എ. ശശിധരൻ, രമേശ് ബാബു പ്രഞ്ജാനന്ദ, മാർസലോ ബിയേൽസ | Photo: Getty Images, PTI
പ്രഗ്ഗ്, ശശി, ബിയേല്‍സ ഇതില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണ്. ഇരുവരും ചെസ്സ് കളിക്കാര്‍. ഒരാള്‍ കുറി തൊട്ട് അതിന്റെ വിശാലലോകത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. മറ്റെയാള്‍ മലയാളികളിയിലെ ഇച്ഛാഭംഗങ്ങള്‍ മൂലം ജീവിതം നേരത്തെ വെടിഞ്ഞ ആള്‍. മൂന്നാമത്തെ വ്യക്തി അര്‍ജന്റീനയുടെ പ്രശസ്ത ഫുട്ബോള്‍ പരിശീലകനാണ് - മാര്‍സലോ ബിയേല്‍സ. ചെസ്സും ഫുട്ബോളും തമ്മില്‍ സാമ്യമില്ലെങ്കിലും അതിന്റെ നീക്കങ്ങളില്‍ നല്ല ചേര്‍ച്ചയുണ്ടെന്ന് കാണാം, വിശേഷിച്ചും എതിരാളിയെ ഒരിടത്തേക്ക് ആകര്‍ഷിച്ച് കെണിയില്‍ വീഴ്ത്തി എതിര്‍നിരയിലേക്ക് വഴി തുറക്കുന്നതില്‍. രണ്ടു കളികളെയും ബന്ധപ്പെടുത്തി പുസ്തകം തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ആഡം വെല്‍സിന്റെ 'ഫുട്ബോള്‍ ആന്‍ഡ് ചെസ്സ്, ടാക്റ്റിക്‌സ്, സ്ട്രാറ്റജി ബ്യൂട്ടി'. ചെന്നൈ സ്വദേശിയും പയ്യന്നൂര്‍കാരനും അര്‍ജന്റീനക്കാരനും തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും കളിയിലെ ജയപരാജയങ്ങളെക്കുറിച്ചാലോചിച്ചാല്‍ മൂന്നു പേരെയും ചേര്‍ത്തുവെച്ച് കാണാനാവും.
ഇന്ത്യയുടെ 16-കാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ് ബാബു പ്രഞ്ജാനന്ദ 2022 ഫെബ്രുവരിയില്‍ വാര്‍ത്താ സ്ഥലങ്ങള്‍ കയ്യടക്കി നിറഞ്ഞു നിന്നിരുന്നു. സാമാന്യം നീണ്ട സ്പെല്ലിങ് തെറ്റാവുന്ന പേരായതു കാരണം പ്രഗ്ഗ് എന്ന ചുരുക്കപ്പേര് വീണിട്ടുള്ള ഈ തമിഴ്നാട്ടുകാരന്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയത് ലോക മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാനുള്ള ശ്രമം പക്ഷെ വിജയം കണ്ടില്ല. പ്രഗ്ഗിന് ഇനിയും എത്രയോ സമയമുണ്ട്. ഈ കുട്ടിയുടെ പരിശ്രമങ്ങള്‍ അവനെ വലിയ വിജയങ്ങളിലേക്ക് നയിച്ചേക്കാം. അങ്ങനെ സംഭവിച്ചില്ലെന്നും വരാം.
അങ്ങനെ വന്നാല്‍ അത് സാരമില്ലെന്ന് ലോക ഫുട്ബോളിലെ അറിയപ്പെടുന്ന പരിശീലകരിലൊരാളായ അര്‍ജന്റീനയുടെ മാര്‍സലോ ബിയേല്‍സ പറയും. ലക്ഷ്യത്തിലെത്താം, ചിലപ്പോള്‍ എത്താതിരിക്കാം. പക്ഷേ സന്തോഷമാണ് പ്രധാനം എന്ന് ബിയേല്‍സ. കളിക്കളത്തില്‍ നിന്ന് ഒരു വേള വിട്ടു നിന്ന ബിയേല്‍സ സന്തോഷം എന്താണെന്ന് അന്വേഷിച്ചു കൊണ്ട് മാസങ്ങളോളം ഒരു കന്യാസ്ത്രീ മഠത്തില്‍ പാര്‍ത്തു.
പ്രഞ്ജാനന്ദയെപ്പോലുള്ള കളിക്കാരെക്കുറിച്ച് പറയുമ്പോള്‍ അകാലത്തില്‍ ജീവിതം വെടിഞ്ഞ ചെസ്സ് താരം പയ്യന്നൂരിലെ എ. ശശിധരനെ ഓര്‍മ വരും. ഇപ്പോള്‍ പോലും ചെസ്സില്‍ വേണ്ടത്ര സ്പോണ്‍സര്‍മാരില്ലെന്ന് ഇന്ത്യയുടെ ആദ്യകാല ഗ്രാന്‍ഡ്മാസ്റ്റര്‍മാരിലൊരാളായ പ്രവീണ്‍ തിപ്സെ പറയുന്നു. അപ്പോള്‍ ശശിധരന്‍ കളിച്ചിരുന്ന 70 - 80 കാലം കളിക്ക് ലഭ്യമായിരുന്ന സൗകര്യങ്ങളുടെ കാര്യത്തില്‍ അത്ര ശോഭനമായിരുന്നില്ല എന്ന് മനസ്സിലാവും. നാഷണല്‍ 'എ' ചെസ്സ് ചാമ്പന്‍ഷിപ്പിലേക്ക് യോഗ്യത നേടാന്‍ സാധിക്കാഞ്ഞ മനോവിഷമം മൂലം, 1980 ജൂലായ് എട്ടിന് 24-ാം വയസ്സില്‍ ശശിധരന്‍ ആത്മഹത്യ ചെയ്തു. ഇപ്പോഴാണെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നു തോന്നുന്നു. സഹപാഠിയായ എ. ഗോവിന്ദന്റെ അനുജനയായതുകൊണ്ട് മറ്റുള്ളവര്‍ക്കും ശശിധരന്‍ അനുജന്‍ തന്നെയായിരുന്നു. മാനുവല്‍ ആറോണ്‍ രചിച്ച 'ഇന്ത്യന്‍ ചെസ്സ് ഹിസ്റ്ററി, 570 എ ഡി - 2010 എ ഡി' എന്ന പുസ്തകത്തില്‍ ശശിധരനെക്കുറിച്ച് പറയുന്നുണ്ട്, എന്നു മാത്രമല്ല അദ്ദേഹത്തിന്റെ രണ്ടു കളികളും രേഖപ്പെടുത്തിയിരിക്കുന്നു.1 976-ലും 77-ലും സ്റ്റേറ്റ് ചാമ്പ്യനായിരുന്ന ശശി 77 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നാലാം ബോര്‍ഡില്‍ സ്വര്‍ണ മെഡല്‍ നേടുകയുമുണ്ടായി. ബിയേല്‍സ പറഞ്ഞതു പോലെ സന്തോഷമാണ് പ്രധാനം എന്ന കാര്യം 20 വയസ്സ് മാത്രം പിന്നിട്ട ശശിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരിക്കില്ല. ചെസ്സ് കളിക്കാനും പഠിക്കാനും സ്പോണ്‍സര്‍മാരെ തേടാനും കൂടുതല്‍ അവസരങ്ങളുള്ള ഇക്കാലത്ത് ശശിയുടെ ജീവിതം മറ്റൊരുവിധത്തിലാവാന്‍ സാധ്യതയുണ്ട്.
കളിക്ക് രൂപം നല്‍കുന്നതില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുള്ള ആളാണ് ബിയേല്‍സ. പെരുമാറ്റ രീതികളുടെയും പറച്ചിലുകളുടെയും അസാധാരണത്വം കാരണം ബിയേല്‍സക്ക് 'എല്‍ ലോക്കോ' എന്ന പേര് വീണിട്ടുണ്ട്. ഭ്രാന്തന്‍ തന്നെ. 2004-ല്‍ അര്‍ജന്‍റീന ഒളിംപിക് സ്വര്‍ണം നേടുമ്പോള്‍ ബിയേല്‍സയായിരുന്നു പരിശീലകന്‍. അതിനു ശേഷം പദവി രാജിവെച്ചൊഴിഞ്ഞു. 2007 മുതല്‍ 2011 വരെ ചിലി ദേശീയ ടീമിന്‍റെ ചുമതല വഹിച്ച ബിയേല്‍സ അവരുടെ കളിയെ മാറ്റിമറിക്കുകയുണ്ടായി. 2010-ല്‍ ചിലിയെ ലോകകപ്പിലേക്ക് നയിച്ചത് ബിയേല്‍സയായിരുന്നു. ചിലി ദേശീയ ടീമിന് ഇന്നു കാണുന്ന ശക്തിക്ക് അടിത്തറ പാകിയത് ഇദ്ദേഹമാണ്. ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ചിലിയുടെ കളി എളുപ്പം മറക്കാന്‍ പറ്റുന്ന ഒന്നല്ല.
ഇടത്തരം ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ബിയേല്‍സയെ 2022-ല്‍ പ്രീമിയര്‍ ലീഗ് ടീമായ ലീഡ്സ് യുണൈറ്റഡിന്റെ ഡഗൗട്ടിന് പുറത്ത് ആലോചനയില്‍ മുഴുകി കളി ശ്രദ്ധിച്ചുകൊണ്ട് കുന്തിച്ചിരിക്കുന്നത് കാണാം. ഫ്രഞ്ച് ക്ലബ്ബായ മാഴ്സേയിലായിരുന്നപ്പോള്‍ ഐസ് പെട്ടി കമിഴ്ത്തി വെച്ചായിരുന്നു ഇരിപ്പ്. 2019-ല്‍ ലീഡ്സിനെക്കുറിച്ചുള്ള 'ടേക്ക് അസ് ഹോം' എന്ന ഡൊക്യൂമെന്ററിയില്‍ നിര്‍മമനായ, ക്യാമറക്ക് നേരെ ഇടക്ക് മാത്രം മുഖം തിരിക്കുന്ന ഈ 67-കാരനുണ്ട്. അധികം സംസാരമില്ല. 2018-ല്‍ ലീഡ്സിനൊപ്പം ചേര്‍ന്ന ബിയേല്‍സ ആ ടീമിനെ 16 വര്‍ഷത്തെ വിട്ടുനില്‍പ്പിന് ശേഷം പ്രീമിയര്‍ ലീഗിലേക്ക് നയിച്ചു.
റൊസാരിയോയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനെ 1992-ലെ കോപ്പ ലിബര്‍ടഡോറസിന്റെ ഫൈനലിലേക്ക് നയിച്ചിട്ടുണ്ട് ബിയേല്‍സ. ഫൈനലിലെ രണ്ടു പാദങ്ങളുടെ ഫലം സമനിലയിലാതിനാല്‍ ഷൂട്ടൗട്ടില്‍ ബ്രസീല്‍ ടീം സാവോപോളോയോട് തോല്‍ക്കാനായിരുന്നു വിധി. അതിന് മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂവെല്‍സിനെ ആദ്യ മല്‍സരത്തില്‍ തന്നെ ആവരുടെ സ്വന്തം ഗ്രൗണ്ടായ കൊളോസസ് ഓഫ് ദ പാര്‍ക്കില്‍ സാന്‍ ലോറന്‍സോ മടക്കമില്ലാത്ത ആറു ഗോളടിച്ച് തവിടുപൊടിയാക്കി. തുടര്‍ന്ന് വീട്ടിന് പുറത്ത് തടിച്ചുകൂടിയ ശല്യക്കാരായ തെമ്മാടികളെ കൈബോംബെടുത്ത് കാണിച്ച് ബിയേല്‍സ ഭീഷണിപ്പെടുത്തിയാതായി ശ്രുതിയുണ്ട്. എല്‍ ലോക്കോ എന്ന പേര് അങ്ങനെ പതിച്ചു കിട്ടുന്നു. ന്യൂവെല്‍സിന്റെ സ്റ്റേഡിയം ഇപ്പോള്‍ എസ്റ്റാഡിയൊ മാര്‍സലൊ ബിയേല്‍സ എന്ന പേരില്‍ അറിയപ്പെടുന്നു. അങ്ങനെ കുറച്ചു വിജയങ്ങള്‍, ഒരുപാട് പരാജയങ്ങള്‍.
കളി പരിശീലിപ്പിക്കുന്നതിന് കളിക്ക് പുറത്ത് സന്തോഷം എന്തെന്ന് അന്വേഷിച്ച് നടന്നിട്ടുണ്ട് റൊസാരിയോയിലെ വരേണ്യ കുടുംബത്തിലെ ഈ അംഗം. മാര്‍സെലോയുടെ മുത്തച്ഛന്‍ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. അച്ഛന്‍ റാഫേല്‍ പെഡ്രോവും റൊസാരിയോയില്‍ അഭിഭാഷകനായിരുന്നു. അമ്മ അധ്യാപിക, സഹോദരിയും ആര്‍ക്കിടെക്റ്റുമായ മരിയ യൂജീനിയ അര്‍ജന്റീനയില്‍ മന്ത്രിയായിരുന്നു. സഹോദരന്‍ റാഫേല്‍ ചിലിയില്‍ അംബാസഡറാണ്. ദ ബ്ലിസാര്‍ഡ് എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായ ഫ്രെഡറിക്കൊ ബസ്സാഹൂണിനോട് ബിയേല്‍സ ഒരിക്കല്‍ ഇങ്ങനെ പറയുന്നുണ്ട്, ''പരാജയങ്ങളുടെ ഒരു സ്പെഷലിസ്റ്റാണു ഞാന്‍. പക്ഷേ ജീവിതത്തില്‍ സന്തോഷം അനുഭവിച്ചിട്ടില്ലാത്ത ഒരുപാട് വിജയികളെ ഞാന്‍ കണ്ടിട്ടുണ്ട്. നേരെ മറിച്ച് വിജയം വരിച്ചിട്ടില്ലാത്ത സന്തുഷ്ടരായ ആളുകളെയും എനിക്കറിയാം.'' അന്ന കരേനിനയിലെ 'എവരി ഹാപ്പി ഫാമിലി......എവരി അണ്‍ഹാപ്പി ഫാമിലി....' എന്നുള്ള തുടക്കം നമ്മുടെ ഓര്‍മയില്‍ എത്തിക്കും ഈ പറച്ചില്‍.
തൊഴിലില്‍ ഏറ്റവും മികവിനുള്ള പരിശ്രമം ഫലവത്തായാലും അത് സന്തോഷം കൊണ്ടുവന്നേക്കില്ല. അതേസമയം അത്യധികം ക്ലേശിക്കാതെ സര്‍വസാധാരണത്വം മതി എന്നു വെച്ചാല്‍ സന്തേഷം നേടുവാനും കഴിഞ്ഞേക്കും. ഈ പാഠം ചിലയിടത്ത് പഠിപ്പിക്കാന്‍ ബിയേല്‍സ ശ്രമിക്കുന്നുണ്ട്.
ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ അല്‍പകാലം പരിശീലിപ്പിക്കുന്നതിനിടെ (2015-15) ബെഞ്ചമിന്‍ മെന്‍ഡിയെന്ന ഡിഫന്‍ഡറുടെ കളി മെച്ചപ്പെടുത്താനും അയാള്‍ക്ക് ജീവിതോപദേശം നല്‍കാനും ബിയേല്‍സ ശ്രമിക്കുന്നുണ്ട്. മെന്‍ഡി എന്നു പേരുള്ള ഫ്രഞ്ച് കളിക്കാര്‍ ധാരാളമുണ്ട്. ഇപ്പോള്‍ റയല്‍ മഡ്രിഡിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിക്കുന്ന ബര്‍നാഡ് മെന്‍ഡി ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനും ചൈന്നൈക്കും കളിച്ചിരുന്നു. മച്ചുനന്മാരായ എഡ്വേഡ് മെന്‍ഡി ചെല്‍സിക്കും ഫെര്‍ലാന്റ് മെന്‍ഡി റയലിനും കളിക്കുന്നു. എന്നാല്‍ എല്ലാ മെന്‍ഡിമാരും ബന്ധുക്കളല്ല.
അന്ന് ബെഞ്ചമിന്‍ മെന്‍ഡി ലോകത്തിലെ ഏറ്റവും മികച്ച ഫുള്‍ബാക്കുകളിരൊളാവുമെന്ന് ബിയേല്‍സ പ്രവചിക്കുകയുണ്ടായി. അതിന് തന്ത്രപരമായ ചില മാറ്റങ്ങള്‍ കൂടി വരുത്തേണ്ടതുണ്ട്. മെന്‍ഡി ആദ്യം ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെങ്കിലും ക്രമേണ ആ വഴിക്കു നീങ്ങുന്നു. ഒരു ദിവസം മറ്റുള്ളവരുടെ മുന്നില്‍ വെച്ചു തന്നെ ബിയേല്‍സ ഇങ്ങനെ പറഞ്ഞു. ''നിങ്ങള്‍ക്ക് വേണമെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കാകാം. പക്ഷേ ആ വഴി തിരഞ്ഞെടുത്താല്‍ നിങ്ങളുടെ ഭാര്യ, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പമുള്ള സമയം കുറക്കേണ്ടി വരും. പാര്‍ട്ടികളും തമാശകളും ഒഴിവാക്കേണ്ടി വരും. നിങ്ങള്‍ നേരിടാന്‍ പോകുന്ന വലിയ പ്രശ്നമാണിത്. വളരെ വലിയ പ്രശ്നം.'' തുടര്‍ന്ന് പണം കൊണ്ട് നേടാവുന്നതിന്റെ പരിമിതികളെക്കുറിച്ച് പറയുകയായി. സന്തോഷവും തൊഴില്‍ വിജയവും രണ്ടാണെന്ന് ബോധ്യപ്പെടുത്താനും ബിയേല്‍സ ശ്രമിക്കുന്നു. ഒടുവില്‍ ഇങ്ങനെയും പറഞ്ഞു, '' പക്ഷേ നിങ്ങള്‍ക്ക് ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കാകേണ്ടെന്നും തീരുമാനിക്കാം. അതു കൊണ്ട് എന്താണ് പ്രശ്നം? യാതൊരു പ്രശ്നവുമില്ലതന്നെ.''
ബിയേല്‍സയുടെ വാക്കുകള്‍ ബെഞ്ചമിന്‍ മെന്‍ഡിക്ക് ഗുണം ചെയ്യാത്തത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ. 2017-ല്‍ മൊണാക്കോവില്‍ നിന്ന് മെന്‍ഡി മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് മാറി. 2021 ഓഗസ്റ്റില്‍ മെന്‍ഡി ബലത്സംഗത്തിന് അറസ്റ്റു ചെയ്യപ്പെട്ടു. ഇപ്പോള്‍ ഈ കളിക്കാരന്‍ സസ്പെന്‍ഷനിലാണ്. 2022 ജനുവരിയില്‍ ജാമ്യം കിട്ടും വരെ മെന്‍ഡി ജയിലിലായിരുന്നു. ആറ് വ്യത്യസ്തരായ സ്ത്രീകള്‍ ഉള്‍പ്പെട്ട ഏഴു കേസുകള്‍ ഉള്‍പ്പെടെ മൊത്തം ഒമ്പത് കേസുകള്‍ മെന്‍ഡി നേരിടുന്നു എന്ന് പത്രവാര്‍ത്തകള്‍, കഷ്ടം...
Content Highlights: the resemblance between chess and football cp vijayakrishnan column
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..