cricket
ഓള്‍റൗണ്ടര്‍ എന്ന് ഒരു ക്രിക്കറ്ററെ വിശേഷിപ്പിച്ച് തുടങ്ങുന്നതെപ്പോഴാണ്? അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഓള്‍റൗണ്ടര്‍മാരായി തന്നെ ടീമിലേക്ക് എത്തുന്നവരുണ്ട്. മറ്റു ചിലരാവട്ടെ ബൗളര്‍മാരെന്ന നിലയില്‍ ടീമിലെത്തുകയും പതുക്കെ ബാറ്റിങ്ങിലും മികവ് പ്രകടപ്പിച്ച് തുടങ്ങുകയും കരിയരിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വെച്ച് ഓള്‍റൗണ്ടറായി അറിയപ്പെടുകയും ചെയ്യും. അവരെ നമ്മള്‍ ബൗളിങ് ഓള്‍റൗണ്ടര്‍ എന്നാണ് വിശേഷിപ്പിക്കാറ്. നേരെ മറിച്ചാണ് ബാറ്റിങ് ഓള്‍റൗണ്ടര്‍മാരുടെ കാര്യം. ബൗളിങ് ഓള്‍റൗണ്ടര്‍ക്ക് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഇന്ത്യന്‍ കളിക്കാരന്‍ രവിചന്ദ്രന്‍ അശ്വിനാണ്. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍ തെണ്ടുല്‍ക്കറെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ബാറ്റിങ് ഓള്‍റൗണ്ടര്‍ എന്നു വിശേഷിപ്പിക്കാം.
ചെന്നൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ കാഴ്ച്ചവെച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിചിന്തനത്തിന് പ്രേരിപ്പിക്കുന്നത്. ചേതന്‍ ശര്‍മയേയും മനോജ് പ്രഭാകറിനേയും അജിത്ത് അഗാര്‍ക്കറിനേയും അനില്‍ കുബ്ലെയേയുമെല്ലാം അതാത് കാലത്ത് നമ്മള്‍ ബൗളിങ് ഓള്‍ റൗണ്ടര്‍മാരെന്ന് വിളിച്ചിരുന്നു. എന്നാല്‍ അശ്വിന്‍ ഇപ്പോള്‍ നേടുന്ന റണ്ണുകളും അയാളുടെ ബാറ്റിങ് ശൈലിയും അയാളെ കുറേകൂടി ഉയര്‍ന്ന നിലയില്‍ പ്രതിഷ്ഠിക്കാനുള്ള പ്രേരണ നല്‍കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും മികച്ച അഞ്ച് ഓല്‍റൗണ്ടര്‍മാരില്‍ ഒരാളായി അശ്വിനെ വിലയിരുത്തുന്നത് പാതകമാവില്ല. വിനു മങ്കാദ്, കപില്‍ദേവ്, രവി ശാസ്ത്രി, രവീന്ദ്ര ജഡേജ എന്നിവരാണ് മനസ്സിലേക്ക് വരുന്ന മറ്റ് നാലു പേര്‍. 29 ടെസ്റ്റ് മാത്രം കളിച്ച ഇര്‍ഫാന്‍ പത്താനെ ഈ പട്ടികയില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കുന്നു. സച്ചിനെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രതിഭയോട് കാണിക്കുന്ന അനാദരവുമാവും.

ഒന്നാമന്‍ കപില്‍
ലോക ക്രിക്കറ്റ് ഇന്നേവരെ കണ്ടതില്‍ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ കപില്‍ദേവ് തന്നെയാണ് ഇന്ത്യയില്‍ ഒന്നാമന്‍. റണ്‍, വിക്കറ്റ് നേട്ടങ്ങള്‍ കൊണ്ടും കളിക്കുന്ന കാലത്ത് ഉണ്ടാക്കിയ സ്വാധീനത്താലും കപില്‍ മറ്റുള്ളവരേക്കാള്‍ ഏറെ ഉയര്‍ന്ന് നില്‍ക്കുന്നു. 131 ടെസ്റ്റ് മാച്ചുകള്‍ കളിച്ച കപില്‍ എട്ട് സെഞ്ച്വറിയും 27 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5248 റണ്‍സും 434 വിക്കറ്റും സ്വന്തമാക്കിയിരുന്നു. 23 തവണ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച കപില്‍ കുറച്ചു കാലം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന ലോക റെക്കോഡിനും ഉടമയായിരുന്നു. 1983-ല്‍ ഇന്ത്യക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെന്ന നിലയിലും ചരിത്രത്തില്‍ ഇടം പിടിച്ച കപില്‍ താരതമ്യങ്ങള്‍ക്ക് അതീതനാണ്.
