ന്യൂഡല്‍ഹി: ടെസ്റ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനെ കണ്ടെത്തുക ദുഷ്‌കരമാണെന്ന് നിലവിലെ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. ധോനി ടീമിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ സംഭാവനകളാണ് നല്‍കിയതെന്നും കോലി പറഞ്ഞു. അതേസമയം ധോനിക്ക് പകരം വിക്കറ്റ് കീപ്പറാകാന്‍ അനുയോജ്യന്‍ വൃദ്ധിമാന്‍ സാഹയാണെന്നും കോലി വ്യക്തമാക്കി.

പാര്‍ഥിവ് പട്ടേല്‍, ദിനേശ് കാര്‍ത്തിക്, സഞ്ജു സാംസണ്‍ തുടങ്ങിയ പ്രതിഭാധനരായ നിരവധി വിക്കറ്റ് കീപ്പര്‍മാര്‍ നമുക്കുണ്ട്. എന്നാല്‍ ധോനി ഇല്ലാത്തപ്പോള്‍ പലപ്പോഴും ടീം ഇന്ത്യ കീപ്പറായിട്ടുള്ള സാഹ ലോകനിരവാരത്തിലുള്ള കീപ്പറാണ്. മുപ്പതുകാരനായ സാഹയ്ക്ക് അടുത്ത 5-6 വര്‍ഷം കൂടി മികച്ച രീതിയില്‍ കളിക്കാനാകും- കോലി വിശദമാക്കുന്നു.

ടീമിന്റെ നായകസ്ഥാനം താന്‍ ആസ്വദിക്കുന്നതായും കോലി പറഞ്ഞു. നായകനാകുന്നത് ടീമിലെ ഒരു കളിക്കാരനായിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണെന്നും ഓരോ കളിക്കാരനും ടീമില്‍ അവരുടേതായ റോളുണ്ടെന്നും ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനായതില്‍ കൂടുതല്‍ സമ്മര്‍ദ്ദമില്ലെന്നും ടീമിനെ നയിക്കാനുള്ള പാഠങ്ങള്‍ പഠിച്ചുവരികയാണെന്നും കോലി വെളിപ്പെടുത്തി.