷമി കരിയറിലെ വിക്കറ്റ് നേട്ടം 200 ആയി ഉയര്‍ത്തിയത്. 

ഇന്ത്യയ്ക്ക് വേണ്ടി അതിവേഗത്തില്‍ 200 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബൗളര്‍ എന്ന റെക്കോഡ് ഷമി സ്വന്തമാക്കി. ഒപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റും വീഴ്ത്തി. 

ഈ നേട്ടം പിതാവിനുവേണ്ടി സമര്‍പ്പിക്കുന്നുവെന്ന് ഷമി പറഞ്ഞു. 2017-ലാണ് ഷമിയുടെ പിതാവ് അന്തരിച്ചത്. ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ പരസ് മഹംബ്രേയുമായുള്ള അഭിമുഖത്തിനിടെയാണ് ഷമി ഇക്കാര്യം അറിയിച്ചത്. 

'നേട്ടത്തില്‍ ഒരുപാട് അഭിമാനിക്കുന്നു. ഈ നേട്ടം ഞാന്‍ എന്റെ പിതാവിനായി സമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. ഞാന്‍ നേടുന്ന എല്ലാ നേട്ടങ്ങളും അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്'- ഷമി പറഞ്ഞു. 

ആദ്യ ഇന്നിങ്‌സില്‍  10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് ഷമി 5 വിക്കറ്റ് വീഴ്ത്തിയത്. ഷമിയുടെ മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിങ്‌സില്‍ വെറും 197 റണ്‍സിന് ഓള്‍ ഔട്ടാക്കി. 

Content Highlights: 'It Was For My Father' Mohammed Shami On Emotional Celebration For 200th Test Wicket