ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ഫുട്ബോളിനുണ്ടാക്കിയ ഉണര്‍വ് ചെറുതല്ല. കളിയുടേയും കളിക്കാരുടേയും നിലവാരം വര്‍ധിപ്പിച്ചതിനൊപ്പം ആഗോളതലത്തില്‍ തന്നെ ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബോളിന് മേല്‍വിലാസവും സമ്മാനിച്ചു. ഗാലറികളിലേക്ക് കാണികളെ തിരികെയെത്തിക്കുകയും ഗ്രാസ് റൂട്ട് തലത്തില്‍ പന്ത് തട്ടലുകളെ സജീവമാക്കാനുമായി. നേട്ടങ്ങളുടെ പട്ടിക വലുതാകുമ്പോഴും അന്താരാഷ്ട്ര ഫുട്ബോളില്‍ ദേശീയ ടീമിന്റെ പ്രകടനം മോശമാകുന്നതില്‍ മനപൂര്‍വ്വമല്ലാതെയെങ്കിലും ഐ.എസ്.എല്‍ ഭാഗമാകുന്നുവെന്ന യാഥാര്‍ഥ്യം മുന്നിലുണ്ട്.

ഫുട്ബോളിനൊപ്പം കച്ചവടവും നല്ലരീതിയില്‍ ഇഴുക്കിചേര്‍ത്തതാണ് ഇന്ത്യന്‍ സൂപ്പര്‍ലീഗ്. യൂറോപ്പിലെ വന്‍ലീഗുകളെല്ലാം ഇതേരീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. മുണ്ടുംമുറുക്കിയുടുത്ത് കളിക്കേണ്ട കാലമെല്ലാം കഴിഞ്ഞിരിക്കുന്നു. ഫുട്ബോളിലെ വര്‍ത്തമാനകാല സങ്കീര്‍ണതകളെയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമെ ഇന്ത്യന്‍ ഫുട്ബോളിനും മുന്നോട്ടുപോകാന്‍ കഴിയൂ. എന്നാല്‍ ഒമാനോട് പൊരുതി സമനില നേടുകയും രണ്ട് മൂന്ന് ദിവസത്തിനുളളില്‍ യു.എ.ഇയോട് അവിശ്വസനീയമാം വിധം തകര്‍ന്നു പോകുകയും ചെയ്യുന്ന ദേശീയ ടീമിന്റെ പ്രകടനമാണ് സൂപ്പര്‍ ലീഗിന്റെ ചില പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഓരോ രാജ്യത്തേയും ഫുട്ബോളിന്റെ വളര്‍ച്ചക്ക് അവിടുത്തെ ഒന്നാം ഡിവിഷന്‍ ക്ലബ്ബ് ഫുട്ബോളിന്റെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ ഫുട്ബോളിലേക്ക് നിലവാരമുള്ള കളിക്കാരെ ഒന്നാം ഡിവിഷന്‍ ലീഗെന്ന നിലയില്‍ സൂപ്പര്‍ ലീഗ് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ ചില പൊസിഷനുകളിലേക്ക് സൂപ്പര്‍ ലീഗില്‍ നിന്ന് ദേശീയ ടീമിലേക്ക് കാര്യമായ പങ്കെത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഒമാന്‍, യു.എ.ഇ ടീമുകള്‍ക്കെതിരെ ദേശീയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് തിരിഞ്ഞെടുത്ത ടീമിന്റെ ഘടന പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ടീമില്‍ മികച്ച അറ്റാക്കിങ് മധ്യനിരക്കാരില്ല. സെന്‍ട്രല്‍ ഡിഫന്‍സും ശുഷ്‌കം. അതേ സമയം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരും, വിങ്ങര്‍മാരും സുലഭമായുണ്ട്. ഇവിടെയാണ് സൂപ്പര്‍ ലീഗ് ടീമുകള്‍ പുലര്‍ത്തുന്ന ചില സമീപനങ്ങള്‍ ദേശീയ ടീമിന് ദോഷകരമായി ബാധിക്കുന്നത്.

