കാർലോസ് വാൾഡറായമയും റെനെ ഹിഗ്വിറ്റയും | Photo: AFP
'എല്ലാ സന്തുഷ്ട കുടുംബങ്ങളും ഒരേ പോലെയിരിക്കും. എന്നാല്‍ ഓരോ അസന്തുഷ്ട കുടുംബവും ഓരോരോ വിധത്തിലായിരിക്കും സന്തോഷമില്ലാത്തവരായി കാണപ്പെടുക', ടോള്‍സ്റ്റോയി തന്റെ പ്രശസ്തമായ 'അന്ന കരേനിന' ഇങ്ങനെയാണ് തുടങ്ങുന്നത്. മെക്‌സിക്കോയിലെ നോവലിസ്റ്റും അധ്യാപകനും പത്രപ്രവര്‍ത്തകനും ഒക്കെയായ ഹ്വാന്‍ വിയ്യോറോ സന്തുഷ്ട കുടുംബങ്ങള്‍ നോവലുകള്‍ക്കു പറ്റിയ പ്രമേയമല്ലെന്ന് അംഗീകരിക്കുന്നു. അദ്ദേഹം തന്റെ 'പന്ത് ദൈവമാണ്' (ദ ബോള്‍ ഈസ് ഗോഡ്, 2016) എന്ന രചനയില്‍ ഇങ്ങനെ കുറിക്കുന്നു 'സന്തുഷ്ട കുടുംബങ്ങള്‍ നോവലുകള്‍ രചിക്കുന്നില്ല എന്ന് ടോള്‍സ്റ്റോയിയെ വായിച്ച് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. അതു പോലെ തന്നെ അവ ഫുട്‌ബോള്‍ കളിക്കാരെയും സൃഷ്ടിക്കുന്നില്ല.' ഇത് പൂര്‍ണമായും സത്യമാകാനിടയില്ല. എന്നാല്‍ ഈ ചെറിയ അസത്യം കളിയെ സംബന്ധിച്ച കൂടുതല്‍ തെളിച്ചമുള്ള സത്യത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും. വിയ്യോറോയുടെ തത്വചിന്തകനായ അച്ഛന്‍ ലൂയി ബാഴ്‌സലോണ സ്വദേശിയാണ്.
ശരീരത്തിനും മനസ്സിനുമേറ്റ പരിക്കുകള്‍, ഇല്ലായ്മകളെ പൂരിപ്പിക്കാനുള്ള അഭിലാഷങ്ങള്‍, നഷ്ടമായതിനെച്ചൊല്ലിയുള്ള വ്യഥകള്‍ ഇവ കളിക്കാരെയും ടീമുകളെയും സൃഷ്ടിക്കുന്നുവെന്ന് വിയ്യോറോ കരുതുന്നുവെന്ന് മനസ്സിലാക്കണം. യുക്തിവിചാരത്തിന് അധികമൊന്നും വഴങ്ങാത്ത ഒരനുഭവമായി കളിയെ അദ്ദേഹം മനസ്സിലാക്കുന്നു. മനസില്ലായ്ക എന്നത് ഫുട്‌ബോളിന്റെ ഒരു ഗുണമാണ്. ഈ ഗുണം സദാ പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിലാണ് അതിന്റെ ആകര്‍ഷണീയത കിടക്കുന്നത്. 'ചിലത് നടക്കുന്നു. നമുക്കത് മനസ്സിലാവില്ല. പുല്ല് വളരുന്നതും രക്തം ശരീരത്തിലൂടെ കറങ്ങി നടക്കുന്നതും പോലെ.'
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ കഥകളിലെ യുക്തിയില്ലായ്മ അദ്ദേഹത്തിന്റെ വായനക്കാരെ പരിഭ്രാന്തരാക്കുന്നില്ല. അതില്‍ യുക്തിയുണ്ടെങ്കിലാണ് നമ്മള്‍ സംശയിക്കുക. മാര്‍ക്കേസിന്റെ കഥയിലെ ഒരു ഡോക്ടര്‍ പേപ്പട്ടി കടിച്ച പെണ്‍കുട്ടിയെ പരിശോധിക്കുമ്പോള്‍ ലാറ്റിന്‍ ഭാഷയില്‍ സംസാരിക്കുന്നു. ഡോക്ടര്‍ അബ്രെന്‍ഷിയോവിനോട് പെണ്‍കുട്ടി സ്പാനിഷില്‍ സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ''ഞാന്‍ നിങ്ങളോടല്ല പറയുന്നത്.ഞാന്‍ ചിന്തിക്കുന്നത് ലോ ലാറ്റിനിലാണ്.''
