ആരാണ് ഈസ്റ്റ് ബംഗാളിനെ പടിക്കല്‍ നിര്‍ത്തുന്നത്?


അനീഷ് പി നായർ

ഭാവിയിലെ വലിയ നേട്ടം മുന്‍കൂട്ടി കണ്ട് രാജ്യത്തെ വലിയ കുത്തക കമ്പനിയായ റിലയന്‍സ് വന്‍തോതില്‍ പണമിറക്കിയത്. അവരുടെ സൂപ്പര്‍ ലീഗിലേക്ക് പ്രവേശനം കിട്ടാന്‍ ഈസ്റ്റ് ബംഗാളിനെപോലെ നൂറ് വര്‍ഷം പഴക്കമുള്ള ക്ലബ്ബിന് യാചിച്ച് നില്‍ക്കേണ്ടി വരുന്നതില്‍ മാറുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദുരന്തമുഖം കൂടിയുണ്ട്

2003 ജൂലൈ 26-ന് ജക്കാർത്തയിൽ നടന്ന ഏഷ്യ ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിനു ശേഷം ഈസ്റ്റ് ബംഗാൾ ടീം

രവഗണനയിൽ നിന്നാണ് കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിന്റെ പിറവി. 100 വർഷം പൂർത്തിയാക്കുമ്പോൾ മറ്റൊരവഗണനയിൽ നീറുകയാണ് ക്ലബ്ബും ആരാധകരും. ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധം നടക്കുന്നു. മുൻതാരങ്ങൾ രംഗത്തിറങ്ങുന്നു. ബംഗാൾ മുഖമന്ത്രി മമതബാനർജി വരെ രംഗത്തുവരുന്നു. എന്നിട്ടും കോർപ്പറേറ്റ് ഫുട്ബോളിന്റെ വാതിൽ സമ്പന്നമായ ഭൂതകാലമുളള ക്ലബ്ബിന് മുന്നിൽ അടുത്ത സീസണിലേക്ക് തുറക്കുമെന്ന് തോന്നുനില്ല.

1920-ലെ കൂച്ച് ബെഹർ കപ്പിൽ മോഹൻ ബഗാനും ജോറ ബഗാനും തമ്മിലുളള മത്സരം. ജോറ ബഗാൻ ടീമിൽ പ്രതിരോധനിരതാരം ശൈലേഷ് ബോസിന് ഇടമില്ല. ക്ലബ്ബ് വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്ര ചൗധരി ആവശ്യപ്പെട്ടിട്ടും ബോസ് ടീമിന് പുറത്ത് തന്നെ. കിഴക്കൻ ബംഗാളിൽ നിന്നുള്ളവരോടുള്ള അവഗണനയുടെ പുതിയ പതിപ്പായിട്ടാണ് ചൗധരിക്കും സംഘത്തിനും ഇതനുഭവപ്പെട്ടത്. ക്ലബ്ബ് വിട്ടുപുറത്തുവന്ന അവർ അതേ വർഷം ഓഗസ്റ്റ് ഒന്നിന് രൂപം നൽകിയാണ് ഇന്ത്യൻ ഫുട്ബോളിൽ പടർന്നുപന്തലിച്ച ഈസ്റ്റ് ബംഗാൾ. കൊൽക്കത്ത ഫുട്ബോളിൽ മാത്രം ഒതുങ്ങി നിൽക്കാതെ രാജ്യം മുഴുവൻ ഫുട്ബോൾ പ്രേമികളിലേക്ക് പടർന്നു പന്തലിച്ച ടീം.

ഇന്ത്യൻ ഫുട്ബോളിലെ ഒന്നാം ഡിവിഷൻ ലീഗെന്ന സ്ഥാനം ഐ ലീഗിന് നഷ്ടപ്പെട്ടതോടെയാണ് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ സൂപ്പർ ലീഗ് പ്രവേശനത്തിന് കരുക്കൾ നീക്കിയത്. ഒരർത്ഥത്തിൽ ഈസ്റ്റ് ബംഗാളിനെ മാറ്റിനിർത്തി ഒന്നാം ഡിവിഷൻ നടത്തുന്നത് കാവ്യനീതിയുമല്ല. കാരണം ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തോടും നേട്ടങ്ങളോടും അടുത്തുചേർന്നു കിടക്കുന്ന, ശക്തമായ ആരാധകവൃന്ദമുള്ള ക്ലബ്ബിന് അർഹമായ പ്രാധാന്യം നൽകേണ്ടതുതന്നെയാണ്.