സൂപ്പര്‍ ലീഗില്‍ കളിച്ച 11 ടീമുകളുടേയും ആദ്യ ഇലവന്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സെന്‍ട്രല്‍ ഡിഫന്‍സിലും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും ഇന്ത്യന്‍ താരങ്ങളെ പരീക്ഷിക്കാന്‍ ഭൂരിഭാഗം ടീമുകളും തയ്യാറായിരുന്നില്ല. ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്ന അഞ്ച് താരങ്ങളില്‍ രണ്ട് സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരും ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരും നിര്‍ബന്ധമായും സ്ഥാനം പിടിച്ചു. ഇവര്‍ മിക്കവാറും മുഴുവന്‍ സമയം കളിക്കുകയും ചെയ്തതോടെ ഈ പൊസഷനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കാതെ പോയി. ഇതോടെ ദേശീയ ടീമിലേക്ക് ഈ പൊസിഷനില്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ സ്റ്റിമാച്ചിനും കഴിഞ്ഞില്ല. ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീം കളത്തിലറങ്ങിയപ്പോള്‍ പ്ലേമേക്കര്‍ റോളില്‍ ഒരു താരമില്ലാത്തതിന്റെ കുറവ് ശരിക്കും അനുഭവപ്പെട്ടിരുന്നു. സെന്‍ട്രല്‍ ഡിഫന്‍സിലും ഈ കുറവ് അനുഭവപ്പെടുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദു സമദ്, എഫ്.സി ഗോവയുടെ ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മുംബൈ സിറ്റിയുടെ റെയ്നിയര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ദേശീയ ടീമില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിപ്പിക്കാവുന്ന താരങ്ങള്‍. മൂവരും മുഴുവന്‍ സമയം ഒരോ ഫോമില്‍ കളിക്കാവുന്ന താരങ്ങളല്ല. പ്ലേമേക്കര്‍ റോളിലേക്ക് ഉയരാന്‍ മൂവര്‍ക്കും കഴിഞ്ഞിട്ടുമില്ല. സഹലും ബ്രണ്ടനും ക്ലബ്ബുകളില്‍ വിങ്ങുകളിലാണ് ഭൂരിഭാഗം സമയവും കളിച്ചത്. റെയ്നിയറിന് ആദ്യ ഇലവനില്‍ പലപ്പോഴും അവസരം ലഭിച്ചതുമില്ല. സൗഹൃദമത്സരങ്ങളില്‍ ഇന്ത്യയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡിന്റെ ദൗര്‍ബല്യം കൃത്യമായി വെളിപ്പെട്ടിരുന്നു.

indian football team

ഇതേ അവസ്ഥയാണ് സെന്‍ട്രല്‍ ഡിഫന്‍സിലുമുള്ളത്. സൂപ്പര്‍ ലീഗില്‍ എ.ടി.കെയുടെ സന്ദേശ് ജിംഗാന്‍, പ്രീതം കോട്ടാല്‍, ഹൈദരാബാദ് എഫ്.സിയുടെ ചിങ്ലെന്‍സന സിങ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മഷൂര്‍ ഷെരീഫ്, ഒഡീഷ എഫ്.സിയുടെ ഗൗരവ് ബോറ എന്നിവര്‍ക്കാണ് സെന്‍ട്രല്‍ ഡിഫന്‍സില്‍ കാര്യമായി കളിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ ചിങ്ലെന്‍ സന സിങ്, സന്ദേശ് ജീംഗാന്‍, മഷൂര്‍ എന്നിവരെ രണ്ട് മത്സരങ്ങളിലുമായി സ്റ്റിമാച്ച് പരീക്ഷിച്ചു. ജിംഗാന്‍ കളിക്കാതിരുന്ന മത്സരത്തിലാണ് യു.എ.ഇ.യോട് ആറ് ഗോളിന് തോറ്റത്. ആദില്‍ ഖാന്‍, നരേന്ദ്ര ഗഹ്ലോട്ട് എന്നിവര്‍ക്ക് ക്ലബ്ബുകളില്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തത് തിരിച്ചടിയാണ്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന മുംബൈ സിറ്റിയുടെ അമയ് റണവാഡെയും ഗോവയുടെ ദീപക് ടാന്‍ഗ്രിയുമൊക്കെ ക്ലബ്ബുകളില്‍ വിങ്ബാക്കുകളുടെ റോളിലാണ്. വിദേശ സെന്‍ട്രല്‍ ബാക്കുകളാണ് ഇവിടെങ്ങളില്‍ കളിക്കുന്നത്.
വിദേശകളിക്കാരുടെ സാന്നിധ്യം കുറഞ്ഞ ഗോള്‍കീപ്പങ്, വിങ്ങ്ബാക്ക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡ്, വിങ്ങര്‍ പൊസിഷനുകളില്‍ മികച്ച ഇന്ത്യന്‍ കളിക്കാര്‍ ഉയര്‍ന്നുവരുന്നതിന് കഴിഞ്ഞ സീസണുകള്‍ സാക്ഷിയാണ്.

എണ്ണം പറഞ്ഞ വിങ്ങര്‍മാര്‍ നമുക്കുണ്ട്. ബിപിന്‍സിങ്, ലാലിയന്‍ സുലെ ചാങ്തേ, ആഷിഖ് കുരുണിയന്‍, ലിസ്റ്റണ്‍ കോളാസോ, ഹോളിച്ചരണ്‍ നര്‍സാറി, ജെറി, കെ.പി.രാഹുല്‍ എന്നിവര്‍ മികച്ചനിലവാരം പുറത്തെടുക്കുന്നവരാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ റൗളിന്‍ ബോര്‍ഗെസ്, സുരേഷ് സിങ്, അനിരുദ്ധ് ഥാപ്പ, അപുയ,ജീക്സന്‍ സിങ്, ഗ്ലെന്‍ മാര്‍ട്ടിന്‍സ്, അമര്‍ജിത്ത് കിയാം എന്നിവരില്‍ പ്രതീക്ഷവെക്കാവുന്നതാണ്. അപുയയും ഥാപ്പയും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ശോഭിക്കുന്നു.മുഹമ്മദ് യാസിര്‍, ഹിതേഷ് ശര്‍മ എന്നീ മിഡ്ഫീല്‍ഡര്‍മാര്‍ കഴിഞ്ഞ സീസണിന്റെ കണ്ടുപിടിത്തങ്ങളാണ്.

വിങ്ങ്ബാക്കുകളായി സന്ദീപ് സിങ്, ആകാഷ് മിശ്ര,ആശിഷ് റായ്, സാവിയര്‍ ഗാമ, അമയ് റണവാഡെ, ദീപക് ടാന്‍ഗ്രി, ജെറി ലാല്‍റിന്‍സുല,ലാല്‍ഡിന്‍ലിയാന രന്‍തലേയ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരാണ്. ഇലവനില്‍ വിദേശതാരങ്ങളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഇത്തവണ ഇന്ത്യന്‍ സ്ട്രൈക്കര്‍മാര്‍ക്ക് അവസരം കിട്ടിയെന്നത് ശുഭകരമായ കാര്യം. മന്‍വീര്‍സിങ്ങും ഇഷാന്‍ പണ്ഡിതയും മികവ് തെളിയിച്ചതും രോഹിത് ഡാനു,റഹീം അലി, അനികേത് ജാദവ് എന്നിവര്‍ക്ക് വളര്‍ന്നുവരാനുള്ള അവസരവും ലഭിച്ചു.

നിലവാരം ഉയര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിരന്തരമായി കളിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ മാത്രമെ കളിക്കാര്‍ ഉയര്‍ന്നുവരികയുള്ളു. അതിന് ഉദാഹരണങ്ങളാണ് ഹൈദരാബാദ് എഫ്.സിയുടെ പ്രതിരോധത്തിലെ ചിങ്ലെന്‍സന, ആകാഷ് മിശ്ര, ആശിഷ്റായ്, മധ്യനിരയിലെ മുഹമ്മദ് യാസിര്‍, നോര്‍ത്ത് ഈസ്റ്റിന്റെ മധ്യനിരതാരം അപുയ,പ്രതിരോധത്തിലെ മഷൂര്‍, കേരള ബ്ലാസ്റ്റേഴ്സില്‍ സന്ദീപ് സിങ്, കെ.പി.രാഹുല്‍... ഓരോ ടീമിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഉയര്‍ന്ന നിരവധി പേരുണ്ട്. ഇവരെല്ലാം ദേശീയ ടീമിന് മുതല്‍ക്കൂട്ടുകളുമാണ്.

സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ഒറ്റ ടീമിനും വിദേശഗോള്‍കീപ്പര്‍മാരില്ലായിരുന്നു. അമരീന്ദറും ഗൂര്‍പ്രീത് സാന്ധുവും അരീന്ദം ഭട്ടാചാര്യവും ധീരജ് സിങ്ങും, ആല്‍ബിനോ ഗോമസുമെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് ഗോള്‍വലകാത്തത്. അറ്റാക്കിങ് മിഡ്ഫീല്‍ഡിലും സെന്‍ട്രല്‍ ഡ്ിഫന്‍സിലുമെത്താം അവസരങ്ങളുണ്ടെന്ന് ബോധ്യമായാല്‍ ഈ പൊസിഷനുകളിലേക്ക് പ്രതിഭകളെത്തുമെന്നുറപ്പ്. ഇതിനുള്ള വിഭവം ഇന്ത്യന്‍ ഫുട്ബോളിലുണ്ട്.

അടുത്ത സീസണില്‍ വിദേശതാരങ്ങളുടെ എണ്ണത്തില്‍ ഇനിയും കുറവ് വരും. ഇലവനില്‍ നാല് താരങ്ങള്‍ക്കാവും അവസരം ലഭിക്കുന്നത്. സെന്‍ട്രല്‍ ഡിഫന്‍സിലും മുന്നേറ്റനിരയിലും ഓരോ താരങ്ങള്‍ കളിച്ചാല്‍ ബാക്കി വരുന്ന രണ്ട് താരങ്ങള്‍ മധ്യനിരയിലാകും. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഭൂരിഭാഗം ടീമുകളും വിദേശതാരത്തെ തന്നെ പരീക്ഷിക്കുമെന്നുറപ്പ്. എന്നാലും താരങ്ങളുടെ എണ്ണം കുറവായതിനാല്‍ പകരക്കാരന്റെ റോളിലെങ്കിലും ഈ പൊസിഷനില്‍ കളിക്കാന്‍ അവസരം മുന്നിലുണ്ട്.ഇത് മുതലാക്കാനുള്ള ശ്രമമാണ് ഭാവിതലമുറ ചെയ്യേണ്ടത്. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചക്കുള്ള കരുതലെന്ന നിലയില്‍ ക്ലബ്ബുകളും ഇക്കാര്യത്തില്‍ ജാഗ്രത കാണിച്ചാല്‍ ഉയരുന്നത് സൂപ്പര്‍ ലീഗിന്റെ പെരുമകൂടിയാകും.

ദേശീയ ടീമിന്റെ നിലവാരം ഉയര്‍ത്താന്‍ തന്റെ കരിയറിന് അപകടം വരുത്തുന്നതരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് മുന്നോട്ടുപോകുന്നത്. 12 കളിയില്‍ ടീമിനെ ഒരുക്കിയിറക്കിയപ്പോള്‍ ഒരു വിജയം മാത്രമാണ് ക്രെഡിറ്റിലുള്ളത്. 12 കളിയിലും പന്ത്രണ്ട് ടീമുകളാണ് അദ്ദേഹം ഗ്രൗണ്ടിലിറക്കിയത്. 19 കളിക്കാര്‍ ഇതിനകം അരങ്ങേറി. സെന്‍ട്രല്‍ ബാക്ക്, അറ്റാക്കിങ് മിഡ്ഫീല്‍ഡ്, സ്ട്രൈക്കര്‍ പൊസിഷനുകളാണ് സ്റ്റിമാച്ചിന്റെ ഉറക്കം കെടുത്തുന്നത്. അത് മാറണമെങ്കില്‍ ക്ലബ്ബുകളും ഫുട്ബോളിനെ നിയന്ത്രിക്കുന്നവരുമെല്ലാം കൂട്ടായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട കാലമായി. കാരണം ഇന്ത്യന്‍ ഫുട്ബോള്‍ വളര്‍ച്ചയിലാണ്.

Content Highlights: Indian Football Team Midfielders Sahal Rahul