Image Courtesy: Getty Images
റയല്‍ മഡ്രിഡ് കളിക്കുമ്പോള്‍ ടച്ച് ലൈനില്‍ നില്ക്കുന്ന സിനദിന്‍ സിദാനെ ശ്രദ്ധിച്ചിട്ടുണ്ടോ, കളിയുടെ വേവലാതികള്‍ ഉളള പരിശീലകനേക്കാള്‍ ടാര്‍ജറ്റ് നേടിയെടുക്കാന്‍ വെമ്പുന്ന ഒരു കോര്‍പ്പറേറ്റ് മാനേജറുടെ മനോനിലയാകും ആ മുഖത്ത് കാണുന്നത്. ഫുട്ബോള്‍ ഒരു കോര്‍പ്പറേറ്റ് ലോകമാകുമ്പോള്‍ അതിലെ വമ്പന്‍ കമ്പനിയുടെ വലിയ മാനേജറാണ് സിദാന്. തന്ത്രങ്ങളേക്കാള്‍ മാന്‍ മാനേജ്മെന്റ് വിദഗ്ധന്‍.
നാല് സീസണും 209 മത്സരങ്ങളും കൊണ്ട് 118 വര്‍ഷത്തെ സമ്പന്നമായ ഭൂതകാലമുളള റയല്‍ മഡ്രിഡിന്റെ ഏറ്റവും മികച്ച പരിശീലകനെന്ന പദവിയിലേക്കാണ് കളിക്കളത്തിലെ മാസ്റ്റര്‍ മൈന്‍ഡായ സിദാന് കയറിപോകുന്നത്. അതും കഴിഞ്ഞ സീസണില്‍ പൊട്ടിപ്പൊളിഞ്ഞ് കിടന്ന ടീമിനെ പൊടിതട്ടിയെടുത്ത സിദാന് മാജിക് കൊണ്ട്.
റയലിന്റെ കിരീടമുറിയില് ഇതുവരെ 92 കപ്പുകളുണ്ട്. അതില്‍ ആറെണ്ണത്തില്‍ കളിക്കാരനായ സിദാന്റെ കൈയ്യൊപ്പുണ്ട്. എന്നാല്‍ 2016-17 സീസണില്‍ ആദ്യമായി ഒരു ക്ലബ്ബിന്റെ മുഖ്യപരിശീലകനായി റയല്‍ മഡ്രിഡിലേക്കെത്തിയ സിദാന്റെ അക്കൗണ്ടില്‍ 11 കിരീടങ്ങളുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക്കും രണ്ട് ലാ ലിഗ കപ്പുകളും ഇതില്‍ ഉള്‍പ്പെടും. കിരീടങ്ങളുടെ കണക്കില്‍ 14 എണ്ണമുള്ള മിഗ്വല്‍ മുനോസ് മാത്രമാണ് മുന്നില്‍.

കളിക്കളം സിദാന് ചതുരംഗത്തട്ട് പോലെയായിരുന്നു. പന്ത് സ്വീകരിക്കുമ്പോഴേക്കും അതിനെ എതിര് ഗോള്‍മുഖത്തേക്ക് അയക്കാനുള്ള നീക്കങ്ങള്‍ മനസില്‍ ഒന്നായി, രണ്ടായി നാലായി അങ്ങനെ പെരുക്കിയെടുക്കുന്ന ജീനിയസ്. തലകൊണ്ട് മാത്രം കളിച്ച ബോള്‍ പ്ലെയര്‍. കോര്‍പ്പറേറ്റ് ഫുട്ബോളിന്റെ കളിക്കളത്തില്‍ സിദാന് വാണിജ്യ ആലോചനകളില്ലാത്ത വെറും കളിക്കാരന് മാത്രമായിരുന്നു. അത് കൊണ്ടാണ് അതിമനോഹരങ്ങളായ ഗോളുകളും നീക്കങ്ങളും സിദാനില്‍ നിന്നുണ്ടായത്. ഗണിത സൂത്രവാക്യങ്ങള്‍ പോലെയുള്ള കളി ഫ്രഞ്ച് താരം മെനഞ്ഞെടുത്തു. എതിരാളികള്‍ക്ക് ആലോചിക്കാന്‍ അവസരം കിട്ടുന്നതിന് മുമ്പ് പലതും സ്വന്തം വലയില്‍ കയറി. ഫ്രഞ്ച് ടീമിലും റയലിലും യുവെന്റസിലുമൊക്കെയായി കളിയാരാധകരിലേക്ക് സിദാന് രസം കയറ്റി.