കോവിഡ് രോഗ വ്യാപനം മൂലം അടുത്ത സീസണിലെ സൂപ്പർ ലീഗ് നിലവിലെ ഫോർമാറ്റിൽ നിന്ന് മാറ്റി നടത്തുന്നതും ക്ലബ്ബിന്റെ സാമ്പത്തിക അസ്ഥിരതയുമാണ് ഈ വർഷം പ്രവേശനം നിഷേധിക്കപ്പെടുന്നതിന് കാരണമായി പുറത്തുവരുന്നത്. കഴിഞ്ഞ വർഷത്തെ നിക്ഷേപകരിൽ നിന്ന് സ്പോർട്ടിങ് അവകാശം തിരികെ വാങ്ങിയെങ്കിലും സാമ്പത്തികഭദ്രതയുളള കോർപ്പറേറ്റ് കമ്പനിയുടെ പിന്തുണയുണ്ടാക്കിയെടുക്കാൻ കൊൽക്കത്ത വമ്പൻമാർക്കായിട്ടില്ല. ഇതാണ് സൂപ്പർ ലീഗ് അന്യമാക്കുന്നത്.

ഈസ്റ്റ് ബംഗാളിനേയും മോഹൻ ബഗാനേയും വേർതിരിച്ചെടുത്താൽ കൊൽക്കത്ത ഫുട്ബോളില്ല. ഐ ലീഗ് ചാമ്പ്യൻമാരായിട്ടും സൂപ്പർ ലീഗ് ക്ലബ്ബ് എ.ടി.കെയുമായി ലയിച്ച് സൂപ്പർ ലീഗിലേക്ക് കയറാൻ ബഗാനെ പ്രേരിപ്പിച്ചത് ഐ ലീഗിന്റെ പ്രതാപനഷ്ടവും വരാനിരിക്കുന്ന വലിയ കളികൾക്കുള്ള കെൽപ്പില്ലാത്തതുമാണ്. ആരാധകരെ കൊണ്ട് മാത്രം ഇന്ത്യൻ ഫുട്ബോളിൽ പെരുമയുള്ള ക്ലബ്ബ് നടത്തികൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് അവർ നേരത്തെ മനസിലാക്കികഴിഞ്ഞതാണ്. ഈസ്റ്റ് ബംഗാളിന്റെ നിലനിൽപ്പ് തന്നെ ബഗാനോടുള്ള വൈരത്തിൽ നിന്നാണ്. ഇരു ടീമുകളുടെയും നാട്ടങ്കമാണ് കൊൽക്കത്ത ഫുട്ബോളിന്റെ കാതൽ. ബഗാൻ ഇല്ലാത്ത ഐ ലീഗിൽ, കൊൽക്കത്ത ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിന് നിലനിൽപ്പില്ല. സൂപ്പർ ലീഗിലേക്ക് കയറിയ എ.ടി.കെ -മോഹൻ ബഗാൻ മിശ്രിതത്തെ അവരുടെ മടയിൽ ചെന്ന് നേരിടാൻ ഈസ്റ്റ് ബംഗാളിന് പ്രവേശനം അനിവാര്യമാണ്.

ഇന്ത്യൻ ഫുട്ബോൾ വലിയ മാറ്റങ്ങളുടെ പാതയിലാണ്. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും താൽപ്പര്യപൂർവ്വം നോക്കുന്ന ഫുട്ബോളിന്റെ വലിയൊരു അക്ഷയഖനി. അതിലേക്കാണ് ഭാവിയിലെ വലിയ നേട്ടം മുൻകൂട്ടി കണ്ട് രാജ്യത്തെ വലിയ കുത്തക കമ്പനിയായ റിലയൻസ് വൻതോതിൽ പണമിറക്കിയത്. അവരുടെ സൂപ്പർ ലീഗിലേക്ക് പ്രവേശനം കിട്ടാൻ ഈസ്റ്റ് ബംഗാളിനെപോലെ നൂറ് വർഷം പഴക്കമുള്ള ക്ലബ്ബിന് യാചിച്ച് നിൽക്കേണ്ടി വരുന്നതിൽ മാറുന്ന ഇന്ത്യൻ ഫുട്ബോളിന്റെ ദുരന്തമുഖം കൂടിയുണ്ട്.

2003-ൽ ആസിയൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നേടിയ ടീമാണ് ഈസ്റ്റ് ബംഗാൾ. കൊൽക്കത്ത ഫുട്ബോൾ ലീഗിലും ഐ.എഫ്.എ ഷീൽഡിലും, ഡ്യുറാൻഡ് കപ്പിലും ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബ്ബ്. ദേശീയ ലീഗും ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും റോവേഴ്സ് കപ്പും ജയിച്ച ടീം. കിരീടവിജയങ്ങളുടെ പെരുമയിൽ ബഗാനൊപ്പം നിൽക്കുന്ന ടീം. അവർക്കാണ് ഒന്നാം ഡിവിഷനിൽ കളിക്കാൻ കാത്തുനിൽക്കേണ്ടി വരുന്നത്.

ഇന്ത്യൻ ഫുട്ബോളിൽ വമ്പൻ ക്ലബ്ബുകൾ പൊടുന്നനെ ഇല്ലാതായിട്ടുണ്ട്. എഫ്.സി കൊച്ചിനും ജെ.സി.ടിയും മഹീന്ദ്രയും വിവാ കേരളയുമൊക്കെ ഏറെ പഴക്കമില്ലാത്ത ഉദാഹരണങ്ങളാണ്. വൻതോതിൽ പണമിറക്കിയിട്ടും, നന്ദിവാക്ക് പോലും ലഭിക്കാതെ തിരിച്ചു നടന്ന ക്ലബ്ബുകൾ. മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും ഇന്ത്യൻ ഫുട്ബോൾ ഇപ്പോഴും നഷ്ടകച്ചവടമാണ്. സൂപ്പർ ലീഗ് ക്ലബ്ബുകൾ പോലും ലാഭത്തിലാകാൻ ഇനിയും വർഷങ്ങളെടുക്കും. അത്തരമൊരുകാലത്ത് നിന്ന് വേണം. നൂറ് വർഷങ്ങളിലെ ഈസ്റ്റ് ബംഗാളിന്റെ നഷ്ടങ്ങളെകുറിച്ച് ആലോചിക്കാൻ.

ഫുട്ബോൾ ചരിത്രകാരൻ ഗൗതം റോയ് ഇ.എസ്.പി.എൻ വെബ്സൈറ്റിനായി തിരഞ്ഞെടുത്ത ഈസ്റ്റ് ബംഗാളിന്റെ എക്കാലത്തേയും മികച്ച ഇലവനുണ്ട്. ആ ടീമിലെ പകരക്കാരുടെ ഇലവനെ ഇങ്ങനെയാണ്. സുബ്രതോ പാൽ (ഗോൾ കീപ്പർ), ബ്യോംകേഷ് ബോസ്, സുലെ മൂസ, മോനേം മുന്ന (പ്രതിരോധം) പ്രശാന്ത സിൻഹ, ഡഗ്ലസ് ഡാ സിൽവ, പരിമൾ ഡേ (മധ്യനിര) ചീമ ഒക്കേരി, പി.വെങ്കിടേഷ്, സുനിൽ ഛേനത്രി (മുന്നേറ്റം)

വർത്തമാന ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരവും ഇന്ത്യൻ നായകനുമായ സുനിൽ ഛേത്രിക്ക് പകരക്കാരുടെ ബഞ്ചിലാണ് സ്ഥാനം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോഴും ഛേത്രിയാണ് മികച്ച ഇന്ത്യൻ താരമെന്നുമോർക്കണം.

ഗൗതം റോയിയുടെ ഓൾടൈം ഈസ്റ്റ്ബംഗാൾ ടീം ഇങ്ങനെയാണ്. പീറ്റർ തങ്കരാജ് (ഗോൾകീപ്പർ), സൂധീർ കർമാക്കർ (റൈറ്റ് ബാക്ക്) അരുൺ ഘോഷ്, മനോരഞ്ജൻ ഭട്ടാചാര്യ (സെൻട്രൽ ബാക്ക്) സയീദ് നയിമൂദ്ധീൻ (ലെഫ്റ്റ് ബാക്ക്) അഹമ്മദ് ഖാൻ, മജീദ് ഭാസ്ക്കർസ സുധീപ് ചാറ്റർജി (മധ്യനിര) റാന്റി മാർട്ടിൻസ്, ബൈച്ചുങ് ബൂട്ടിയ. തുൽസിദാസ് ബലറാം (മുന്നേറ്റനിര). ഒന്നാം ഡിവിഷനിൽ നിന്ന് ഈസ്റ്റ് ബംഗാളിനെ മാറ്റിനിർത്തുന്നവർക്ക് മുന്നിലാണ് ഈ ഇലവൻ തലയുയർത്തി നിൽക്കുന്നത്. ബഗാനില്ലാതെ ഈസ്റ്റ് ബംഗാൾ കളിക്കുന്ന ഐ ലീഗും, ഈസ്റ്റ് ബംഗാളില്ലാതെ എ.ടി.കെ- മോഹൻ ബഗാൻ കളിക്കുന്ന സൂപ്പർ ലീഗും പ്ലേമക്കറില്ലാത്ത മത്സരം പോലെയാണ്.

Content Highlights: the burden of a century for East Bengal Caught between I-League and ISL


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented