'സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഇങ്ങനെയല്ല, സ്‌പോര്‍ട്ടിങിന് ഇങ്ങനെയാകാന്‍ കഴിയുകയുമില്ല'
മൂന്ന് വര്‍ഷം മുമ്പ് പരിശീലന ഗ്രൗണ്ടിലേക്ക് ഒരുസംഘം ആരാധകര്‍ അതിക്രമിച്ചുകയറി കളിക്കാരേയും ജീവനക്കാരേയും ആക്രമിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 114 വര്‍ഷം പഴക്കമുള്ള, പോര്‍ച്ചുഗല്‍ ഫുട്‌ബോളിന് നിരന്തരം സംഭാവന നല്‍കികൊണ്ടിരിക്കുന്ന, ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലൂയി ഫിഗോയേയുമൊക്കെ നല്‍കിയ ക്ലബ്ബിന്റെ ആ പ്രതികരണത്തില്‍ എല്ലാമുണ്ട്. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നഷ്ടപ്പെട്ടതിന് പിറ്റേനാളായിരുന്നു ആരാധകരുടെ അക്രമം. അതോടെ ലോക ഫുട്‌ബോളില്‍ സ്‌പോര്‍ട്ടിങിന് നഷ്ടപ്പെട്ടത് അവരുടെ മുഖമായിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പോര്‍ച്ചുഗല്‍ ലീഗ് കിരീടമുയര്‍ത്തി, ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി സ്‌പോര്‍ട്ടിങ് തലയുയര്‍ത്തുകയാണ്. 19 വര്‍ഷത്തെ കിരീടമില്ലായ്മയുടെ വേദന അവര്‍ മറക്കുന്നു. പോര്‍ട്ടോയും ബെന്‍ഫിക്കയും മാറിമാറി പങ്കിട്ട കപ്പ് ലിസ്ബണിലെ ക്ലബ്ബിന്റെ കിരീടമുറിലേക്ക് വരുന്നു.
കിരീടമില്ലായ്മയുടെ വേദനയും അതില്‍ സഹികെട്ട ആരാധകര്‍ സമ്മാനിച്ച അപമാനവും ക്ലബ്ബിനുള്ളിലെ  പ്രശ്‌നങ്ങളുമെല്ലാം ഇനി സ്‌പോര്‍ട്ടിങ്ങിന് മറക്കാം. രണ്ട് റൗണ്ട് ബാക്കിനില്‍ക്കെയാണ് സ്‌പോര്‍ട്ടിങ് കിരീടം ഉറപ്പിക്കുന്നത്. അതും ഒറ്റ മത്സരവും തോല്‍ക്കാതെ. 32 കളിയില്‍ 25 ജയവും ഏഴ് സമനിലയും. പോര്‍ട്ടോ രണ്ടാമതും ബെന്‍ഫിക്ക മൂന്നാമതുമാണ് ലീഗില്‍.

അന്നത്തെ അക്രമസംഭവങ്ങള്‍ക്ക് ശേഷം ക്ലബ്ബില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. ക്ലബ്ബ് പ്രസിഡന്റ് ബ്രൂണോ കാര്‍വാലോയും പരിശീലകന്‍ യോര്‍ഗെ ജെസ്യൂസും തെറിച്ചു. ഏഴ് പ്രമുഖ കളിക്കാര്‍ ടീം വിട്ടുപോയി. 2020-ല്‍ 36-കാരനായ റുബന്‍ അമോറിം പരിശീലകനായെത്തിയതോടെയാണ് ക്ലബ്ബിന്റെ തലവരമാറിയത്. 2006-ല്‍ മാത്രം കളിക്കളത്തില്‍ നിന്ന് വിരമിച്ച അമോറിമിന് വമ്പന്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചൊന്നും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ പരിശീലന ചുമതലയേറ്റെടുത്ത് 72 ദിവസത്തിനുള്ളില്‍ ബ്രാഗയെന്ന കുഞ്ഞന്‍ ക്ലബ്ബിനെ പോര്‍ച്ചുഗല്‍ കപ്പ് വിജയത്തിലേക്ക് നയിച്ചതോടെയാണ് അമോറിം ശ്രദ്ധിക്കപ്പെടുന്നത്.അതോടെ പോര്‍ച്ചുഗല്ലിലെ വമ്പന്‍ ക്ലബ്ബുകളുടെ നോട്ടപ്പുളളിയായി മാറി. മികച്ച പരിശീലകനെ തേടിയുള്ള സ്‌പോര്‍ട്ടിങ്ങിന്റെ അന്വേഷണവും യുവപരിശീലകനിലാണ് അവസാനിച്ചത്. അങ്ങനെ 10 ദശലക്ഷം യൂറോ റിലീസിങ് ക്ലോസ് തുകയായി നല്‍കി അമോറിമിനെ സ്‌പോര്‍ട്ടിങ് സ്വന്തമാക്കി. പരിശീലകനുമായുള്ള കരാറില്‍ ക്ലബ്ബ് എഴുതിചേര്‍ത്ത് 20 ദശലക്ഷം യൂറോയുടെ റിലീസിങ് ക്ലോസാണെന്ന് കൂടി ഓര്‍ക്കണം.

കളിക്കുന്ന കാലത്ത് സ്‌പോര്‍ട്ടിങ്ങിന്റെ എതിരാളികളായിരുന്ന ബെന്‍ഫിക്കക്ക് വേണ്ടിയാണ് അമോറിം കൂടുതലും ബൂട്ടുക്കെട്ടിയത്. എന്നാല്‍ പരിശീലക വേഷത്തിലെത്തിയത് സ്‌പോര്‍ട്ടിങ്ങിലും. ടീമിന്റെ ശൈലി പരിഷ്‌ക്കരിക്കുകയാണ് ആദ്യം ചെയ്തത്. 3-4-3 ഫോര്‍മേഷനില്‍ കളിപ്പിക്കാന്‍ തുടങ്ങി. 3-4-2-1,3-3-3-1 ശൈലികളിലും കളിക്കാന്‍ ടീമിനെ പരിശീലിപ്പിച്ചു. പ്രതിരോധത്തില്‍ പരിചയസമ്പന്നര്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ മധ്യനിരയിലും മുന്നേറ്റത്തിലും യുവരക്തം നിറച്ചു.

sportsing lisbon
സ്പോർട്ടിങ് ലിസ്ബൺ താരങ്ങളുടെ ആഹ്ലാദപ്രകടനം

30 വയസിന് മുകളില്‍ പ്രായമുള്ള സൗഹെയര്‍ ഫെഡല്‍, ലൂയി നെറ്റോ, നായകന്‍ സെബാസ്റ്റ്യൻ കോവാറ്റസ് എന്നിവര്‍ പ്രതിരോധത്തിലെ പ്രധാനികളായി. 28-കാരന്‍ ജാവോ മരിയോയെ മധ്യനിരയുടെ നിയന്ത്രണമേല്‍പ്പിച്ചു. ജാവോ പൗളീന്യോ, ന്യൂനോ മെന്‍ഡസും പോറോയും മധ്യനിരയില്‍ കളിച്ചു. പെഡ്രോ ഗോണ്‍സാലസും നുനോ സാന്റോസും വിങ്ങര്‍മാരായി. പൗളീന്യോയും  ടിയാഗോ ടോമാസും സ്‌ട്രൈക്കര്‍മാരുടെ റോളിലെത്തി. 16 ഗോള്‍ നേടിയ പെഡ്രോയും ആറ് ഗോള്‍ നേടിയ സാന്റോസും കിരീടവിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

വിജയതൃഷ്ണയുള്ള ടീമിനെയൊരുക്കിയെടുക്കാന്‍ അമോറിമിന് കഴിഞ്ഞുവെന്നതാണ് പ്രധാനം. പരിശീലക രംഗത്ത് അനുഭവസമ്പത്ത് കുറവാണെങ്കിലും കളിക്കളത്തില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത തന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അയാള്‍ക്കായി. വിജയമില്ലാതെ വരണ്ടുകിടന്ന ലിസ്ബണ്‍ ക്ലബ്ബ് പരീക്ഷണങ്ങള്‍ക്ക് പറ്റിയ മികച്ച മണ്ണായിരുന്നു. അത് അമോറിം നന്നായി ഉപയോഗപ്പെടുത്തി. പോര്‍ട്ടോയും ബെന്‍ഫിക്കയും കളിക്കുന്ന ലീഗില്‍ തോല്‍വിയറിതെ കിരീടം ഉറപ്പാക്കാന്‍ അത്രയും കെട്ടുറപ്പുള്ള ടീമിന് മാത്രമെ കഴിയുകയുള്ളു. അമോറിന് മികച്ച പരിശീലകനാവുന്നത് അവിടെയാണ്. 

ലീഗ് കിരീടം മാത്രമല്ല ഇത്തവണ പോര്‍ച്ചുഗല്‍ കപ്പും സ്‌പോര്‍ട്ടിങ്ങാണ് നേടിയത്. ചരിത്രത്തില്‍ 19 ലീഗ് കിരീടങ്ങളുടേയും 17 പോര്‍ച്ചുഗല്‍ കപ്പുകളുടേയും കഥ പറയാനുണ്ടെങ്കിലും ഇത്രയും ആശിച്ച വിജയം വേറെയുണ്ടാകില്ല. പോര്‍ച്ചുഗല്‍ ഫുട്‌ബോളിലേക്ക് അക്ഷയപാത്രം പോലെ കളിക്കാരെ നല്‍കുന്ന ലിസ്ബണിലെ ക്ലബ്ബ് കിരീടവിജയമില്ലാതെ ഏറെനാള്‍ പുറത്തുനില്‍ക്കുന്നതിന് കാവ്യനീതിയുമില്ല.

Content Highlights: Sporting Lisbon Portuguese League Soccer champions