അന്ന് സണ്ണി പറഞ്ഞു; ടി.സി യോഹന്നാന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച വിലയേറിയ ഒരു മെഡലാണ് ടിനു


കെ.വിശ്വനാഥ്

ആ കൃത്യം നിര്‍വഹിച്ച് പേപ്പര്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു' ടിനുവിനെ കുറിച്ച് എന്തു പറയുന്നു?' ചിരിച്ചു കൊണ്ട് സണ്ണി പറഞ്ഞു.' ടി.സി യോഹന്നാന്‍ ഇന്ത്യക്ക് സമ്മാനിച്ച വിലയേറിയ മറ്റൊരു മെഡലാണ് ടിനു

ടി.സി യോഹന്നാനും ടിനുവിനുമൊപ്പം ലേഖകൻ | ഫോട്ടോ: മാതൃഭൂമി

സ്‌പോര്‍ട്‌സ് ജേണലിസ്റ്റായി ജോലി ചെയ്യാന്‍ തുടങ്ങിയ കാലത്തെ വലിയ ആഗ്രങ്ങളിലൊന്നായിരുന്നു. ഒരു മലയാളി ക്രിക്കറ്റ് താരം ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങുന്ന മല്‍സരം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയെന്നത്. അനന്തപത്മനാഭനിലായിരുന്നു അന്നെന്റെ പ്രതീക്ഷ. രഞ്ജി മല്‍സരങ്ങളില്‍ കേരളത്തിനു വേണ്ടിയും ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലക്കും വേണ്ടി അനന്തന്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പക്ഷെ, അപ്പോഴേക്കും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്ന മാച്ച്]വിന്നര്‍ അനില്‍ കുംബ്ലെ അനന്തന്റെ വഴിയടച്ചു. ഒന്നിലധികം ലെഗ്സ്പിന്നര്‍മാര്‍ ഒരുമിച്ച് ടീമില്‍ കളിക്കുകയെന്നത് സെലക്ടര്‍മാരുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. പരിക്കു കാരണവും മറ്റും അനില്‍ വല്ലപ്പോഴും മാറിനിന്നപ്പോഴാവട്ടെ പകരക്കാരനായി സെലക്ടര്‍മാര്‍ നിയോഗിച്ചത് മധ്യപ്രദേശുകാരനായ ലെഗ്സ്പിന്നര്‍ നരേന്ദ്ര ഹിര്‍വാനിയെ ആയിരുന്നു. അങ്ങനെ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിയാതെ പോയ ക്രിക്കറ്റര്‍മാരുടെ കൂട്ടത്തില്‍ അനന്തനും പെട്ടുപോയി.

ഒരു കേരളാ രഞ്ജി താരം ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പ് പിന്നെയും നീളുമ്പോഴാണ് ടിനു യോഹന്നാന്റെ രംഗപ്രവേശം. രഞ്ജി ട്രോഫിയുള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ വിക്കറ്റുകള്‍ കൊയ്തുകൊണ്ടിരുന്ന ടിനുവിന്റെ ഫോട്ടോ മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു.' ടിനു ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യത്തെ കേരളാ ഫാസ്റ്റ്ബൗളറാവുമോ? എന്നതായിരുന്നു മുഖചിത്രത്തില്‍ നല്‍കിയ വാചകം. ആ മാസിക വിപണിയിലെത്തി ദിവസങ്ങള്‍ക്കകം അത് സംഭവിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ടിനു യോഹന്നാന്‍ ഇടംപിടിച്ചു.

Tinu Yohannan the first Kerala Ranji player to play Test and one day cricket for India
ടിനുവും ടി.സി യോഹന്നാനും | ഫോട്ടോ: മാതൃഭൂമി

