പാർഥിവ് പട്ടേൽ | Photo: PTI
25 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് ആറ് അര്‍ദ്ധ സെഞ്ചുറിയുള്‍പ്പെടെ 934 റണ്‍സും 62 ക്യാച്ചും പത്ത് സ്റ്റംപിങ്ങും. 38 ഏകദിനങ്ങളില്‍ നാല് അര്‍ദ്ധശതകങ്ങള്‍ ഉള്‍പ്പെടെ 736 റണ്‍സും 30 ക്യാച്ചും ഏഴ് സ്റ്റംപിങ്ങും. പാര്‍ഥിവ് പട്ടേല്‍ എന്ന ഇന്ത്യന്‍ താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ റെക്കോഡ് ഇങ്ങനെയാണ്. 18 വര്‍ഷം മുമ്പ് തന്റെ പതിനട്ടാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ വെച്ച് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പട്ടേല്‍ 35-ാം വയസില്‍ ക്രിക്കറ്റിനോട് വിടവാങ്ങുമ്പോള്‍ ഒരുകാര്യം ഉറപ്പിച്ചു പറയാനാവും. പട്ടേലിന്റെ പ്രതിഭയോട് ഒട്ടും നീതിപുലര്‍ത്തുന്നതല്ല ഈ കരിയര്‍ റെക്കോഡ്. മഹേന്ദ്ര സിങ് ധോനിയെന്ന പ്രതിഭാധനനായ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്റെ വരവും കരിയറിന്റെ ആദ്യഘട്ടത്തില്‍ കളിച്ച ചില മല്‍സരങ്ങളില്‍ സംഭവിച്ച പിഴവുകളും ഭാഗ്യക്കേടുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാര്‍ത്ഥിവിന്റെ നേട്ടങ്ങളെ പരിമിതപ്പെടുത്തിയത്.
പാര്‍ഥിവിന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തില്‍ പലതവണ അയാളുമായി സംസാരിക്കാനും വളരെ താല്‍പര്യപൂര്‍വം പ്രകടനങ്ങളെ പിന്തുടരാനും കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് എന്റെ ഈ നിഗമനം. 2002 സെപ്തംബര്‍ മാസത്തില്‍ നോട്ടിങ്ങാമില്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിലെ പ്രകടനം പട്ടേലിനെ ഒരു താരമാക്കി മാറ്റുകയായിരുന്നു. ഇന്ത്യ പരാജയഭീഷണി നേരിടുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഒന്‍പതാമനായി ക്രീസിലെത്തിയ പട്ടേല്‍ മികച്ചൊരു ഇന്നിങ്‌സ് കളിച്ചു. 60 പന്തുകള്‍ നേരിട്ട് 19 റണ്‍സ് നേടി പുറത്താവാതെ നിന്ന പട്ടേലായിരുന്നു അന്ന് ഇംഗ്ലണ്ടിന്റെ ജയസാധ്യത തല്ലിക്കെടുത്തിയത്.
പ്രായം കൊണ്ടും ആകാരം കൊണ്ടും ചെറുപ്പമായിരുന്ന പാര്‍ഥിവിനെ ടീം ഇന്ത്യയുടെ കുഞ്ഞുപട്ടേല്‍ എന്നായിരുന്നു ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ആ സമയത്ത് പാര്‍ഥിവ് പട്ടേലിന്റെ അഹമദാബാദിലെ വീട്ടില്‍ ചെന്ന് മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികക്ക് വേണ്ടി ഫീച്ചര്‍ തയ്യാറാക്കാന്‍ മാസികയുടെ ചീഫ് സബ് എഡിറ്ററായിരുന്ന ഒ.ആര്‍ രാമചന്ദ്രന്‍ എന്നെ നിയോഗിച്ചു. പട്ടേലിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പക്ഷേ മാസികയുടെ ഫോട്ടോഗ്രാഫറായിരുന്ന എസ്.എല്‍ ആനന്ദിനേയും കൂട്ടി അഹമ്മദാബാദിലേക്ക് ട്രെയിന്‍ കയറി. വര്‍ഗീയ കലാപത്തിന്റെ തീയില്‍ അഹമ്മദാബാദ് നഗരം കത്തിയെരിഞ്ഞ നാളുകളായിരുന്നു അത്. കലാപം അവശേഷിപ്പിച്ച മുറിവുകള്‍ ആ നഗരത്തിലെങ്ങും പ്രകടവുമായിരുന്നു.
കുത്തിപ്പൊളിച്ചിട്ട വീടുകളും കീറിപ്പറഞ്ഞ ട്രൗസര്‍ മാത്രം ധരിച്ച് പിച്ചതെണ്ടുന്ന കുട്ടികളും പരസ്പരം കയര്‍ക്കുന്ന വഴിവാണിഭക്കാരുമെല്ലാം ചേര്‍ന്ന് ഒരു പ്രേതനഗരത്തിന്റെ പ്രതീതിയായിരുന്നു അവിടെ. പൈശാചികമായ വര്‍ഗീയ ലഹളകളുടേയും കൂട്ടക്കൊലകളുടേയും ഞെട്ടലില്‍ നിന്ന് തെരുവുകളും അവിടുത്തെ മനുഷ്യരും മോചിതരായിരുന്നില്ല. വഴി തിരക്കിയപ്പോള്‍ റോഡരികില്‍ തമ്പടിച്ചിരുന്ന പോലീസ് സംഘം സംശയത്തോടെ നോക്കി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ അന്നത്തെ സെക്രട്ടറിയും പാര്‍ഥിവ് കളിച്ചിരുന്ന ഇന്ത്യന്‍ എ ടീമിന്റെ മാനേജറുമായിരുന്ന എസ്. ഹരിദാസ് തന്ന വീട്ടുവിലാസം കൈയ്യിലുണ്ടായിരുന്നു. അതില്‍ പറഞ്ഞതനുസരിച്ച് റിലീഫ് റോഡിലാണ് വീട്. അങ്ങോട്ട് പോവണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ടാക്‌സി ഡ്രൈവര്‍ സംശയത്തോടെ ചോദിച്ചു. ''എന്തിനാണ് അങ്ങോട്ടേക്ക് പോവുന്നത്?''

ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ഥിവ് പട്ടേലിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞപ്പോള്‍ കാസിം (അതായിരുന്നു ഡ്രൈവറുടെ പേര്) പറഞ്ഞു. ''ഞാന്‍ വരാം. പക്ഷേ, അതൊരു കുഴപ്പം പിടിച്ച സ്ഥലമാണ്.''
ടാക്‌സി ഇടുങ്ങിയ ഒരു ഗലിയിലേക്ക് തിരിഞ്ഞു. കഷ്ടി ഒരു കാര്‍ കടന്നു പോവാനുള്ള വീതിയേ റോഡിനുള്ളൂ. നടുറോട്ടില്‍ സ്റ്റംപ് നാട്ടി കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു. കഴുത്തില്‍ മണികെട്ടിയ പശുക്കളും എരുമകളും അതിനിടയിലൂടെ ഉഴറി നടക്കുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ കാസിം പറഞ്ഞു, ''സാബ് ഇവിടെയാണ് രണ്ടാഴ്ചമുമ്പ് മൂന്നുപേരെ തീയിട്ടുകൊന്നത്.'' കാസിമിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രായാസം തോന്നി. എന്നാല്‍ കാസിം പറഞ്ഞതിന് അപ്പുറവും ആ തെരുവില്‍ സംഭവിച്ചിരുന്നുവെന്ന് പിന്നീട് മനസ്സിലായി. അടുത്ത വളവിലെത്തിയപ്പോള്‍ കാസിം വണ്ടി നിര്‍ത്തി പറഞ്ഞു, ''സാബ് അതാ അവിടെയാണ് പാര്‍ഥിവിന്റെ വീട്.'' ഞങ്ങള്‍ കാറില്‍ നിന്നറങ്ങി. കാസിമിനോട് കാത്തുനില്‍ക്കാന്‍ പറഞ്ഞു. ''വേണ്ട സാബ് നിങ്ങള്‍ക്ക് വേറെ വണ്ടി കിട്ടും. എനിക്ക് തിരിച്ചുപോണം.'' കാശ് വാങ്ങി കാസിം പെട്ടെന്ന് പോയി. അയാള്‍ എന്തോ പേടിക്കുന്നുവോ?
അത്ര വൃത്തിയില്ലാത്ത ആ ഗലിയില്‍ ചൂടി വരിഞ്ഞ കട്ടിലിട്ട് നാലഞ്ചുപേര്‍ ഇരിക്കുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ ഒരുമിച്ച് എഴുന്നേറ്റു നിന്നു. എന്തിനു വന്നെന്ന് അവര്‍ക്കറിയണം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി. പാര്‍ഥിവിന്റെ വീടിന്റെ ഉമ്മറപ്പടിവരെ അവര്‍ കൂടെ വന്നു. പകിട്ടില്ലാത്ത പഴയൊരു കെട്ടിടം, കൊത്തുപണികളുള്ള വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. കഷണ്ടി കയറിയ ഒരു മനുഷ്യന്‍ ഇറങ്ങി വന്നു. വെളുക്കെ ചിരിച്ചുകൊണ്ടുള്ള ചോദ്യം ''കേരളത്തില്‍ നിന്നാണല്ലേ?'' ഞങ്ങള്‍ വരുന്ന വിവരം ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നില്ല. പിന്നെയെങ്ങനെ മനസ്സിലായി. അത്ഭുതം തോന്നി. ഞങ്ങളുടെ അമ്പരപ്പ് മനസ്സിലായതു കൊണ്ടാവാം അടുത്തുനിന്ന നീലഷര്‍ട്ടുകാരന്‍ പയ്യന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, ''നിങ്ങള്‍ വന്നിറങ്ങിയപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നു. ഞാനാണ് ഇവിടെ വന്ന് വിവരം പറഞ്ഞത്.''
അവന്റെ ആവേശം കണ്ടപ്പോള്‍ ചോദിച്ചുപോയി ''ആരാണ്, പാര്‍ഥിവിന്റെ ചേട്ടനാണോ?'' ''അല്ല... പാര്‍ഥിവിന് ചേട്ടനില്ല. ഒരു ചേച്ചി മാത്രം. ഇത് അവന്റെ ഉറ്റ ചങ്ങാതിയാണ്. പേര് അമിത്. ഞങ്ങളുടെ കുടുംബത്തിലെ അംഗംപോലെയാണിവന്‍.'' ആദ്യം കണ്ട കഷണ്ടിക്കാരന്റെ വിശദീകരണം. പിന്നെ സ്വയം പരിചയപ്പെടുത്തി. ''ഞാന്‍ പാര്‍ഥിവിന്റെ അച്ഛന്‍, അജയ് പട്ടേല്‍.'' അപ്പോഴേക്കും മറ്റുള്ളവരും എത്തിക്കഴിഞ്ഞു. അമ്മ നിഷ, ഇളയച്ഛന്‍ ജഗത്, സഹോദരി കിഞ്ചല്‍, മുത്തശ്ശി വിനോദാ ബെന്‍. ഓരോരുത്തരെയായി അരികില്‍ വിളിച്ച് ജഗത് പട്ടേല്‍ പരിചയപ്പെടുത്തുന്നു.
അപ്പോഴും ഞങ്ങള്‍ വാതിലിനു വെളിയിലാണ്. ''ഞങ്ങളെ അകത്തേക്ക് ക്ഷണിക്കുന്നില്ലേ?'' ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഒരു കൂട്ടച്ചിരി. ''സോറി, അതുമറന്നു. അകത്തേക്ക് വരൂ'', ചിരി നിര്‍ത്താതെ തന്നെ അജയ് പറഞ്ഞു.
സാമാന്യം വലിയൊരു സ്വീകരണമുറി. ചുവരില്‍ നിറയെ പാര്‍ഥിവിന്റെ ചിത്രങ്ങള്‍. ഷോകെയ്സില്‍ പാര്‍ഥിവിന് കിട്ടിയ സമ്മാനങ്ങള്‍. സ്വീകരണമുറിക്ക് തൊട്ടു പിറകില്‍ അടുക്കള. മുകളിലാണ് പാര്‍ഥിവിന്റെ മുറി. വലിയ ആഡംബരങ്ങളിലാത്ത ചെറിയ വീട്. ഒരു ഇടത്തരം മധ്യവര്‍ഗ കുടുംബമാണ് പാര്‍ഥിവിന്റേത്. അഹമ്മദാബാദ് നഗരത്തിനുള്ളിലാണെങ്കിലും തികച്ചു ഗ്രാമീണ സ്വഭാവമുള്ള കുടുംബം. അച്ഛന് ചെറിയൊരു കച്ചവടമുണ്ട്. പാര്‍ഥിവും സഹോദരിയും അടുത്തുള്ള ഗുജറാത്തി സ്‌കൂളിലാണ് പഠിച്ചത്. സഹോദരി ഇപ്പോള്‍ ബികോമിന് പഠിക്കുന്നു.

പാര്‍ഥിവിനെ കുറിച്ചാണ് സംഭാഷണം തുടങ്ങിയത്. പക്ഷേ പതുക്കെ വിഷയം വര്‍ഗീയ ലഹളിയിലേക്കെത്തുന്നു. ''ഞങ്ങള്‍ക്കിപ്പോള്‍ അതിനെക്കുറിച്ചൊന്നും വലിയ പേടിയില്ല. അഹമ്മദാബാദില്‍ ഏറ്റവും അപകടം ഉള്ള പ്രദേശമാണിത്. ജനിച്ച അന്ന് തൊട്ട് ഇവിടെ ലഹളയും കൊലപാതകങ്ങളും ഉണ്ട്. ഇപ്പോള്‍ അതുമായി പൊരുത്തപ്പെട്ടുപ്പോയി'' - കിഞ്ചല്‍ പറഞ്ഞു.
പക്ഷേ, പാര്‍ഥിവിന് വലിയ പേടിയാണ്. വീടിനുമുന്നില്‍ ആരെങ്കിലും വന്നാല്‍ രണ്ടു വര്‍ഷം മുമ്പുവരെ അവന്‍ കരയുമായിരുന്നു. അകത്തേത് വരരുതേ എന്ന് പറഞ്ഞ് കരയും. ചെറുപ്പത്തിലെ വലിയ കുസൃതിക്കാരനായിരുന്നു പാര്‍ഥിവ്. ചേച്ചിയുമായി എപ്പോഴും വഴക്കിടും. ചെറുതായൊന്ന് വേദനിച്ചാല്‍ ഉറക്കെ കരയും.
പാര്‍ഥിവിന് അഞ്ചുവയസ്സുള്ളപ്പോള്‍ ഒരുദിവസം ചേച്ചിയുമായി ബഹളംവച്ചു. വികൃതി സഹിക്കാനാകാതെ വന്നപ്പോള്‍ ഇളയച്ഛന്‍ അവനെ കുളിമുറിയിലിട്ട് പൂട്ടി. കുളിമുറിക്കകത്ത് നിന്ന് അവന്‍ ഉറക്കെ കരഞ്ഞു. അഞ്ചു മിനുട്ട് കഴിഞ്ഞിട്ടും കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ വാതില്‍ തുറന്നുനോക്കി. കൈയില്‍ നിന്ന് ചോര ഒലിക്കുന്നു. വാതിലടച്ചപ്പോള്‍ പാര്‍ഥിവിന്റെ വിരല്‍ വാതില്‍പാളിക്കുള്ളില്‍പ്പെട്ടുപ്പോയി. വലത്തെ കൈയിലെ ചെറുവിരല്‍ അറ്റുപോയിരുന്നു. പാവം അതിനായിരുന്നു കരഞ്ഞത്. അതിനുശേഷം അവനെന്ത് ചെയ്താലും ചീത്തപറയാറില്ല - കിഞ്ചലിന്റെ കണ്ണുകള്‍ നിറഞ്ഞു.
ഇടത്തെ കൈയില്‍ ചെറുവിരല്‍ പകുതിയേ ഉള്ളൂ പാര്‍ഥിവിന്. പക്ഷേ കളിക്കുമ്പോള്‍ അതുകൊണ്ട് പ്രശ്നമൊന്നുമില്ല. സാധാരണ കീപ്പിങ് ഗ്ലൗ തന്നെയാണ് ഉപയോഗിക്കുന്നത്.
കൊച്ചു നാളിലേ ക്രിക്കറ്റിനോടുള്ള താല്‍പര്യം കണ്ട് എട്ടാം വയസ്സില്‍ ഇളയച്ഛനായിരുന്നു പാര്‍ഥിവിനെ കോച്ചിങ് ക്യാമ്പില്‍ ചേര്‍ത്തത്. പന്ത്രണ്ടാം വയസ്സ് തൊട്ട് വിവിധ ഏജ് ഗ്രൂപ്പ് ടൂര്‍ണമെന്റുകളില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച പാര്‍ഥിവിന് പതിനഞ്ചാം വയസ്സില്‍ തന്നെ ദേശീയ ജൂനിയര്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടുകയായിരുന്നു.

പതിനാറാം വയസ്സില്‍ തന്നെ 19 വയസ്സിന് താഴെയുള്ളവരുടെ കുച്ച് ബീഹാര്‍ ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ചു. അടുത്ത വര്‍ഷം ഇന്ത്യയുടെ അണ്ടര്‍-19 ടീമിനു വേണ്ടി ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിനെതിരെ ടെസ്റ്റ് കളിച്ചു. ധാക്കയില്‍ നടന്ന അണ്ടര്‍ 17 ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായി. ഏറെ വൈകാതെയായിരുന്നു സീനിയര്‍ ഇന്ത്യന്‍ ടീമിലേക്ക് പാര്‍ഥിവിന് സെലക്ഷന്‍ കിട്ടിയത്.
ആദ്യ ടെസ്റ്റ് കളിച്ച ശേഷം രണ്ട് വര്‍ഷത്തിലധികം ഇന്ത്യന്‍ ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് തന്നെയായിരുന്നു. 2004 ഒക്ടോബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീമിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ സംഭവിച്ച പിഴവുകളാണ് പാര്‍ഥിവിന് സ്ഥാനം നഷ്ടമാവാന്‍ കാരണം. മഹേന്ദ്ര സിങ് ധോനിയുടെ വരവോടുകൂടി ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കുറിച്ചുള്ള ആലോചനക്കേ പ്രസക്തിയില്ലാതായി. പിന്നീട് 2008-ലും 2016-ലും 2018-ലുമായി ഏതാനും അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും ശക്തമൊയൊരു തിരിച്ചുവരവ് സാധ്യമായില്ല.
രഞ്ജി മല്‍സരങ്ങള്‍ക്കിടയിലും ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ക്യാമ്പുകളില്‍ വെച്ചുമെല്ലാം പലതവണ പാര്‍ത്ഥിവിനെ കണ്ട് മാതൃഭൂമിക്ക് വേണ്ടി അഭിമുഖങ്ങള്‍ നടത്തിയിരുന്നു. അപ്പോഴെല്ലാം പ്രത്യാശയുടെ സ്വരത്തിലേ പാര്‍ത്ഥിവ് സംസാരിച്ചിരുന്നുള്ളൂ. ഇന്ത്യന്‍ ടീമിന് വേണ്ടി കൂടുതല്‍ കളിക്കാന്‍ കഴിയാതെ പോയതില്‍ നിരാശയുണ്ടോയെന്ന് പാര്‍ത്ഥിവിന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു. ''രാജ്യത്തിന് വണ്ടി കളിക്കുക എന്നത് ഏറ്റവും വലിയ സ്വപ്‌നവും ആഗ്രഹവുമായി കണ്ട് അതിനായി ജീവിതം ഉഴിഞ്ഞുവെച്ച ക്രിക്കറ്റര്‍മാര്‍ ഏറെയുള്ള നാടാണ് നമ്മുടേത്. എനിക്ക് ഇത്രയെങ്കിലും കഴിഞ്ഞല്ലോ. അക്കാര്യത്തില്‍ ഞാന്‍ സംതൃപ്തനാണ്.'' - അതായിരുന്നു പാര്‍ത്ഥിവിന്റെ നിലപാട്.
Content Highlights: The small Patel of team India Parthiv Patel retires from all forms of cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..