മറ്റൊരു കഥയില്‍, കുത്തേറ്റ സാന്റിയാഗോ നസര്‍ കുടല്‍മാലയും താങ്ങിപ്പിടിച്ച് മറ്റൊരു വീട്ടിലൂടെ കയറിയിറങ്ങി സ്വന്തം വീട്ടിലെ അടുക്കളയില്‍ മരിച്ചു വീഴുകയാണ്. ഒരു ലാറ്റിനമേരിക്കക്കാരന്റെ അഥവാ കൊളംബിയക്കാരന്റെ കഥകളില്‍ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. അതു പോലെ കളിക്കളത്തിലെ അദ്ഭുകരമായ സംഭവങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഒരു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ എല്ലാ യുക്തിയെയും തള്ളിക്കളയണം എന്ന് വിയ്യോറോ. ജയപരാജയങ്ങള്‍പ്പുറമുള്ള ഫുട്‌ബോളിന്റെ സത്തയെയാണ് വിയ്യോറോ തേടുന്നത് എന്ന് വ്യക്തം.
ഒരു പക്ഷേ സ്വന്തം നാടായ മെക്‌സിക്കോ കഴിഞ്ഞാല്‍ വിയ്യോറോയ്ക്ക ഏറ്റവും ഇഷ്ടപ്പെട്ടത് മാര്‍ക്കേസിന്റെ നാടായ കൊളംബിയയുടെ ടീമുകളായിരിക്കണം. കാരണം, ഫുട്‌ബോളിന്റെ യുക്തിഹീനതയെക്കുറിച്ച് വെളിവാക്കുന്ന തരത്തില്‍ ഏറ്റവും മുന്തിയതും രുചികരവുമായ ഭക്ഷണം ഈ എഴുത്തുകാരനു മുന്നില്‍ വിളമ്പുന്നത് കൊളംബിയന്‍ കളിക്കാരാണ് എന്ന് അവരെക്കുറിച്ച് വരച്ചിട്ടിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവും.
ആത്മീയമായ ഉത്കണ്ഠ ലേശം ശരീരത്തില്‍ ചെന്നാല്‍ മാത്രം എന്തെങ്കിലും ചെയ്യാന്‍ തയ്യാറാവുന്ന ലാറ്റിനമേരിക്കക്കാരുടെ കൂട്ടത്തില്‍ പെടുന്നു അവരുടെ ആശാ നാളങ്ങളായ ഹിഗ്വിറ്റയും വാള്‍ഡറാമയും എന്ന് വിയ്യോറോ. അവര്‍ക്ക് ഒന്നനങ്ങാന്‍ ലേശം ആങ്സ്റ്റ്, വേദന അഥവാ സംത്രാസം കൂടിയേ കഴിയൂ. ലോകകപ്പില്‍ കളിച്ചിട്ടുള്ള ഗോളി റെനെ ഹിഗ്വിറ്റ, അപ്രതീക്ഷിതമായ പന്തിനു വേണ്ടി കയറിക്കളിക്കാറുള്ളതു മൂലം വളരെ പ്രസിദ്ധന്‍. കാര്‍ലോസ് വാള്‍ഡറായമയുടെ പന്തുമായുള്ള തിടമ്പ് നൃത്തം പോലെ തന്നെ എഴുന്നു നില്‍ക്കുന്ന വെള്ളി മുടിയും വളരെ കേള്‍വി കേട്ടത്. വാള്‍ഡറാമയുടെയും ഹിഗ്വിറ്റയുടെയും ചിത്രം വരക്കാനൊരുങ്ങുമ്പോള്‍ കേശഭാരത്തിലേക്കല്ല,, കാടു പോലുള്ള മുടിയും കുറ്റിക്കാട് പോലുള്ള താടിയും തമ്മിലുള്ള പൊരുത്തമില്ലായ്മയിലേക്കാണ് അദ്ദേഹത്തിന്റെ കണ്ണുകള്‍ ചെല്ലുന്നത്. നീണ്ട ചീകാത്ത മുറ്റിയ മുടി. താടിരോമങ്ങളാകട്ടെ അവിടവിടെ മാത്രം. ഈ വിധം മുടിയും താടിയും തമ്മില്‍ ഇത്രയധികം ചേര്‍ച്ചയില്ലായ്മ പൈററ്റുകളിലും (കടല്‍ കൊള്ളക്കാര്‍) പഴയ വെടിക്കാരിലും മാത്രമേ കാണൂ! പൈററ്റായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടന്‍ ജോണി ഡെപ്പിനെ ഓര്‍ക്കുക.

കൊളംബിയയെക്കുറിച്ചുള്ള ചിത്രം ഏതാനും ഖണ്ഡികകളിലേ ഉള്ളൂവെങ്കിലും അതിലെ ഫുട്‌ബോളിന്റെ പ്രകൃതി വിലോഭനീയമാണ്. താടിരോമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്നവര്‍ മാത്രമല്ല കൊളംബിയക്കുള്ളത്. ഗ്രൗണ്ടില്‍ ഉറക്കത്തില്‍ അലഞ്ഞുതിരിയുന്നതു പോലെ തോന്നിക്കുന്ന ധാരാളം കറുത്ത കളിക്കാരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ പെട്ടെന്ന് റെക്കോഡ് സമയത്ത് 100 വാര ഓടുന്നതും കാണാം. 1990-ലെയും 1994-ലെയും ലോകകപ്പിനെ കുറിച്ച് വിയ്യോറോ അങ്ങിനെയാണ് പറയുക. ഹിഗ്വിറ്റയും വാള്‍ഡറാമയും തങ്ങളെക്കുറിച്ച് അത്രയും ഉറപ്പുള്ളവരാണ്. എത്രമാത്രമമെന്നു വെച്ചാല്‍, ഒരു കളി തുടങ്ങുമ്പോള്‍ മറ്റൊരു കളി അവര്‍ അവസാനിപ്പിച്ചതായി തോന്നും. കൊളംബിയയെ ആരും തോല്‍പ്പിക്കാറില്ല. തങ്ങളുടെ പതനം അവര്‍ തന്നെ ആസൂത്രണം ചെയ്യുന്നു. കളിയുടെ അന്തിമ ഫലം എന്നത് ഓരോരുത്തരുടെ വ്യാഖാനമനുസരിച്ചിരിക്കും. നിശ്ചയിച്ചുറപ്പിച്ച് വഴിയില്‍ നിന്ന് തെറ്റി നടക്കുന്നതില്‍ കേമന്‍മാരാണവര്‍. വിജയത്തെക്കുറിച്ചാലോചിച്ച് തല പുണ്ണാക്കാന്‍ മാത്രം തരം താഴുന്നവരല്ല. ഒരു ഫ്രീക്കിക്കെടുക്കുന്ന ഹിഗ്വിറ്റയ്ക്ക് തന്റെ പോസ്റ്റിലേക്ക് തന്റെ കാലുകള്‍ക്ക് താങ്ങാവുന്നതിലുമധികം വേഗത്തില്‍ ഓടി തിരിച്ചെത്തണം. എന്നാലും ഇതിനെ തുടര്‍ന്നുണ്ടാവുന്ന പ്രത്യാക്രമണം അയാളെ ത്രസിപ്പിക്കും.
വാള്‍ഡറാമയെക്കുറിച്ച് പറയുമ്പോള്‍ തന്നോട് കവി ഡാരിയൊ ജറാമിയ്യോ അഗുദെലെ പറഞ്ഞത് വിയ്യോവിന്റെ മനസ്സിലെത്തും. ''ഞങ്ങള്‍ ഗംഭീരമായ ഫുട്‌ബോള്‍ കളിക്കും. പക്ഷേ സ്ലോ മോഷനിലായിരിക്കും എന്നു മാത്രം.'' ഒരിക്കലും തിരക്കുകൂട്ടാത്ത ഒരു മിഡ്ഫീല്‍ഡര്‍ ഗുണം ചെയ്യുമോ എന്നു ചോദിച്ചാല്‍ ഇല്ല, വിശേഷിച്ചും എതിരാളികള്‍ ഓടിക്കളിക്കുന്ന സ്ഥിതിക്ക്. പക്ഷേ അയാളുടെ ശാന്തത എന്നത് അയാള്‍ പിന്തുടരുന്ന ഒരാദര്‍ശമാണ്. ഒരു ഫയറിങ് സ്‌കോഡിന് മുന്നില്‍ നിര്‍ത്തി വെടിക്കാര്‍ വാള്‍ഡറാമയുടെ നെഞ്ചത്തേക്ക് തോക്കു ചൂണ്ടി നില്‍ക്കുന്നുവെന്നു കരുതുക. ആ സമയത്ത് ചിലപ്പോള്‍ ഇത് വലിയ ശല്യമായല്ലോ എന്ന് പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് സാധിച്ചേക്കും. അതോടെ വധശിക്ഷ റദ്ദാക്കപ്പെടുകയും ചെയ്യും! അന്തസ്സോടെ ശണ്ഠ കൂടുന്ന ഈ കടല്‍കൊള്ളക്കാര്‍ അവരുടെ എല്ലാ നല്ല കളിയും പുറത്തെടുക്കുന്ന ഒരു സന്ദര്‍ഭത്തേക്കാളും ലാറ്റിനമേരിക്കനായ ഒരു പ്രകടനം വേറെയെന്തുണ്ട് എന്ന് വിയ്യോറോ സ്വയം ചോദിക്കുന്നു. കൊളംബിയക്കാരുടെ ഈ ഗുണം മെക്‌സിക്കോക്കാര്‍ക്ക് ആര്‍ജിക്കണമെന്നുണ്ട്. പക്ഷെ അതിനെ വരുതിയിലാക്കാന്‍ അവര്‍ക്ക് ആയിട്ടില്ല.
ഗ്രൗണ്ടില്‍ വീഴുന്ന കളിക്കാരുടെ അഭിനയത്തെക്കുറിച്ച്, മൂന്നു ലോക കപ്പുകളില്‍ ഫൈനല്‍ കളിച്ചിട്ടും ജയിക്കാതെ പോയ ഹോളണ്ടിന്റെ വിധിയെക്കുറിച്ച്, കൂടുതല്‍ പണമുള്ളവരും പണം അത്രയില്ലാത്തവരുമായ ക്ലബ്ബുകള്‍ ഒരേ വേദിയില്‍ കളിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ കളിയിലെ പലവിധ രഹസ്യങ്ങളും തന്റെ വാക്കുകളുടെ ഗൂഢഭാഷ ഉപയോഗിച്ച് വിയ്യോറോ തുറക്കുന്നതായി കാണാം. ഒരു നാടകശാലയിലെന്ന പോലെ ഗ്രൗണ്ടില്‍ മരിച്ചുവീഴുന്നതു പോലെ കിടക്കുന്ന കളിക്കാര്‍ മരണവും ഉത്ഥാനവും നടിക്കുന്നു. എന്നാല്‍ ഉയിര്‍പ്പിനു പിന്നാലെ ഓടിക്കളിക്കുകയും ചെയ്യുന്ന ദൃശ്യം ഫുട്‌ബോള്‍ ഗ്രൗണ്ടിലേ കാണൂ. ഇതു പറയുമ്പോള്‍ 200 തവണ മരിച്ചിട്ടുള്ള ഒരാള്‍ വിയ്യോറോവിന്റെ മനസ്സില്‍ വരും. സിനിമ സെറ്റുകളില്‍ കോണിയില്‍ നിന്ന് മറിഞ്ഞുവീഴുകയും വെടി കൊണ്ട് നിലം പതിക്കുകയും തൊഴിലാക്കിയ ഒരു നടനാണ് അദ്ദേഹം. ഒരു ജയം ഇഛിക്കാന്‍ മാത്രം അതിനു വേണ്ടി പൊരുതാന്‍ വേണ്ടത്രയും പഴയ മുറിവുകളുടെ വടുക്കള്‍ ഹോളണ്ടുകാര്‍ കൊണ്ടു നടക്കുന്നില്ല. സമ്പത്തില്‍ വലിയ അന്തരമുള്ള ക്ലബ്ബുകള്‍ ഒരേ വേദിയില്‍ മത്സരിക്കുമെങ്കിലും സാമ്പത്തിക രംഗത്തെ നീതി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കാണാനാവില്ല.
ടോള്‍സ്റ്റോയിയും വിയ്യോറോയും പറയുന്നത് ഇങ്ങന മാറ്റാനാവുമോ? 'ജയിക്കുന്ന എല്ലാ ടീമുകളും ജയിക്കുന്ന വേളയില്‍ ഒരു പോലെയിരിക്കും. എന്നാല്‍ തോല്‍ക്കുന്ന ടീമുകള്‍ ഓരോരുത്തരെയും ഓരോ വിധത്തിലാണ് കാണുക' പ്രയാസമാണ്.
Content Highlights: rene higuita Carlos Valderrama and the colombian football
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..