മൊഹാലി: ഫാസ്റ്റ് ബൗളര്‍മാരായ ട്രെന്റ് ബോള്‍ട്ടിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 റണ്‍സ് ജയം. വിജയത്തിനായി 151 റണ്‍ തേടിയിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ 130 റണ്‍സിലൊതുക്കി. തോല്‍വിയോടെ പഞ്ചാബ് ഏഴ് മത്സരങ്ങളില്‍ നാല് പോയന്റുമായി ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനത്താണ്. സ്‌കോര്‍: ഹൈദരാബാദ്- 150/6 (20); പഞ്ചാബ്- 130/9 (20).

തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഹൈദരാബാദ് കിങ്‌സ് ഇലവനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. നാലോവറില്‍ 19 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും 23 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറുമാണ് ഹൈദരാബാദ് നിരയില്‍ മികച്ചു നിന്നത്. പ്രവീണ്‍ കുമാര്‍, കരണ്‍ ശര്‍മ, ഹെന്റിക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

33 പന്തില്‍ 42 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജോര്‍ജ് ബെയ്‌ലി (22), അക്‌സര്‍ പട്ടേല്‍ (17), ഡേവിഡ് മില്ലര്‍ (15), മുരളി വിജയ് (12) എന്നിവരാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേരത്തേ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ (41 പന്തില്‍ 58) അര്‍ധസെഞ്ച്വറിയാണ് കരുത്തായത്. ഹെന്റിക്‌സ് (30), നമാന്‍ ഓജ (28), ആശിശ് റെഡ്ഢി (22) എന്നിവരും ഹൈദരാബാദ് സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി.