ന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ഏഴാം സീസണിലെത്തി നിൽക്കുമ്പോൾ കൗതുകകരമായ കാര്യം സ്പാനിഷ് പരിശീലകരുടെ എണ്ണവും ഏഴാണെന്നുള്ളതാണ്. ലീഗിൽ കളിക്കുന്ന പത്ത് ടീമുകളിൽ ഏഴെണ്ണത്തിനും സ്പാനിഷ് പരിശീലകർ. ആദ്യ സീസണിൽ എ.ടി.കെയുടെ അന്റോണിയോ ലോപ്പസ് ഹെബാസിൽ നിന്നാണ് ഈ വളർച്ച.

ആദ്യ സീസണിൽ ഏഴ് സ്പാനിഷ് കളിക്കാരാണുണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ സീസണിലത് 26 ആയി ഉയർന്നു. ഏഴാം സീസണിലേക്ക് കളിക്കാരെ ക്ലബ്ബുകൾ കണ്ടെത്തുന്നതേയുള്ളു. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട 38 കളിക്കാരിൽ 15 പേർ സ്പെയിനിൽ നിന്നാണ്. ബാക്കിയുള്ള 32 കളിക്കാരുടെ പട്ടിക കൂടിയാകുമ്പോൾ കഴിഞ്ഞ തവണത്തെ എണ്ണം മറികടക്കാനാണ് സാധ്യത.

സൂപ്പർ ലീഗിൽ സ്പാനിഷ് പ്രേമം വർധിക്കാനുള്ള കാരണമെന്താണ്. സ്പാനിഷ് കളിക്കാരുടേയും പരിശീലകരുടേയും സ്വാധീനം ഇന്ത്യൻ ഫുട്ബോളിൽ മറ്റൊരു ടിക്കി ടാക്ക വിപ്ലവത്തിന് കാരണമാകുമോ? ഈ പറഞ്ഞ രണ്ട് ചോദ്യങ്ങൾ ന്യായമായും ഉന്നയിക്കാൻ ഓരോ ഫുട്ബോൾ പ്രേമിക്കും അവകാശമുണ്ട്.

പെപ്പ് ഗാർഡിയോളയുടെ കാലത്തെ ബാഴ്സലോണ ലോക ക്ലബ്ബ് ഫുട്ബോളിൽ സൃഷ്ടിച്ച സ്വാധീനം വളരെ വലുതാണ്. ടിക്കി ടാക്കയെന്ന കുറിയ പാസ്സുകളിൽ അധിഷ്ഠിതമായ കളി ഫുട്ബോൾ പ്രേമികളിലുണ്ടാക്കിയ വികാരങ്ങൾക്ക് കുറവില്ലതാനും.

ഇന്ത്യൻ ഫുട്ബോളിലും പെപ്പും മെസ്സിയും സാവിയും ഇനിയേസ്റ്റയും സൃഷ്ടിച്ച ചലനങ്ങളും റയൽ മഡ്രിഡിന്റെ മറുപോരാട്ടങ്ങളും വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഗ്ലാമർ ഫുട്ബോളിനൊപ്പം സ്പാനിഷ് ലാലിഗക്കു സ്ഥാനം ലഭിച്ചതും ഇക്കാലത്താണ്. ലോകകപ്പിലേയും യൂറോകപ്പിലേയും സ്പാനിഷ് വിജയങ്ങളും ലോകമെമ്പാടും സ്വീകാര്യത കൂട്ടുകയും ചെയ്തു.

ഐ ലീഗിൽ ആഫ്രിക്കൻ താരങ്ങൾക്കായിരുന്നു കൂടുതൽ സ്വീകാര്യത ലഭിച്ചിരുന്നത്. ഇന്ത്യൻ സാഹചര്യങ്ങളും മത്സരനടത്തിപ്പും യൂറോപ്യൻ താരങ്ങൾക്ക് അനുയോജ്യമായിരുന്നില്ല. നട്ടുച്ചക്കുള്ള കളികളും ആഴ്ച്ചയിൽ ഒന്നിലധികം മത്സരങ്ങളും കുറഞ്ഞ ബജറ്റും കൃത്യമായ വിപണിയില്ലാത്തതുമൊക്കെ യൂറോപ്പിൽ നിന്ന് താരങ്ങളെ കൊണ്ടുവരുന്നതിന് ക്ലബ്ബുകളെ അകറ്റുകയും ചെയ്തു.

2014-ൽ ഇന്ത്യൻ ഫുട്ബോളിൽ ആഗോളവത്‌ക്കരണത്തിന് തുടക്കമിട്ട് ഐ.എസ്.എൽ ആരംഭിച്ചതോടെയാണ് ആഫ്രിക്കൻ കളിക്കാർക്ക് പകരം യൂറോപ്യൻ - തെക്കേ അമേരിക്കൻ കളിക്കാർക്കായി വാതിൽ തുറന്നിടുന്നത്. മികച്ച ടെലിവിഷൻ സംപ്രേക്ഷണവും കോടികളുടെ ബജറ്റമുള്ള ലീഗിന് ഗ്ലാമർ താരങ്ങൾ അനിവാര്യമായിരുന്നു. തുടക്കത്തിൽ ബ്രസീൽ താരങ്ങൾക്ക് ലീഗിൽ പ്രധാന്യം കിട്ടിയിരുന്നെങ്കിൽ 2017-18 സീസണോടെ സ്പാനിഷ് താരങ്ങൾ ആധിപത്യം നേടിത്തുടങ്ങി.

ക്ലബ്ബ് ഫുട്ബോളിനെ നിയന്ത്രിക്കുന്ന ബിഗ് ഫൈവ് ലീഗുകളിൽപ്പെടുന്ന സ്പാനിഷ് ഫുട്ബോളിലേക്ക് ഇന്ത്യൻ ക്ലബ്ബുകളുടെ ശ്രദ്ധ തിരിയാൻ കാരണം മൂന്ന് കാരണങ്ങളാണ്. ആദ്യമായി സ്പാനിഷ് താരങ്ങൾക്കും പരിശീലകർക്കും ആഗോള ഫുട്ബോൾ വിപണിയിലുള്ള മൂല്യം. രണ്ടാമതായി മറ്റ് നാല് ലീഗുകളെ അപേക്ഷിച്ച് പ്രതിഫലത്തിലുള്ള കുറവ്. മൂന്നാമതായി ടെക്നിക്കലായും ടാക്റ്റിക്കലായുമുള്ള അറിവ്.

ജംഷേദ്പുർ എഫ്.സി, ഓഡീഷ എഫ്.സി, ചെന്നൈയിൻ എഫ്.സി ടീമുകളൊഴിച്ചുള്ള ബാക്കി ക്ലബ്ബുകളാണ് സ്പാനിഷ് പരിശീലകരിൽ ഇത്തവണ ശ്രദ്ധവെക്കുന്നത്. കഴിഞ്ഞ സീസണിൽ അഞ്ച് ക്ലബ്ബുകൾക്കാണ് സ്പെയിനിൽ നിന്ന് പരിശീലകരുണ്ടായിരുന്നത്. ഏറെ ശ്രദ്ധേയമായ കാര്യം ലീഗിലെ ജനപ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും സ്പാനിഷ് പരിശീലകനിലേക്കെത്തിയെന്നതാണ്. അവരുടെ ആരാധകരുടെ പ്രധാന ആവശ്യങ്ങളിലൊന്നുമതായിരുന്നു.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേയും (എ.ടി.കെ-ഹെബാസ്) ഐ ലീഗിലേയും (മോഹൻ ബഗാൻ- കിബു വികുന) ചാമ്പ്യൻ ക്ലബ്ബുകളുടെ പരിശീലകർ സ്പെയിനിൽ നിന്നായിരുന്നു. അതിന് മുമ്പത്തെ വർഷം സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ബെംഗളൂരു എഫ്.സിയുടെ പരിശീലകൻ കാൾസ് ക്വാഡ്രാറ്റും സ്പാനിഷുകാരനാണ്.

വിജയത്തിനൊപ്പം മനോഹരമായ കളി ആഗ്രഹിക്കുന്നവരാണ് ഇന്ത്യൻ ഫുട്ബോൾപ്രേമികൾ. വീറും വാശിയും നിറഞ്ഞ കളിയുടെ പാരമ്പര്യത്തിൽ അവർ അഭിരമിക്കുന്നു. ഭംഗിയോടെ കളിച്ചിട്ടാണ് തോറ്റതെങ്കിൽ അത് അംഗീകരിക്കുകയും വിജയത്തിന് വേണ്ടി മാത്രമുള്ള കളിയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ പിൻമുറക്കാർ ടിക്കി-ടാക്കയുടെ മേൽവിലാസക്കാരെ തേടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

സ്പാനിഷ് ആധിപത്യം ഇന്ത്യൻ ഫുട്ബോളിൽ കാര്യമായ മാറ്റം കൊണ്ടുവരുമോയെന്ന ചോദ്യം പ്രസക്തമാണ്. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ പാസ്സിങ് ഗെയിമിലേക്ക് മാറിത്തുടങ്ങിയ ഇന്ത്യൻ ദേശീയ ടീമിന് സ്പാനിഷ് താരങ്ങളുടെ ആധിപത്യം ഗുണം ചെയ്യും. എന്നാൽ സ്പാനിഷ് ഫുട്ബോളിലെ ശരാശരിക്കാനാണ് ഇന്ത്യൻ ഫുട്ബോളിലേക്ക് എത്തുന്നതെന്ന കാര്യം വിസ്മരിക്കാനുമാകില്ല.

സ്പാനിഷ് ഫുട്ബോളിൽ ഹൈ പ്രൊഫൈൽ പരിശീലകരോ താരങ്ങളോ ആണ് ഇന്ത്യൻ ഫുട്ബോളിലേക്ക് വരുന്നതെങ്കിൽ അതുണ്ടാകുന്ന ചലനങ്ങൾ വളരെ വലുതാകും. ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തുന്നതിൽ ഭൂരിഭാഗവും രണ്ടാംനിരയിലോ മൂന്നാം നിരയിലോ ഉൾപ്പെടുന്ന കളിക്കാരാണ്. പരിശീലകരിൽ ഹെബാസ്, ആൽബർട്ടോ റോക്ക, വികുന, ക്വാഡ്രാറ്റ് എന്നിവരുടെ വരവ് ഗുണം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച് ലീഗുകളെ അപേക്ഷിച്ച് സ്പാനിഷ് ലീഗിലെ കളിക്കാർക്ക് ഇന്ത്യൻ ലീഗിലേക്ക് വരാനുള്ള താൽപ്പര്യവും കൂടുതലാണ്.

സ്പാനിഷ് കളിക്കാരുടേയും പരിശീലകരുടേയും ആധിപത്യം ഇന്ത്യൻ ഫുട്ബോൾ ഗെയിംപ്ലാനിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകില്ല. എന്നാൽ ആഗോളതലത്തിൽ സ്വീകാര്യത കൂട്ടുന്നതിനും സൂപ്പർ ലീഗിന്റെ പൊലിമ വർധിപ്പിക്കുന്നതിനും കാരണമാകും.

Content Highlights: Indian Super League clubs and spanish coaches