ജർണയിൽ സിങ് | Photo: sportskeeda
ഇന്ത്യയുടെ ഏറ്റവും മികച്ച ഡിഫന്‍ഡറായിരുന്ന ജര്‍ണയില്‍ സിങ്ങിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ രണ്ടു ഗോളുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിഫന്‍ഡര്‍മാര്‍ സെറ്റ് പീസുകളില്‍ നിന്ന് ഗോളടിക്കുന്നത് ഇപ്പോള്‍ അത്ര വലിയ സംഭവമല്ല. ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം 1962-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ തെക്കന്‍ കൊറിയയെ 2-1 ന് തോല്‍പ്പിച്ച് നേടിയ സ്വര്‍ണമാണ്. ഈ ടൂര്‍ണമെന്റിലായിരുന്നു ജര്‍ണയിലിന്റെ രണ്ടു ഗോളും. ജര്‍ണയില്‍ കോര്‍ണര്‍ അടിക്കുന്ന വേളയില്‍ എതിര്‍ നിരയില്‍ നിലയുറപ്പിച്ച് ഗോളടിച്ചതായിരിക്കുമോ?
അതുവരെ ഡിഫന്‍സില്‍ കളിച്ച ജര്‍ണയിലിനെ കോച്ച് എസ്.എ റഹീം സെമിഫൈനലിലും ഫൈനലിലും സെന്റര്‍ ഫോര്‍വേഡായി കളിപ്പിച്ചതായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച വിജയത്തില്‍ ഒരു ഡിഫന്‍ഡറുടെ ഗോളുകള്‍ അങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ജയം നേടിയ സാഹചര്യവും അസാധാരണമായിരുന്നു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവും ഏഷ്യന്‍ ഗെയിംസ് പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ ഇന്ത്യക്കാരന്‍ ഗുരുദത്ത് സോന്ധി ഇസ്രയേലിനും തായ്‌വാനും വിസ നിഷേധിച്ചതിനെ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ ഇന്‍ഡൊനീഷ്യക്കാര്‍ക്ക് ഇന്ത്യന്‍ സംഘത്തോട് വലിയ വിരോധമുണ്ടായി. സോന്ധിക്ക് രായ്ക്കുരായ്മാനം ജക്കാര്‍ത്ത വിടേണ്ടതായും വന്നു. ഇന്ത്യന്‍ ഹൈക്കമീഷന് നേരെ ആക്രമണമുണ്ടായി.
ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തെക്കന്‍ കൊറിയയോട് തോല്‍ക്കാനായിരുന്നു വിധി. രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1 ന് തോല്‍പ്പിച്ച് തിരിച്ചുവന്നുവെങ്കിലും ജര്‍ണയില്‍ സിങിന് തലക്ക് മുറിവേറ്റ് കളം വിടേണ്ടതായി വന്നു. പി കെ ബാനര്‍ജിയും (2), ചുനി ഗോസ്വാമിയും തുളസീദാസ് ബല്‍റാമുമായിരുന്നു സ്‌കോറര്‍മാര്‍. പിന്നീട് ജപ്പാനെ രണ്ടു ഗോളിന് തോല്‍പ്പിച്ചതോടെ ഇന്ത്യയുടെ സെമി സാധ്യത തെളിഞ്ഞു. ബാനര്‍ജിയുടെയും ബല്‍റാമിന്റെയും വകയായിരുന്നു ഗോളുകള്‍. സെമിയില്‍ തെക്കന്‍ വിയറ്റ്നാമാണ് ഇന്ത്യയുടെ എതിരാളി. കോച്ച് റഹീം ജര്‍ണയിലിനെ കളിപ്പിക്കാന്‍ തീരുമാനിക്കുന്നു. തലക്ക് ആറു തുന്നലുള്ളതുകൊണ്ട് പ്രതിരോധത്തില്‍ കളിപ്പിക്കാനാവില്ല. ജര്‍ണയില്‍ സെന്റര്‍ ഫോര്‍വേഡ് സ്ഥാനത്തു വരുന്നു. ചുനി ഗോസ്വാമിയുടെയും ജര്‍ണയിലിന്റെയും ഗോളുകള്‍ക്ക് ഇന്ത്യ മുന്നിലെത്തിയെങ്കിലും രണ്ടും തിരിച്ചടിച്ച് വിയറ്റ്നാം സമനില നേടിയ ഘട്ടത്തില്‍ ഗോസ്വാമി 75-ാം മിനുട്ടില്‍ നേടിയ ഗോള്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു.

ഫൈനലില്‍ സെനായന്‍ മെയിന്‍ സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ ഇന്ത്യയെ കൂക്കി വിളിച്ചുവെങ്കിലും നന്നേ ചെറിയ ഒരു സംഘം ഇന്ത്യയെ പിന്തുണച്ചു എന്നു പറഞ്ഞാല്‍ മുഴുവനുമാവില്ല. പാകിസ്താന്‍ ഹോക്കി ടീം അംഗങ്ങളായിരുന്നു അത്. 17-ാം മിനുട്ടില്‍ ബാനര്‍ജിയും 20-ാം മിനുട്ടില്‍ ജര്‍ണയിലും ഗോള്‍ നേടി മത്സരത്തില്‍ പിടിമുറുക്കി. ആദ്യ തവണ ഇന്ത്യക്കെതിരെ ഗോളടിച്ച ചാ തെയ് സുങ് 85-ാം മിനുട്ടില്‍ ഒരു ഗോള്‍ സമാശ്വാസമായി നേടി എന്നു മാത്രം.
ഇസ്രയേലിലെ ടെല്‍ അവീവില്‍ 1964-ല്‍ നടന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ തെക്കന്‍ കൊറിയയെ മടക്കമില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിക്കുന്നുണ്ട്. 11 ടീമുകള്‍ പിന്‍വലിഞ്ഞതിനാല്‍ നാലു ടീമുകളേ ടൂര്‍ണമെന്റില്‍ കളിച്ചൂള്ളൂ. യോഗ്യത നിര്‍ണയ മത്സരത്തില്‍ ഇന്ത്യ, ഇറാനും പാകിസ്താനും മറ്റേതാനും ടീമുകളും ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു. എന്നാല്‍ എല്ലാവരും രാഷ്ട്രീയ കാരണങ്ങളാല്‍ പിന്‍വാങ്ങിയതോടെ ഇന്ത്യ കളിക്കാതെ യോഗ്യത നേടുകയാണുണ്ടായത്. തായ്‌വാന്‍ ഇതു പോലെ കളിക്കാതെ യോഗ്യത നേടിയിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി അവര്‍ പിന്‍വാങ്ങി. പകരം തെക്കന്‍ വിയറ്റ്നാമിനെ ക്ഷണിച്ചുവെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ അവരും പിന്‍വാങ്ങി. ഹോങ്കോങ് മാത്രമാണ യോഗ്യത റൗണ്ടിലൂടെ കയറി വന്നത്.
കൊറിയക്കെതിരെ അപ്പാള രാജുവും ഇന്ദര്‍ സിങും ഗോള്‍ നേടയപ്പോള്‍ ഇന്ദര്‍ സിങ്, സുകുമാര്‍ സമാജ്പതി, ചുനി ഗോസ്വാമി എന്നിവരുടെ ഗോളുകളോടെ ഇന്ത്യ ഹോങ്കോങ്ങിനെ 3-1 ന് തോല്പിച്ചു. ഇസ്രയേലിനോട് രണ്ടു ഗോളിനും തോറ്റു. ഇതോടെ ഇന്ത്യ രണ്ടാം സ്ഥാനക്കാരായി. ഇന്ത്യയുടെ പ്രഗല്‍ഭനായ കോച്ച് എസ്.എ റഹീമായിരുന്നില്ല ഈ ടീമിന്റെ പരശീലകന്‍. അദ്ദേഹം 1963-ല്‍ മരിച്ചു. 1963-64 കാലത്ത് ഇംഗ്ലീഷുകാരനായ ഹാരി റൈറ്റ് ആയിരുന്നു പരിശീലകന്‍. ഇന്ത്യന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ച ആദ്യത്തെ വിദേശി. 1951-ലെയും 1962-ലെയും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണങ്ങള്‍. 1956-ല്‍ മെല്‍ബണ്‍ ഒളിമ്പിക്സില്‍ നേടിയ നാലാം സ്ഥാനം ഇവയില്‍ റഹീമിന്റെ ശിക്ഷണത്തിന് വലിയ പങ്കുണ്ട്.
മില്‍ഖാ സിങിനെപ്പോലെ വിഭജന കാലത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു വന്ന ആളായിരുന്നു ജര്‍ണയിലും. ല്യാല്‍പൂരില്‍ (ഇപ്പോഴത്തെ ഫൈസലാബാദ്) അമൃത്സറിലേക്ക് ഒരു ലോറിയില്‍ 50 പേരോടൊപ്പം ദുരിത യാത്ര. പിന്നീട് പഞ്ചാബിലെ ഹോഷിയാര്‍പൂരിലുള്ള പനം ഗ്രാമത്തില്‍ പുനരധിവസിപ്പിക്കപ്പെടുന്നു. രണ്ടായിരാമാണ്ട് ഒക്ടോബര്‍ 31-ന് കാനഡയിലെ വാന്‍കൂവറില്‍ വെച്ചു മരിച്ചു.
Content Highlights: The story of Jarnail Singh of Indian football
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..