റയലിന്റെ ഇതിഹാസമായതുകൊണ്ട് തന്നെയാണ് ക്ലബ്ബിന്റെ യൂത്ത് ടീമിന്റെ പരിശീലകനായി എത്തുന്നത്. റാഫേല്‍ ബെനിറ്റ്സ് പുറത്താക്കപ്പെട്ടപ്പോള്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീന പെരസ് രണ്ടാമതൊന്നാലോചിക്കാതെ സിദാനെ ചുമതലയേല്‍പ്പിച്ചതും കളി മുന്‍കൂട്ടി കാണുന്ന തലച്ചോര്‍ ഓര്‍ത്തുതന്നെയാണ്. എന്നാല്‍ കളിക്കളത്തിലെ സിദാനും പരിശീലകനായ സിദാനും വലിയ വ്യത്യസമുണ്ട്. വിജയങ്ങളില്‍ രണ്ട് കൈവഴികളിലൂടെ ഒഴുകിയെത്തുന്ന രണ്ട് സിദാന്‍മാര്‍.
ആധുനിക ഫുട്ബോള്‍ റയല്‍ മഡ്രിഡിനെ കോര്‍പ്പറേറ്റ് സംഘമായി വിശേഷിപ്പിക്കാം. പണമെറിഞ്ഞ് പണവും വിജയവും കൊയ്യുന്ന സംഘം. നക്ഷത്രകൂട്ടങ്ങളുമായി വിരാജിക്കുന്നവര്‍. അവിടെ കളിതന്ത്രങ്ങളേക്കാള് ടീമിന്റെ ഒത്തിണക്കത്തിനും വ്യക്തിഗത മികവുകളെ ഉപയോഗപ്പെടുത്തുന്നതിലുമാണെന്ന് ഗലാറ്റിക്കോസിലെ പ്രമുഖനായിരുന്ന സിദാന് നന്നായി അറിയാം. പരിശീലകന്റെ കോട്ടും സ്യൂട്ടും ധരിച്ചതോടെ കടലാസില്‍ കളിയൊരുക്കുന്നതിനേക്കാള് ടീമിന് വിജയം നേടിയെടുക്കുന്ന വിജയചേരുവകളില് മാത്രമാണ് നോട്ടമിട്ടത്.

സിദാന്റെ 11 കിരീടങ്ങളും 141 വിജയങ്ങളും തന്ത്രങ്ങളില്‍ നിന്നുണ്ടായതാണെന്ന് ഒരു ഫുട്ബോള്‍ പണ്ഡിതനും വിലയിരുത്തിയിട്ടില്ല. അതേ സമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായാലും സെര്‍ജിയോ റാമോസായാലും കരീം ബെന്സേമയായാലും കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞിടത്താണ് സിദാനെന്ന മാനേജറുടെ വിജയം. വിജയം കളിച്ചെടുക്കാന് ഒരോ കളിക്കും അയാളൊരു സംഘമുണ്ടാക്കി. എതിരാളികളുടെ ദൗര്‍ബല്യത്തേക്കാള്‍ ഏത് കമ്പോളത്തിലും തങ്ങളുടെ കളിയെന്ന ഉല്പന്നം വിറ്റഴിക്കാന്‍ കഴിയുന്ന സംഘമാണ് സൃഷ്ടിച്ചെടുത്തത്. അതിലെ നേട്ടങ്ങളാണ് കളിവിജയങ്ങളായും കിരീടനേട്ടങ്ങളായും എത്തിയത്.
സാന്റിയാഗോ സൊളാരിയെ പുറത്താക്കി സിദാനെ തിരിച്ചുവിളിക്കുമ്പോള്‍ പെരസിന് വിജയങ്ങള്‍ മാത്രമായിരുന്നു ആവശ്യം. ക്രിസ്റ്റ്യാനോ കൂടൊഴിഞ്ഞ റയല്‍ മഡ്രിഡിന് പഴയ സൂപ്പര്‍താര പെരുമയുണ്ടായിരുന്നില്ല. എന്നാല്‍ മൂപ്പിളമ തര്‍ക്കം ഉണ്ടായിരുന്നു താനും. ലീഗിലെ അവശേഷിച്ച മത്സരങ്ങളില്‍ നന്നായി കളിക്കാന്‍ കഴിയാതിരുന്നിട്ടും ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനോട് തോറ്റുപുറത്തായപ്പോഴും സിദാന് ചിന്തിച്ചത് ഭാവിയിലെ സാധ്യതകളെപ്പറ്റിയാണ്. പ്രീ സീസണില്‍ അത്ലറ്റിക്കോ മഡ്രിഡിനോട് തോറ്റത് ടെസ്റ്റ് ഡോസായി അയാള്‍ കണ്ടു. കമ്പോളത്തില്‍ ഒരു ഉല്‍പ്പന്നം പിടിച്ചുനില്ക്കണമെങ്കില് എതിരാളികളെക്കാള്‍ മികച്ച മറ്റൊരു ഗുണം വേണമെന്ന് ചിന്തിക്കുന്ന മാര്‍ക്കറ്റിങ് മാനേജറുടെ മനസായിരുന്നു സിദാന്.

30 വര്‍ഷത്തെ ഏറ്റവും മികച്ച റയല്‍ പ്രതിരോധമെന്ന് ഫുട്ബോള്‍ പണ്ഡിതര്‍ വിലയിരുത്തുന്ന ഒന്നിനെ പരിശീലകന് സൃഷ്ടിച്ചെടുത്തത് ആ തോല്‍വിയില്‍ നിന്നായിരുന്നു. സെര്‍ജിയോ റാമോസും റാഫേല്‍ വരാനും സെന്‍ട്രല്‍ ഡിഫന്‍സിലും മാഴ്സലോയും ഫെര്‍ലന്‍ഡ് മെന്‍ഡിയും ഡാനി കാര്വഹാലുമൊക്കെ വിങ്ങ് ബാക്കുകളായും കളിച്ച റയല്‍ പ്രതിരോധം സുശക്തമായിരുന്നു. ലീഗില്‍ ഏറ്റവും കുറച്ച് ഗോള്‍ വഴങ്ങിയ ടീം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസെമിറോയുടെ സേവനം കൂടി പ്രതിരോധത്തിന് ലഭിച്ചു. പ്രതിരോധം ശക്തിപ്പെടുത്തി, പന്ത് കൈവശം വെച്ച്, അത്യാഗ്രഹമില്ലാത്ത ആക്രമണ നയമാണ് സിദാന് രൂപപ്പെടുത്തിയത്. കരീം ബെന്‍സേമയെന്ന സ്ട്രൈക്കര്‍ക്ക് അമിതഭാരം നല്‍കാതെ നീക്കം. ഒരോ സമയം ആക്രമിച്ചു പ്രതിരോധിച്ചും ഒരു ടീമായി റയലിനെ സിദാന് മുന്നോട്ടുകൊണ്ടുപോയി. ടീമിലെ 21 പേര് ഗോളടിച്ചത് തന്നെ ഇതിന്റെ ഉദാഹരണം.
ടീമില്‍ ഇതിഹാസമെന്ന പരിവേഷം സിദാനുണ്ട്. കളിക്കാരുമായി നല്ല ബന്ധവും. വ്യക്തിഗതമികവിനെ ടീമിന് ഉപകാരപ്പെടുംവിധം വിനിയോഗിക്കുകയാണ് സിദാന് ചെയ്യുന്നത്. റയല്‍ പോലെയൊരു ക്ലബ്ബില്‍ തന്ത്രശാലികളെക്കാള് വിജയം മാന്‍ മാനേജ്മെന്റ് വിദഗ്ധര്ക്കാണെന്നുള്ള ചരിത്രം മുന്നിലുണ്ട്. ഹോസെ മൗറീന്യോയെ പോലെയുളളവര്‍ വലിയ വിജയമാകാത്തത്തതും വിസന്റെ ഡെല്‍ ബോസ്ക്, കാര്‍ലോ ആഞ്ചലോട്ടി എന്നിവര്‍ വിജയമാകുന്നതും ഉദാഹരണങ്ങളാണ്. റയലെന്ന ഫുട്ബോളിലെ കോര്‍പ്പറേറ്റ് ബോക്സിലെ തലയെടുപ്പുള്ള മാനേജറാണ് സിദാന്. കളിക്കളത്തിലെ അടിയൊഴുക്കുകള്‍ നന്നായി മനസിലാക്കിയ, ബദലുകള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളയാള്‍. വിജയചേരുവകള്‍ ഇനിയും ഒരുപാട് കൈയ്യിലുണ്ടാകും. അതുമായി ഒരോ ബ്രാന്‍ഡുകളിലേക്ക് റയലുമായി സിദാന് വരും.
Content Highlights: zinedine zidane the master mind from real madrid's corporate box
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..