മെസ്സിയും ഗ്വാർഡിയോളയും | Photo: Getty Images
ചീട്ടുകളിയായ ബ്രിഡ്ജില്‍ (bridge) സംഖ്യകളുടെ ക്രമപ്രകാരമാണ് ചീട്ടുകളുടെ മൂല്യമെങ്കിലും 28 കളിയില്‍ 10-നേക്കാള്‍ വലുതാണ് ഒമ്പത്. ചീട്ട് കാണുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാവും ഒമ്പതാണ് വലുത്. ഫുട്ബോളിലെ സംഖ്യാ ശാസ്ത്രത്തില്‍ പത്തും ഒമ്പതും ഉണ്ട്. 10 പ്രശസ്തരായ ഏറെ പേര്‍ അണിയുന്ന കുപ്പായമാണ്. ഒമ്പതാം നമ്പര്‍ സത്യസന്ധനും എല്ലാവരും കാണ്‍കെ കളിക്കുന്നവനും നീതിമാനും ഗോളടി വിദഗ്ധനും നേരെ വാ നേരെ പോ എന്ന തരത്തിലുള്ളവനുമാണ് അണിയുക.
ടീമിന്റെ മുനമ്പില്‍ കളിക്കുന്ന സെന്റര്‍ ഫോര്‍വേഡാണത്. ഗെര്‍ഡ് മുള്ളര്‍, ഗാരി ലിനേക്കര്‍, ലെവന്‍ഡോവ്സ്‌കി, ഹാരി കെയ്ന്‍ തുടങ്ങിയവര്‍. അതേ സമയം ഈ ഒമ്പതിന് ഒരിരട്ടയുമുണ്ട്. വ്യാജ ഒമ്പത് അഥവാ ഫോള്‍സ് നയന്‍. എതിരാളികളെ വട്ടം കറക്കുന്ന കാണാമറയത്തുള്ള ഒരു സൂത്രശാലി. കളിസ്ഥലത്ത് നിലകൊള്ളുന്ന സ്ഥാനമനുസരിച്ച് അക്കങ്ങള്‍ കളിക്കാര്‍ക്ക് സങ്കല്‍പിച്ചു നല്‍കുന്നതില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഒമ്പതാം നമ്പര്‍ എന്നത് സ്വാഭാവം കൊണ്ട് എല്ലാ കാലത്തും സെന്റര്‍ഫോര്‍വേഡാണ്. പക്ഷേ ആ സ്ഥാനം ഉപേക്ഷിച്ച് വേറൊരു വേഷത്തില്‍ കളിക്കുമ്പോള്‍ അത് ലയണല്‍ മെസ്സിയെ പോലെ ഫോള്‍സ് നയന്‍ ആകുന്നു. ഒമ്പതാണോ? അണിനിരക്കുമ്പോള്‍ ആണ്, എന്നാല്‍ പിന്നീട് അല്ലേ? അല്ല.

ഇപ്പോള്‍ ഒന്നു മുതല്‍ 99 വരെ ഏതക്കവും കളിക്കാര്‍ കുപ്പായത്തിന് പിന്നില്‍ രേഖപ്പെടുത്തുന്നു. കളിസ്ഥലത്തെ വിന്യാസവുമായി അതിന് ബന്ധമില്ല. എന്നാലും ഒരു കളിക്കാരന്‍ ഏതു ഭാഗത്ത് പെരുമാറുന്നു എന്നതിനനുസരിച്ച് അയാളുടെ കളിസ്ഥാനത്തെ സങ്കല്‍പ്പത്തില്‍ അക്കത്തില്‍ അടയാളപ്പെടുത്തുക പതിവാണ്. ഗോളി എപ്പോഴും ഒന്നാം നമ്പര്‍ ആവുന്നതു പോലെ. രണ്ടാമത്തെ സ്ട്രൈക്കറോ കളി സൃഷ്ടിക്കുന്ന സര്‍ഗചതുരനോ ആവും 10-ാം നമ്പര്‍.
മുന്നേറ്റ നിരയില്‍ അല്‍പം ഇറങ്ങിക്കളിക്കുന്ന സെന്റര്‍ഫോര്‍വേഡുകള്‍, ഒമ്പതാം നമ്പറുകാര്‍ പണ്ടേയുണ്ട്. എന്താണ് ഞങ്ങളുടെ അടുത്തേക്ക് സെന്റര്‍ ഫോര്‍വേഡ് വരാത്തത് എന്ന് മുഷിഞ്ഞ പ്രതിരോധനിരയും അന്നുണ്ട്. എന്നാല്‍ ഫോള്‍സ് നയന്‍ എന്ന സ്ഥാനത്തിന്റെ അര്‍ഥം വിപുലീകരിച്ചതും എതിരാളികള്‍ക്ക് അതു വഴി അനര്‍ഥം വരുത്തി വെച്ചതും മെസ്സിയാണ്. 2012-ഓടെ യൂറോപ്പില്‍ എല്ലായിടത്തും ഫോള്‍സ് നയന്‍ എന്ന ആശയം വ്യക്തമായും മനസ്സിലാക്കപ്പെട്ടു.
ബാഴ്സലോണയിലേക്ക് വരുമ്പോള്‍ എന്‍ഗാംചേ (enganche) ആവാനായിരുന്നു മെസ്സിക്ക് ഇഷ്ടം. അര്‍ജന്റീനയില്‍ എന്‍ഗാംചേയുടെ അര്‍ഥം കൊളുത്ത് എന്നാണ്. മിഡ്ഫീല്‍ഡിനെയും ആക്രമണനിരയെയും കൂട്ടിച്ചേര്‍ക്കുക, ടീമിന്റെ പാസിന്റെ മേല്‍ നിയന്ത്രണം കൊണ്ടുവരിക, ഗോളടിക്കുക എന്നിവയ്ക്കൊക്കെ പ്രാപ്തനാണ് എന്‍ഗാംചേ. ചുരുക്കിപ്പറഞ്ഞാല്‍ മേളപ്രമാണി. ഒരു മാറഡോണ. തുടക്കത്തില്‍ എന്താണ് കളിക്കാനിഷ്ടടം എന്നു ചോദിച്ചാല്‍ മെസ്സി എന്‍ഗാംചേ എന്നു പറയും. ടീമിലുള്ളവര്‍ക്ക് അത് തിരിയില്ല. അങ്ങനെയൊരു സ്ഥാനത്തിന് അവരുടെ കളിയില്‍ ഒരു പഴുതുണ്ടായിരുന്നില്ല. വശങ്ങളില്‍ കളിക്കുന്ന കളിക്കാരനായിട്ടായിരുന്നു മെസ്സിയുടെ തുടക്കം. റൊണാള്‍ഡിഞ്ഞോ ബാഴ്‌സ വിട്ടുപോവുമ്പോള്‍ 10-ാം നമ്പര്‍ ജേഴ്സി മെസ്സിയുടെ ശരീരത്തിലേക്ക് മാറുകയും ഒരുനാള്‍ വശങ്ങളില്‍ നിന്ന് നടുസ്ഥാനത്തേക്ക് മാറുകയുമാണ്. കുപ്പായം 10, സാങ്കല്‍പിക സ്ഥാനം ഒമ്പത്, കളിക്കുന്നതോ വ്യാജ ഒമ്പതായി. സദാ ചലിക്കുന്ന കളിയില്‍ ഇതെല്ലാം അങ്ങോട്ടുമിങ്ങോട്ടും നീങ്ങുകയും പരസ്പരം ലയിച്ചു ചേരുകയും ചെയ്യുന്നു. 30-കളിലെ ഓസ്ട്രിയന്‍ ദേശീയ ടീമിന്റെ ശക്തികേന്ദ്രമായിരുന്ന മത്തിയാസ് സിന്‍ഡലാറും 50-കളിലെ ഹംഗറി ദേശീയ ടീമിന്റെ സെന്റര്‍ ഫോര്‍വേഡായിരുന്ന നാന്‍ഡോര്‍ ഹിഡേഗുട്ടിയും വ്യാജ ഒമ്പതിന്റെ ആദ്യകാല പ്രയോക്താക്കളായിരുന്നു.

ലാ ലീഗയിലെ പ്രധാനപ്പെട്ട ഒരു മത്സരത്തിന് മുമ്പേ രാത്രിക്ക് രാത്രിയാണ് മെസ്സി ഒമ്പതിന്റെ കള്ള വേഷം അണിയണം എന്ന തീരുമാനമുണ്ടായതെന്ന് പറയപ്പെടുന്നു. അതിന് മുമ്പേ ആ റോള്‍ ചില കളികളില്‍ പരീക്ഷിച്ച് റിഹേഴ്സല്‍ നടത്തിയിട്ടുണ്ടെങ്കിലും. 2009 മെയ് രണ്ടിലെ എല്‍ ക്ലാസിക്കോയ്ക്ക് മുമ്പുള്ള രാത്രി. റയലിന്റെ സെന്റര്‍ ബാക്കുകളായ ഫാബിയ കന്നാവരോയുടെയും ക്രിസ്റ്റോഫ് മെറ്റ്സെല്‍ഡറുടെയും മുന്‍പില്‍ ഇടക്കിടെ സ്ഥലം ശൂന്യമാകുന്നത് കോച്ച് ഗ്വാര്‍ഡിയോളയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അപ്പോള്‍ മെസ്സിയെ നടുസ്ഥലത്ത് എന്നാല്‍ പിന്നിലേക്കിറങ്ങി കളിപ്പിക്കാന്‍ കോച്ച് തീരുമാനിക്കുന്നു. സാമുവല്‍ എറ്റൂ ഈ സമയത്ത് വലത്തോട്ട് നീങ്ങിയിരിക്കും. കന്നാവരോക്കും മെറ്റ്സല്‍ഡര്‍ക്കും തങ്ങള്‍ക്ക് ആരെയാണ് കാക്കേണ്ടതെന്ന് തിരിയാതാവും എന്നാണ് പ്രതീക്ഷ. 10 മണിയായെങ്കിലും ഗ്വാര്‍ഡിയോള അപ്പോള്‍ തന്നെ മെസ്സിയെ വിളിച്ചുവരുത്തി പദ്ധതി അവതരിപ്പിക്കുന്നു.

പിറ്റേന്ന് കളി തുടങ്ങിയപ്പോള്‍ മെസ്സി വലതു വശത്തും ഏറ്റൂ നടുക്കും തന്നെ. എന്നാല്‍ 10 മിനുട്ട് കഴിഞ്ഞതോടെ ഗാര്‍ഡിയോള മുന്‍നിശ്ചയ പ്രകാരം കൈവീശി ഇവരോട് സ്ഥാനം മാറാന്‍ ആവശ്യപ്പെടുന്നു. മെസ്സി നടുസ്ഥലത്തേക്ക് വരുന്നു. ഡിഫന്‍ഡര്‍മാര്‍ക്ക് കാര്യം പിടികിട്ടുന്നില്ല. മെസ്സിയുടെ രണ്ടു ഗോള്‍, ഫലം ബാഴ്സ 6-2 ന് ജയിച്ചു. മെസ്സിയുടെ സ്ഥാന ചലനം തങ്ങളെ കുഴക്കിയെന്ന് പിന്നീട് ഡിഫന്‍ഡര്‍മാര്‍ ഇരുവരും സമ്മതിക്കുകയുണ്ടായി. 2008-2012 കാലത്ത് തന്റെ ഈ സ്ഥാനത്തെ മെസ്സി മായാത്തവിധം അടയാളപ്പെടുത്തി.
അതേ സമയം ഒരക്കത്തിന്റെയോ സ്ഥാനത്തിന്റെയോ കള്ളിയില്‍ പെടാത്ത കളിക്കാരും ഉണ്ടാവും. 2014-ല്‍ ലോകകപ്പ് നേടിയ ജര്‍മനിയുടെ ടോപ് സ്‌കോററായ തോമസ് മുള്ളറുടെ സ്ഥാനം അടയാളപ്പെടുത്താന്‍ പ്രയാസമുണ്ടാവും. മുള്ളര്‍ വിങ്ങിലും നടുക്കും പലതരം കളികളില്‍ ഏര്‍പ്പെടുന്നതു കാണാം. മറ്റുള്ളവരുടെ വഴിയില്‍ കയറി തടസ്സമുണ്ടാക്കാതെ മുള്ളര്‍ എങ്ങനെ കളിക്കുന്നു എന്നത് അദ്ഭുതമാണ്. ഓട്ടം തുടങ്ങുന്നത് വൈകിപ്പിക്കുന്ന മുള്ളര്‍ പക്ഷേ അപകടകാരിയാണ്. പന്തിനെ ലക്ഷ്യമാക്കി കാല്‍ വീശുമ്പോള്‍ അത് പന്തില്‍ കൊള്ളാം, കൊള്ളാതിരിക്കാം. പക്ഷേ ഗോളടിക്കും. എതിര്‍ നിരയില്‍ കയറി സദാ ശല്യം ചെയ്യും. ഒടുവില്‍ പത്രലേഖകരുടെ ചോദ്യങ്ങളുടെ ഫലമായി മുള്ളര്‍ തന്നെ തന്റെ സ്ഥാനത്തെ നിര്‍വചിക്കുകയും അതിന് ഒരു പേര് നല്‍കുകുയും ചെയ്തു. ''അപ്പോള്‍ ആരാണ് ഞാന്‍? ഒരു റോംഡ്യൂറ്റര്‍? യെസ് ഒരു റോംഡ്യൂറ്ററാണ് ഞാന്‍. നല്ല തലക്കെട്ടാവും അല്ലേ? 'റോംഡ്യൂറ്റര്‍' (raumdeuter) എന്നാല്‍ സ്ഥലത്തെ വ്യാഖ്യാനിക്കുന്ന ആള്‍.
Content Highlights: the false nine landscape for forwards in world football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..