മുമ്പേ നടന്ന മങ്കാദ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ ലക്ഷണമൊത്ത ഓള്‍ റൗണ്ടറെന്നതാണ് വിനു മങ്കാദിന്റെ പ്രസക്തി. ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്നു കാണുന്ന രീതിയിലുള്ള ജനപ്രിയതയും പരിവേഷവും ലഭിക്കുന്നതിന് എത്രയോ മുമ്പായിരുന്നു വിനു മങ്കാദ് ക്രിക്കറ്റ് കളിച്ചിരുന്നത്. 1946 മുതല്‍ 59 വരെ് ഇന്ത്യക്ക് വേണ്ടി 44 ടെസ്റ്റ് മാച്ചുകള്‍ അദ്ദേഹം കളിച്ചു. അഞ്ച് സെഞ്ച്വറിയും ആറ് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2109 റണ്‍സും 162 വിക്കറ്റുമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ മങ്കാദിന്റെ സമ്പദ്യം. അന്നത്തെ നിലയ്ക്ക് ഇത് വലിയ നേട്ടം തന്നെയായിരുന്നു. ടെസ്റ്റ് മല്‍സരങ്ങള്‍ തുലോം കുറവായിരുന്നു എന്നു മാത്രമല്ല ഇന്ത്യ മികച്ചൊരു ക്രിക്കറ്റ് ശക്തിയുമായിരുന്നില്ല. ഓപ്പണിങ് ബാറ്റ്സ്മാനും ഇടംകൈയന്‍ സ്പിന്നറുമായ മങ്കാദ് അന്ന് ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യയുണ്ടാക്കിയ പരിമിതമായ നേട്ടങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നു. ബൗള്‍ ചെയ്യുന്നതിന് മുമ്പേ റണ്ണിനായി മുന്നോട്ട് കുതിക്കുന്ന നോണ്‍സ്ട്രൈക്കിങ് ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്ന വിവാദപരമായ രീതിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കമിട്ടയാള്‍ എന്ന നിലയിലാണ് അദ്ദേഹം പില്‍ക്കാലത്ത് അറിയപ്പെട്ടത്. ഇങ്ങനെ ഒരു ബാറ്റ്സ്മാനെ പുറത്താക്കുന്നതിന് മങ്കാദിങ് എന്നു പേരും വന്നു. പക്ഷെ അത്തരം വിവാദപരമായ ഒരു പുറത്താകലിന്റെ പേരില്‍ മാത്രം അറിയപ്പെടേണ്ട ക്രിക്കറ്ററല്ല വിനു മങ്കാദ്. ഇന്ത്യ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച പ്രതിഭകളില്‍ ഒരാളായി തന്നെ അദ്ദേഹം സ്മരിക്കപ്പെടണം.

ശാസ്ത്രി എന്ന ക്രിക്കറ്റിങ് ബ്രെയിന്‍
ബുദ്ധികൊണ്ട ക്രിക്കറ്റ് കളിക്കുകയും മികച്ച ഓള്‍റൗണ്ടറെന്ന ഖ്യാതി നേടുകയും ചെയ്ത കളിക്കാരനാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ കൂടിയായ മുംബൈക്കാരന്‍ രവി ശാസ്ത്രി. സ്വാഭാവിക പ്രതിഭയുടെ കാര്യത്തില്‍ സമകാലികരായ പലരേക്കാളും പിന്നിലായിരുന്നെങ്കിലും ഓരോ സാഹചര്യത്തിലും ഉചിതമായ തന്ത്രങ്ങള്‍ മെനഞ്ഞ്, ബാറ്റിങ്ങിലും ബൗളിങ്ങിലും അവസരോചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് ശാസ്ത്രി ഓരോ റണ്ണും വിക്കറ്റും നേടിയിരുന്നത്. 121 ടെസ്റ്റുകളില്‍ നിന്ന് 11 സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3830 റണ്‍സും 151 വിക്കറ്റും നേടിയ ശാസ്ത്രി രണ്ട് തവണ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. തന്റെ മികച്ച പ്രകടനങ്ങളില്‍ മിക്കതും പുറത്തെടുത്തത് ടീമിന് ഏറ്റവും അത്യാവശ്യ ഘട്ടത്തിലായിരുന്നുവെന്നതാണ് ശാസ്ത്രിയെ മാറ്റിനിര്‍ത്തുന്ന മറ്റൊരു ഘടകം. പരിമിതമായ പ്രതിഭ വെച്ച് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും പിന്നീട് പരിശീലകനുമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോച്ച് എന്ന നിലയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശാസ്ത്രിക്ക് കഴിയുന്നതിന് കാരണം തന്റെ വിഖ്യാതമായ ക്രിക്കറ്റിങ് ബ്രെയിന്‍ തന്നെ.

