ന്യൂസീലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം രസകരമായൊരു സംഭവമുണ്ടായി. ശ്രീലങ്കയുടെ ലിസിത് എംബുല്‍ഡെനിയ എറിഞ്ഞ എണ്‍പത്തിരണ്ടാം ഓവറിലായിരുന്നു അത്. പന്ത് സ്വീപ്പ് ചെയ്യാനായിരുന്നു ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ ട്രെന്റ് ബോള്‍ട്ടിന്റെ ശ്രമം. എന്നാല്‍, അത് വിജയിച്ചില്ല. പന്ത് ടോപ് എഡ്ജ് ചെയ്ത് നേരെ ചെന്നത് ഹെല്‍മിന്റെ ഗ്രില്ലിലേയ്ക്ക്. ശക്തിയില്‍ വന്നിടിച്ച പന്ത് ഹെല്‍മറ്റിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയി.

ഷോട്ട് പാഴായിപ്പോയ ബോള്‍ട്ടിന് കുറച്ചു നേരം പന്ത് എവിടെപ്പോയെന്ന് മനസ്സിലായില്ല. ലങ്കന്‍ താരങ്ങളില്‍ ചിരി പടര്‍ത്തുന്നതായിരുന്നു ഈ നിമിഷം. പിന്നീട് പന്ത് ഹെല്‍മറ്റില്‍ നിന്ന് പുറത്തെടുത്ത് ബോള്‍ട്ടിന് പരിക്കൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് കളി തുടര്‍ന്നത്.

അപൂര്‍വവും രസകരവുമായ ഈ നിമിഷം ക്രിക്കറ്റ് ആരാധകരുമായി പങ്കുവയ്ക്കാന്‍ ഐ.സി.സി.യും അമാന്തിച്ചില്ല. കോട്ട് ആന്‍ഡ് ബോള്‍ട്ട് എന്ന കുറിപ്പോടെയാണ് ഐ.സി.സി. ഈ ചിത്രം ട്വീറ്റ് ചെയ്തത്.

ട്രോള്‍മഴയ്ക്കാണ് ഈ ചിത്രം വഴിവച്ചത്. ഹേ, ബോള്‍ട്ട് നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അത് ആപ്പിളല്ല, ക്രിക്കറ്റ് ബോളാണ്. തിന്നരുത് എന്നായിരുന്നു ഒരു കമന്റ്. കൈകളില്ലെങ്കിലും ബോള്‍ട്ടിന് പന്ത് പിടിക്കാന്‍ ഇഷ്ടമാണെന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: ‘Caught and Boult’: Trent Boult hits ball into his helmet grill In NewZealand Sri Lanka Test