ആ വാര്‍ത്തയെത്തുമ്പോള്‍ ഞാന്‍ മാതൃഭൂമിക്ക് വേണ്ടി ദേശീയ ഗെയിംസ് കവര്‍ ചെയ്യുന്നതിനായി പഞ്ചാബിലായിരുന്നു. അതു സൗകര്യമായി. ദേശീയ ഗെയിംസിന് വേദിയായ നഗരങ്ങളിലൊന്നായ ചണ്ഡീഗഢിഗഢിലെ മൊഹാലിയിലായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്. ദേശീയ ഗെയിംസ് അവസാനിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ടെസ്റ്റ് മാച്ച്. ടെസ്റ്റ് കൂടി കവര്‍ ചെയ്ത ശേഷം നാട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞു. ഗെയിംസിന്റെ ക്ലോസിങ്ങ് സെറിമണിക്ക് കാക്കാതെ ഒന്നാം തിയതി തന്നെ ജലന്ധറില്‍ നിന്ന് ചണ്ഡീഗഢിലേക്ക് തിരിച്ചു. ടെസ്റ്റിന്റെ തലേ ദിവസം രാവിലെ ടീം താമസിക്കുന്ന ഹോട്ടലില്‍ ചെന്ന് ടിനുവിനെ കണ്ടു. പൊതുവെ ശാന്തസ്വഭാവിയായ ടിനു ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ആവേശമൊന്നും പ്രകടമാക്കാതെയാണ് സംസാരിച്ചത്. അടുത്ത ദിവസം പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന് ഉറപ്പില്ലെന്നും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും മാത്രം പറഞ്ഞു.

ടിനുവിനൊപ്പം രണ്ട് പുതുമുഖ പേസ്ബൗളര്‍മാര്‍, സഞ്ജയ് ബംഗാറും ഇഖ്ബാല്‍ സിദ്ദിഖിയും കൂടി ആദ്യ ടെസറ്റിനുള്ള ടീമില്‍ ഇടം പിടിച്ചിരുന്നു. ടെസ്റ്റ് മാച്ചുകളില്‍ രണ്ട് പേസ്ബൗളര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയും കളിക്കുന്നതായിരുന്നു അക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ രീതി. അന്തിമ ഇലവനില്‍ രണ്ട് പേസര്‍മാര്‍ മതിയെന്ന തീരുമാനിച്ചാല്‍ ടിനുവിന് അവസരം കിട്ടാതെ വരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മൊഹാലിയിലെ വിക്കറ്റില്‍ മൂന്നു പേസര്‍മാരില്ലാതെ കളിക്കാനിറങ്ങുന്നത് ആത്മഹത്യാ പരമായിരിക്കുമെന്നായിരുന്നു ഉച്ചയ്ക്ക് ഗ്രൗണ്ടിലെ വിക്കറ്റില്‍ അവസാന വട്ട മിനുക്കുപണിക്കെത്തിയ ക്യുറേറ്റര്‍ ദില്‍ജിത്ത് പറഞ്ഞത്. ദില്‍ജിത്ത് ഗ്രൗണ്ടിലുള്ളപ്പോള്‍ തന്നെ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും അങ്ങോട്ടു വന്നു. ടിനു നാളത്തെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്നതാണ് കേരളത്തില്‍ നിന്ന് ടിനുവിന്റെ കളികാണാനായി മാത്രം വന്ന എന്റെ ആശങ്കയെന്ന് ഒപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍മാരിലാരോ സൗരവിനോട് പറഞ്ഞു. അടുത്ത ദിവസത്തെ പ്ലെയിങ് ഇലവനെ കുറിച്ച് ഐഡിയ കിട്ടാനുള്ള അയാളുടെ ബുദ്ധിപൂര്‍വമുള്ള പരിശ്രമമാണെന്ന് മനസ്സിലാക്കിയ സൗരവ് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഗ്രൗണ്ടില്‍ നിന്ന് തിരിച്ചു പൊവുമ്പോള്‍ ഞാന്‍ സൗരവിനോട് ടിനുവിന്റെ കാര്യം ചോദിച്ചു. 'വിഷമിക്കേണ്ട. നിങ്ങളുടെ ആഗ്രഹം പോലെക്കെ കാര്യങ്ങള്‍ നടക്കുമെന്ന് തന്നെ പ്രതീക്ഷിക്കൂ.' - എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടായിരുന്നു സൗരവിന്റെ മറുപടി.