കാണികളുടെ ഡാര്‍ലിങ് ജഡേജ
സഹജമായ പ്രസരിപ്പും പോസറ്റീവിറ്റിയുമാണ് ഇപ്പോള്‍ ടീം ഇന്ത്യയിലെ സൂപ്പര്‍ താരമായി മാറിയ രവിന്ദ്ര ജഡേജയുടെ കരുത്ത്. ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ വലിയ ഭാവിയൊന്നുമില്ലാത്ത ഇടത്തരം കളിക്കാരനെന്നായിരുന്നു ജഡേജയെ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ വിലയിരുത്തിയിരുന്നത്. സഞ്ജയ് മഞ്ച്രേക്കര്‍ മാത്രമാണ് അത് തുറന്നു പറഞ്ഞതെന്നു മാത്രം. ക്രിക്കറ്റില്‍ മികച്ച മാച്ച്വിന്നറാവുന്നതിന് സ്വാഭാവിക പ്രതിഭയേക്കാള്‍ സാഹസിക മനോഭാവവും ആത്മാര്‍പ്പണവുമാണ് വേണ്ടതെന്ന് ജഡേജ തെളിയിച്ചു. ഇക്കാര്യത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുമായാണ് രവീന്ദ്ര ജഡേജക്ക് സാദൃശ്യം. 2012 ഡിസംബറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ജഡേജ എട്ടു വര്‍ഷം കൊണ്ട് കളിച്ചത് 51 ടെസ്റ്റുകളാണ്. ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമായി അയാള്‍ മാറിയത് സമീപകാലത്താണ്. ഒരു സെഞ്ച്വറിയും 15 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 1954 റണ്‍സാണ് ടെസ്റ്റില്‍ ബാറ്റു കൊണ്ട് സമ്പാദിച്ചത്. 220 വിക്കറ്റുകള്‍ നേടി. ഇന്നിങ്സില്‍ അഞ്ചോ അതിലധികമോ വിക്കറ്റെടുത്തത് ഒന്‍പത് തവണ്. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം വളരെ വേഗത്തില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഓള്‍റൗണ്ടറുടെ നല്ല നാളുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഏറെ താല്‍പര്യമുള്ള പടയാളിയായതു കൊണ്ട് അതിന് സാധ്യത കൂടുതലുമാണ്.

പെരുതി നേടുന്ന അശ്വിന്‍
ഇനി നമ്മുടെ കഥാനായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. ഹര്‍ഭജന്‍ സിങ്ങിന്റെ പിന്‍ഗാമിയായ ഓഫ് സ്പിന്നറായി ടീമിലെത്തിയ അശ്വിന്‍ തീര്‍ച്ചയായും ബൗളിങ്ങില്‍ മുന്‍ഗാമിയേക്കാള്‍ വളര്‍ന്നു കഴിഞ്ഞു. 76 ടെസ്റ്റില്‍ 394 വിക്കറ്റെന്നത് വളരെ മികച്ച റെക്കോഡാണ്. ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം പത്തു തവണ . മാച്ചില്‍ പത്ത് വിക്കറ്റ് നേട്ടം ഏഴ് തവണയും. വിക്കറ്റുകളുടെ എണ്ണത്തില്‍ ഈ തമിഴ്നാട്ടുകാരന്‍ കപില്‍ ദേവിനെ മറികടക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കണം. സ്പിന്‍ ബൗളറെ സംബന്ധിച്ചിടത്തോളം 34 വയസ്സെന്നത് വലിയ പ്രായമല്ല താനും. ടീമിലെത്തുമ്പോള്‍ ബൗളര്‍ മാത്രമായിരുന്ന അശ്വിന്‍ കളിച്ച് കളിച്ച്് വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാനായി മാറുകയയിരുന്നു. അഞ്ചു സെഞ്ച്വറിയും 11 ഫിഫ്റ്റിയും ഉള്‍പ്പെടെ 2626 റണ്‍സ് നേടിയ ബാറ്റ്സ്മാനെ ടീമിന് കൂടുതലായി ആശ്രയിക്കാവുന്നതാണ്. ബാറ്റിങ് ഓഡറില്‍ കുറേകൂടി മുന്നോട്ട് ഇറക്കാന്‍ ടീം മാനേജ്മെന്റ് താല്‍പര്യം കാണിക്കണമെന്ന് മാത്രം. മുന്‍ ക്യാപ്റ്റന്‍ ധോനിക്ക് ഉണ്ടായിരുന്നത്ര മതിപ്പും വിശ്വാസവും അശ്വിനു മേല്‍ വിരാട് കോലിക്ക് ഉണ്ടായിരുന്നില്ല. അതുകാരണം കുറച്ചധികം അവസരങ്ങള്‍ നഷ്ടമായി. പക്ഷെ , പൊരുതി തിരിച്ചു വന്ന ഈ ഓള്‍റൗണ്ടറെ ഇനി അവഗണിക്കാന്‍ ആവില്ല. കപിലിന് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ടാമനാരെന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ അശ്വിന്‍ എന്ന് ഇനി ഉത്തരം നല്‍കാം.
Content Highlights: Who is the best All Rounder Cricket In India Kapil Dev R Ashwin Ravindra Jadeya Vinoo Mankad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..