ഒടുവില്‍ ആ ദിവസം വന്നു. 2001 ഡിസംബര്‍ നാല്. രാവിലെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ ടിനു ഉറപ്പിച്ചു പറഞ്ഞു, ഫൈനല്‍ ഇലവനില്‍ ഉണ്ട്. പതിവിലും നേരത്തെ സ്റ്റേഡിയത്തിലെ പ്രസ്ബോക്സിലെത്തി, സൗകര്യപ്രദമായ ഇരിപ്പിടം കണ്ടെത്തി. ആദ്യമായി ഒരു കേരളാ രഞ്ജിതാരം ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കാനിറങ്ങുന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ പോവുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും അമ്പയര്‍ സ്റ്റീവ് ബക്നറും ഗ്രൗണ്ടിലിറങ്ങി വിക്കറ്റിനരികിലേക്ക് നടക്കുന്നു. ടോസിട്ടു. ടോസ് നേടിയ സൗരവ് ഫീല്‍ഡിങ് തിരഞ്ഞെടുത്തപ്പോള്‍ എന്റെ ആവേശം ഇരട്ടിയായി. കാരണം ടിനുവാണ് ഇന്ത്യക്ക് വേണ്ടി ആദ്യ പന്തെറിയുക എന്നത് ഉറപ്പായിരുന്നു.

Tinu Yohannan the first Kerala Ranji player to play Test and one day cricket for India
ടിനു ഇന്ത്യന്‍ ടീമിലെത്തുമോ എന്ന കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ച സ്പോര്‍ട്സ് മാസിക വായിക്കുന്നു | ഫോട്ടോ: മാതൃഭൂമി

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ എന്നീ മഹാരഥന്‍മാരായ ക്രിക്കറ്റര്‍മാര്‍ക്കൊപ്പം ടിനുവും ഗ്രൗണ്ടിലേക്ക്. ഇംഗ്ലീഷ് ഓപ്പണര്‍ മാര്‍ക്ക് ബുച്ചറാണ് ആദ്യ സ്ട്രൈക്കെടുക്കുന്നത്. ക്യാപ്റ്റന്‍ സൗരവ് ടിനുവിനെ പന്തേല്‍പ്പിക്കുന്നു. സാമാന്യം നീണ്ട റണ്ണപ്പെടുത്ത് ടിനു ആദ്യ പന്തെറിഞ്ഞു. ഓഫ്സ്റ്റംപിന് മുന്നില്‍ കുത്തിയുയര്‍ന്ന് വിക്കറ്റിന് പുറത്തേക്ക് പോയി. അടുത്ത പന്ത് ബുച്ചര്‍ ഓഫ്സൈഡിലേക്ക് ഡ്രെവ്ചെയ്തു. ബൗണ്ടറി ലൈനിനടുത്തു വെച്ച് ഫീല്‍ഡ് ചെയ്തെങ്കിലും ബാറ്റ്സ്മാന്‍മാര്‍ നാല് റണ്‍സ് ഓടിയെടുത്തു. മൂന്നാമത്തെ ബോള്‍ ബുച്ചര്‍ തടുത്തിട്ടു. ബൗണ്‍സ് ചെയ്ത് സ്റ്റംപിന് വെളിയിലേക്ക് പോവുമായിരുന്ന അടുത്ത പന്തില്‍ ഷോട്ടിന് ശ്രമിച്ച ബുച്ചര്‍ക്ക് പിഴച്ചു. ബാറ്റിലുരസി പിറകിലേക്ക് തെറിച്ചു. സ്ലിപ്പില്‍ ലക്ഷ്മണിന് ക്യാച്ച്. ടെസ്റ്റ് കിക്കറ്റില്‍ എറിഞ്ഞ നാലാമത്തെ പന്തില്‍ തന്നെ ടിനുവിന് വിക്കറ്റ്. കൈകള്‍ ഉയര്‍ത്തി ടിനു മുന്നോട്ടോടി. ടീമംഗങ്ങള്‍ ഓടിയെത്തി അഭിനന്ദിക്കുന്നു. മുകളിലേക്ക് നോക്കി ടിനു ദൈവത്തിന് നന്ദി പറയുന്നു. പ്രസ്ബോക്സിന്റെ പിന്‍ഭാഗത്ത് നിന്ന് കളികാണുന്ന ഒരു സംഘം ആരവമുയര്‍ത്തി കൈയ്യടിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ മുഖം ശ്രദ്ധയില്‍ പെട്ടു. - പറക്കും സിഖ് മില്‍ഖാ സിങ്. ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് മില്‍ഖയുടെ അടുത്തേക്ക് ചെന്നു. ഞാന്‍ ചോദിച്ചു, ' സാധാരണ ക്രിക്കറ്റ് മല്‍സരങ്ങള്‍ കാണാന്‍ ഇവിടെ വരാറുണ്ടോ?'

ഗൗരവത്തോടെയാണ് മില്‍ഖയുടെ മറുപടി. ' ഇല്ല പതിവുള്ളതല്ല. എന്റെ സുഹൃത്ത് ടി.സി യോഹന്നാന്റെ മകന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നു എന്നറിഞ്ഞ് വന്നതാണ്. ഏതായാലും അവന്‍ വിക്കറ്റെടുക്കുന്നത് കാണാനായല്ലോ?'

രണ്ടാമത്തെ സ്പെല്ലില്‍ മറ്റൊരു ഇംഗ്ലീഷ് ഓപ്പണര്‍ മാര്‍ക്ക് ട്രസ്‌കോത്തിക്കിന്റെ വിക്കറ്റും ടിനു വീഴ്ത്തി. ആ ദിവസത്തെ കളി കഴിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കി ഓഫീസിലേക്ക് അയക്കാന്‍ ഫാക്സ് മെഷിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ സാക്ഷാല്‍ സുനില്‍ ഗാവസ്‌കര്‍ നില്‍ക്കുന്നു. ഞാന്‍ വഴി മാറി കൊടുക്കാനൊരുങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു. 'ഇതു കൂടിയൊന്ന് ഫാക്സ് ചെയ്യാമോ ?' കുട്ടിക്കാലം തൊട്ടേ എന്റെ ആരാധനാപാത്രമായ സണ്ണിക്ക് അങ്ങനെയൊരു സഹായം ചെയ്യാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം വിവിധ പത്രങ്ങള്‍ക്ക് വേണ്ടി എഴുതുന്ന കോളമാണത്. മുംബൈയിലെ ഓഫീസിലേക്ക് ഫാക്സ് ചെയ്യണം. ആ കൃത്യം നിര്‍വഹിച്ച് പേപ്പര്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു' ടിനുവിനെ കുറിച്ച് എന്തു പറയുന്നു?' ചിരിച്ചു കൊണ്ട് സണ്ണി പറഞ്ഞു.' ടി.സി യോഹന്നാന്‍ ഇന്ത്യക്ക് സമ്മാനിച്ച വിലയേറിയ മറ്റൊരു മെഡലാണ് ടിനു.'

മൊഹാലി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ രണ്ടു പേരുടേയും വിക്കറ്റ് ടിനുവിനായിരുന്നു. മൊത്തം നാല് വിക്കറ്റുമായി ടിനു അരങ്ങേറ്റം ഉജ്വലമാക്കിയപ്പോള്‍ ഇന്ത്യ പത്ത് വിക്കറ്റ് ജയം ആഘോഷിക്കുകയും ചെയ്തു.

page

പിന്നീട് ടിനുവിന്റെ അന്താരാഷ്ട്ര കരിയറിന് അധികം ദൈര്‍ഘ്യമുണ്ടായില്ല. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് കഷ്ടി ഏഴ് മാസം മാത്രം നീണ്ടുനിന്ന കരിയറിനിടെ ടിനു കളിച്ചത്. ടിനുവിന്റെ പ്രതിഭയോട് ഒട്ടും നീതിപുലത്തുന്നതല്ല ഈ കണക്കുകള്‍. ടിനുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം കിട്ടാതെ പോയതിന് പല കാരണങ്ങളുണ്ട്. അതിനെ കുറിച്ച് കൂടുതലായി ചര്‍ച്ചചെയ്യുന്നതില്‍ ഇനി അര്‍ത്ഥമില്ല. എന്നാല്‍ ഇന്ത്യന്‍ക്രിക്കറ്റില്‍ കേരളാ താരങ്ങള്‍ക്ക് വഴിവെട്ടിയ ക്രിക്കറ്റര്‍ എന്ന നിലയില്‍ ടിനു യോഹന്നാന്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. കേരളത്തിന്റെ കായിക ചരിത്രമെഴുതുമ്പോള്‍ ടിനുവിന്റെ പേര് ഒഴിവാക്കാനാവില്ല.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച അത്​ലറ്റുമാരില്‍ ഒരാളായ ടി.സി യോഹന്നാന്റെ മകന്‍ ടിനു ആഗ്രഹിച്ചിരുന്നത് അച്ഛനെ പോലെ ലോകമറിയുന്ന ലോങ്ജമ്പറായി മാറണമെന്നായിരുന്നു. ചെറുപ്പത്തില്‍ അതിനുവേണ്ടി ലോങ്ജമ്പ് പരിശീലിച്ചിരുന്നു. പിന്നീട് ടി വിയില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ കണ്ട് ഹരം കയറിയാണ് ട്രാക്ക് മാറ്റിയത്. ലോങ്ജമ്പറുടെ ശരീര ഘടനയും അതിനു വേണ്ടി നടത്തിയ പരിശീലനവും മികച്ചൊരു ഫാസ്റ്റ് ബൗളറായി രൂപപ്പെടാന്‍ ടിനുവിനെ സഹായിച്ചു. 1999-ല്‍ ഇരുപതാം വയസ്സില്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ ടിനു രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ ടീമിലെത്തി.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ശേഷം വേണ്ടത്ര അവസരങ്ങള്‍ കിട്ടാതെ ടീമില്‍ നിന്ന് പുറത്തു പോവുകയായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോയെന്ന് ഒരു അഭിമുഖത്തിനിടെ ടിനുവിനോട് ചോദിച്ചിരുന്നു. പക്ഷെ അങ്ങിനെ വളരെ നേരത്തെ തന്നെ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചു പോയതിന് ആരെയും കുറ്റെപ്പെടുത്താന്‍ ടിനു ഒരുക്കമല്ല.' എന്റെ കരിയര്‍ എങ്ങിനെയാണ് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോവേണ്ടതെന്ന വ്യക്തമായ ധാരണ എനിക്കില്ലാതെ പോയി. അക്കാര്യത്തില്‍ വേണ്ട ഗൈഡന്‍സ് തരാനും അന്നാരുമില്ലായിരുന്നു. എനിക്ക് പറ്റിയത് നമ്മുടെ പുതിയ താരങ്ങള്‍ക്ക് സംഭവിക്കരുത്. വിരമിച്ച ശേഷം പരിശീലകനായി മാറാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. കരിയര്‍ ശ്രദ്ധാപൂര്‍വം പ്ലാന്‍ ചെയ്യേണ്ടത് എങ്ങിനെയെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.' - ഇപ്പോള്‍ കേരളാ രഞ്ജി ടീമിന്റെ പരിശീലകനായ ടിനു പറയുന്നു.

അല്ലെങ്കിലും ടിനുവിന് അങ്ങനയേ പറയാനാവൂ. ഒരു ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ എത്തുമായിരുന്ന കരിയര്‍ അപ്രതീക്ഷിമായി സംഭവിച്ച പരിക്കും ശരിയായ ചികില്‍സയുടെ അഭാവവും കാരണം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്ന ടി.സി യോഹന്നാന്റെ മകനാണല്ലോ അയാള്‍.

ഒട്ടേറെ തവണ ടിനുവിനെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെങ്കിലും 2011 ഡിസംബറില്‍ മാതൃഭൂമി സ്പോര്‍ട്സ് മാസികക്ക് വേണ്ടി ടി.സി യോഹന്നാനേയും ടിനുവിനേയും ഒരുമിച്ചിരുത്തി സംസാരിപ്പിച്ചതാണ് ഏറ്റവും ആഹ്ലാദകരമായ ഓര്‍മ്മ. അടിമുടി മാന്യരായ അച്ഛനും മകനും തങ്ങളുടെ കായിക ജീവിതത്തെ കുറിച്ച് വിശദമായി സംസാരിച്ചു. തങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് ആരെയും പഴിക്കാതെ, കായികരംഗത്തേക്ക് കാലെടുത്തു വെക്കുന്ന യുവതാരങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണയെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. അഭിമുഖം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ടിനു പറഞ്ഞു, 'അച്ഛന്റെ കരിയരിലെ ഇത്തരം കാര്യങ്ങള്‍ ഇപ്പോഴാണ് ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്. അതൊന്നും അദ്ദേഹം ഞങ്ങളോട് പറയാറില്ല .'

Content Highlights: Tinu Yohannan the first Kerala Ranji player to play Test and one day cricket for India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented