തിർത്തികളില്ലാതെ പടർന്നു കിടക്കുന്ന സാമ്രാജ്യങ്ങളായി റയൽ മഡ്രിഡിനേയും ബാഴ്സലോണയേയും മാഞ്ചെസ്റ്റർ യുണൈറ്റഡിനേയുമൊക്കെ വിശേഷിപ്പിക്കാം. ഭൂമിയെ പോലെയൊരു ഗോളമായ ഫുട്ബോളിൽ പലതായി കിടക്കുന്ന ചരിത്രവും പാരമ്പര്യവും സംസ്ക്കാരവുമൊക്കെയുള്ള സാമ്രാജ്യങ്ങൾ. ആരാധകരെ അതിലെ പ്രജകളായി കണക്കാക്കാം. ഓരോ കാലത്തും വീരസ്യം കൊണ്ട് ചോരയിൽ തീപടർത്താനും കൂറ് വർധിപ്പിക്കാനും പടനായകരും അവർക്ക് ചുറ്റും ജീവൻ കൊടുത്തും പോരാടനുള്ള ചാവേറുകളുമുണ്ടാകും.

ഫുട്ബോൾ മൈതാനങ്ങളെല്ലായിപ്പോഴും യുദ്ധക്കളങ്ങളാണ്. തന്ത്രങ്ങളുടേയും മികവിന്റേയും അങ്കത്തട്ട്. അവിടെ നേരിയ പിഴവിന് പോലും ജീവന്റെ വിലയുണ്ടാകും. ഓരോ മത്സരത്തിലും ജയിക്കുന്ന ടീമിന്റെ ആധി അവസാനിക്കുന്നില്ല. തോൽക്കുന്ന ടീമുകളുടെ നിരാശയും. ആധുനിക കാലത്ത് കളി കളത്തിലും പുറത്തുമാണ്. ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത ലഭിക്കാതിരുന്നാൽ വൻകിട ക്ലബ്ബുകൾക്ക് ആരാധകരിൽ നിന്നുള്ള സമ്മർദ്ദം മാത്രമല്ല സ്പോൺസർഷിപ്പിലെ ഒരു വിഹിതം കൂടിയാകും നഷ്ടപ്പെടുന്നത്. ഇത്തരത്തിൽ ഫുട്ബോൾ സാമ്രാജ്യങ്ങൾക്ക് മേൽ വലിയ തോതിൽ ഭീഷണിയുടെ വാളുകൾ തൂങ്ങികിടപ്പുമുണ്ട്.

എല്ലാ ഫുട്ബോൾ സാമ്രാജ്യങ്ങളും പൊള്ളുന്ന ഒരു കസേരയുണ്ട്. പരിശീലകന്റെ. ജയത്തിൽ മതിമറന്ന് ആഹ്ലാദിക്കാൻ കഴിയാത്ത, തോൽവിയിൽ ഒന്ന് മുഖം കറുപ്പിക്കാൻ പോലും കഴിയാത്ത, തലയിൽ കളിതന്ത്രങ്ങൾ ഉരുക്കികൊണ്ടിരുന്നവരാണ് ആധുനിക ഫുട്ബോളിലെ പരിശീലകർ. എത്ര വലിയ നേട്ടങ്ങളും ഒറ്റ തോൽവികൊണ്ട് മായ്ക്കപ്പെടുന്ന നന്ദികേടിന്റെ കാലത്ത് പരിശീലകരും ക്ലബ്ബുകളുടെ ചരിത്രവും പാരമ്പര്യവും സംസ്ക്കാരവും ഇഴുകിചേർന്ന് കിടക്കേണ്ടത് അനിവാര്യതയാണ്. ക്ലബ്ബിന്റെ സംസ്ക്കാരം അറിയുന്ന ഒരു പരിശീലകന് ടീമിൽ നിന്ന് ലഭിക്കുന്ന ആദരവും, തിരിച്ച് ടീമിനോടുളള രക്തത്തിലലിഞ്ഞ ബന്ധവുമെല്ലാം വലിയ തോതിലാണ് കളിക്കളങ്ങളെ സ്വാധീനിക്കുന്നത്. അതുകൊണ്ടാണ് പരിശീലകരുടെ കാര്യത്തിൽ മിക്ക ക്ലബ്ബുകളും വേരുകളിലേക്ക് മടങ്ങുന്നത്.

റയൽ മഡ്രിഡിൽ സിനദിൻ സിദാൻ, ബാഴ്സലോണയിൽ റൊണാൾഡ് കോമാൻ, മാഞ്ചെസ്റ്റർ യുണൈറ്റഡിൽ ഒലെ ഗുണാർ സോൾഷേർ, ചെൽസിയിൽ ഫ്രാങ്ക് ലാംപാർഡ്, ആഴ്സനലിൽ മൈക്കൽ അർട്ടേറ്റ, യുവെന്റസിൽ ആന്ദ്രെ പിർലോ, അത്ലറ്റിക്കോ മഡ്രിഡിൽ ഡീഗോ സിമിയോണി, ലാസിയോയിൽ സിമിയോണി ഇൻസാഗി തുടങ്ങി മുമ്പ് ടീമിനായി കളിച്ചവർ പരിശീലകരായി തിരികെയെത്തുന്ന കാഴ്ച്ച കൂടികൊണ്ടിരിക്കുന്നു.

ഇതിൽ മിക്ക പരിശീലകരും ടീമിന്റെ നിർണായ ഘട്ടത്തിലാണ് തിരികെയെത്തുന്നത്. മുമ്പ് ബാഴ്സലോണയുടെ ഒരു നിർണായകഘട്ടത്തിലാണ് പെപ്പ് ഗാർഡിയോള പരിശീലകനായെത്തുന്നത്. ഇതുവരെ ടീമിന്റെ ബി ടീമിന്റെ പരിശീലകനായിരുന്നു. ബാഴ്സയുടെ ചരിത്രത്തിലെ സുവർണകാലം അടയാളപ്പെടുത്തിയ ശേഷമാണ് പെപ്പ് കളമൊഴിഞ്ഞത്. അതിന് കാരണം പെപ്പിന് ക്ലബ്ബുമായുള്ള ആത്മബന്ധമായിരുന്നു. മുമ്പ് കളിക്കാരനായി ഉണ്ടായിരുന്ന നാൾ മുതലുള്ള അടുപ്പം പരിശീലകനായപ്പോൾ കൂടുന്നു. മുൻ താരമെന്ന ആദരവ് കളിക്കാരിൽ നിന്ന് ലഭിക്കുന്നു. മാനേജ്മെന്റിൽ നിന്ന് മികച്ച പിന്തുണയും ലഭിക്കുന്നു. അത്രത്തിൽ പെപ്പ് സൃഷ്ടിച്ച ഒരു വിപ്ലവം പലക്ലബ്ബുകളേയും അവരുടെ സംസ്ക്കാരത്തെ ബഹുമാനിക്കുന്ന പഴയകാല കളിക്കാരെ പരിശീലക റോളിലേക്ക് കൊണ്ടു വരാൻ പ്രേരണയായിട്ടുണ്ട്.

റാഫേൽ ബെനിറ്റ്സ് പുറത്താക്കപ്പെട്ടപ്പോഴാണ് റയൽ മഡ്രിഡ് റിസർവ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സിനദിൻ സിദാൻ പ്രോമോഷൻ നേടി സീനിയർ ടീമിലേക്ക് എത്തുന്നത്. തുടരെ മൂന്ന് ചാമ്പ്യൻസ് ലീഗ് നേടി സിദാൻ ചരിത്രം സൃഷ്ടിക്കുന്നു. പിന്നീട് സ്ഥാനമൊഴിഞ്ഞെങ്കിലും മറ്റൊരു പ്രതിസന്ധിഘട്ടത്തിൽ തിരികെയെത്തി ലാലിഗ കിരീടം നേടികൊടുക്കുന്നു. മൊത്തം 11 കിരീടങ്ങൾ.

പെപ്പിനും സിദാനും സാമ്യതയുണ്ട്. ഇരുവരും മുമ്പ് ക്ലബ്ബുകളുടെ സ്വതന്ത്രചുമതല വഹിക്കാതെയാണ് പണ്ട് കളിച്ച ക്ലബ്ബുകളുടെ പരിശീലകരാകുന്നത്. ക്ലബ്ബിലെ ഇതിഹാസ താരമെന്ന ലേബൽ നന്നായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിടത്താണ് ഇരുവരുടേയും വിജയം. പെപ്പ് ടാക്ടിക്കലി ഗംഭീരനാണെങ്കിൽ മാൻ മാനേജ്മെന്റ് വിദഗ്ധനാണ് സിദാൻ.

പെപ്പ്- സിദാൻ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് ആന്ദ്രെ പിർലോ. പണമൊഴുക്കിയിട്ടും പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വന്നപ്പോഴാണ് ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസ് പിർലോയിൽ വിശ്വസമർപ്പിക്കുന്നത്. ജൂനിയർ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ട് ദിവസങ്ങൾക്കകമായിരുന്നു പുതിയ പദവി.

മിഡ്ഫീൽഡ് മാസ്ട്രോയൊണ് പിർലോ കളിക്കുന്ന കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്. യുവെന്റസിനൊപ്പം സീരി എ വിജയങ്ങളിലൊക്കെ പങ്കാളി. പൊടുന്നനെയുള്ള ആക്രമണങ്ങളുടെ സൂത്രധാരനല്ലായിരുന്നു പിർലോ. എന്നാൽ ഭാവനയിൽ രൂപപ്പെടുത്തിയ മികച്ച നീക്കങ്ങളുടെ സംഘാടകനായാണ് പിർലോ വിശേഷിപ്പിക്കപ്പെട്ടത്. മധ്യനിരയെ ഭരിക്കാൻ കഴിവുണ്ടായിരുന്നയാൾ. യുവെന്റസ് ശരിക്കുമൊരു ചൂതാട്ടമാണ് നടത്തിയത്. ക്രിസ്റ്റ്യാനോയെപോലൊരു സൂപ്പർ താരമുള്ള ക്ലബ്ബിലേക്ക് അനുഭവസമ്പത്തില്ലാത്ത പരിശീലകനെ കൊണ്ടുവന്നതിന് പിന്നിൽ ക്ലബ്ബിനോടുളള കൂറും കളിക്കാർക്കിടയിലുളള ബഹുമാനവുമാണ്. യുവെന്റസിന് തന്ത്രശാലിയായ പരിശീലകനേക്കാൾ മാൻമാനേജ്മെന്റ് വിദഗ്ധനായ പരിശീലകനെയാണാവശ്യം.

ഒടുവിൽ ബാഴ്സയും അതേ തന്ത്രം പയറ്റുകയാണ്. എണസ്റ്റോ വെൽവെർദയും ക്വിറ്റ് സെറ്റിയനും ജെറാർഡോ മാർട്ടിനോയുമൊക്കെ ടീമിൽ തോറ്റുപോയത് കറ്റാലൻ ക്ലബ്ബിൽ അവർക്ക് വേരുകളില്ലാത്തു കൊണ്ടായിരുന്നു. പെപ്പിന് ശേഷം ലൂയിസ് എന്റിക്വെ ബാഴ്സക്കൊപ്പം വിജയങ്ങളുണ്ടാക്കിയത് കളിക്കാരനെന്ന നിലയിലെ 200-ൽ അധികം മത്സരങ്ങളുടെ അനുഭവം കൂടിയുളളത് കൊണ്ടായിരുന്നു. ഡച്ചുകാരൻ കോമാൻ ബാഴ്സയിലേക്ക് വരുമ്പോൾ 264 മത്സരങ്ങളുടെ അനുഭവ പരിജ്ഞാനം മധ്യ-പ്രതിരോധനിരതാരത്തിനുണ്ട്. അതാണ് മെസ്സിയോട് പോലും കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്നത് ബാഴ്സയിലെ വേരുകളുടെ ശക്തികൊണ്ടാണ്.

മെസ്സി ക്ലബ്ബ് വിട്ടാൽ കോമാന്റെ റോളിന് കൂടുതൽ പ്രധാന്യവും ഗൗരവവും വരും. അവിടെ ജയം അനിവാര്യഘടകമാകും. ബാഴ്സക്ക് ഇപ്പോൾ ആവശ്യമുളള ഒത്തിണക്കം നേടിയെടുക്കലാകും പരിശീലകൻ നേരിടുന്ന ആദ്യ വെല്ലവിളി.

ഹോസെ മൗറീന്യോക്ക് കീഴിൽ പ്രതിസന്ധി രൂപപ്പെട്ടപ്പോഴാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് പഴയ സൂപ്പർ സബ്ബ് സോൾഷേറെ പരിശീലകനായി ഇറക്കുന്നത്. ടീമിൽ പതിയെ പിടിമുറുക്കാൻ സോൾഷേർക്ക് കഴിയുന്നത് യുണൈറ്റഡ് സംസ്ക്കാരം അറിയുന്നതും അവരുടെ പാരമ്പര്യത്തോടുള്ള ബഹുമാനം കൊണ്ടുമാണ്. ഇത്തവണ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ടീമിനെ നയിച്ച് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടികൊടുത്തതോടെ സോൾഷേറുടെ കസേര ഉറച്ചിട്ടുണ്ട്.

മൗറീസിയോ സാറി യുവെന്റസിലേക്ക് പോയപ്പോളാണ് പഴയ മധ്യനിരക്കാരൻ ഫ്രാങ്ക് ലാംപാർഡിനെ ചെൽസി പരിശീലകനായി കൊണ്ട് വരുന്നത്. കളിക്കുന്ന കാലത്ത് തന്റെ ലോങ് റേഞ്ചറുകൾ കൊണ്ട് ഒട്ടേറെ തവണ ലാംപാർഡ് ചെൽസിയുടെ രക്ഷകനായിട്ടുണ്ട്. പഴയ താരത്തിന് മുന്നിൽ മെച്ചപ്പെട്ട ചെൽസിയെ കഴിഞ്ഞ സീസണിൽ തന്നെ കണ്ടതുമാണ്.

ആഴ്സനലിൽ യുനായ് എമറിക്ക് പകരമാണ് പഴയ മധ്യനിരക്കാരൻ അർട്ടേറ്റ വരുന്നത്. ചുരുങ്ങിയ സമയത്തിനുള്ള എഫ്.എ കപ്പ് വിജയം നേടാൻ ഗണ്ണേഴ്സിനായി. പഴയ ക്ലബ്ബിലെ കാര്യങ്ങൾ ശരിക്കുമറിയുന്ന അർട്ടേറ്റ അതിനനുസരിച്ചാണ് ടീമിനെ ഒരുക്കിയിറക്കിയത്.

കളിക്കുന്ന കാലത്ത് ലാസിയോക്കൊപ്പം സീരി എ കിരീടം വരെ നേടിയിട്ടുണ്ട് സിമിയോണി ഇൻസാഗി. 2016-ൽ ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്തതിന് ശേഷം രണ്ട് കിരീടങ്ങൾ നേടി. കഴിഞ്ഞ സീസണിൽ ടീം മികച്ച പ്രകടനമാണ് നടത്തിയത്. കോവിഡിന് ശേഷം ലീഗ് പുനരാരംഭിച്ചപ്പോൾ സ്ഥിരത നഷ്ടപ്പെട്ടെങ്കിലും ഇൻസാഗിക്ക് അഭിമാനിക്കാവുന്ന പ്രകടനം ടീമിൽ നിന്നുണ്ടായി. ക്ലബ്ബിനായി 180 മത്സരം കളിച്ചതിന്റെ അനുഭവം പരിശീലകന് നന്നായി ഫീൽ ചെയ്തിട്ടുണ്ടാകും.

2011-ൽ പരിശീലക സ്ഥാനം ഏറ്റെടുന്ന ഡീഗോ സിമിയോണി ലാലിഗ അടക്കം ഏഴ് കിരീടങ്ങളിലേക്കാണ് അത്ലറ്റിക്കോ മഡ്രിഡിനെ നയിച്ചത്. ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന സിമിയോണി രണ്ട് ടേമുകളിലായി 173 മത്സരം ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. പട്ടാളച്ചിട്ടയോടെ ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ സിമിയോണിയുടെ പിൻബലം കളിക്കളത്തിൽ ക്ലബ്ബിനായൊഴുക്കിയ വിയർപ്പ് തന്നെയാണ്.

ഫുട്ബോൾ കളി 90 മിനിറ്റിലെ പോരാട്ടം മാത്രമായൊതുങ്ങാത്ത കാലത്ത് ക്ലബ്ബുകളും പരിശീലകരും കളിക്കാരും അനുഭവിക്കുന്നത് അളക്കാനാകാത്ത സമ്മർദ്ദമാണ്. ക്ലബ്ബുകൾ പഴയകാല കളിക്കാരിൽ വിശ്വാസമർപ്പിക്കുന്നത് കളിക്കളത്തിൽ അവർ നേടിയ വിജയങ്ങളുടെ തുടർച്ച അഗ്രഹിച്ചാണ്. സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്നതിന്റെ പറഞ്ഞറിക്കാൻ കഴിയാത്ത സുരക്ഷിതത്വം പരിശീലകരായ മുൻ കളിക്കാർക്കും ലഭിക്കും. അവർക്ക് ക്ലബ്ബിനെപ്പെറ്റിയുളള ഹോംവർക്കിന്റെ ആവശ്യവുമില്ല. കളിക്കളത്തിൽ, കളിയുദ്ധത്തിൽ മാനസികാധിപത്യത്തിനുള്ള വകയായി ഇത് മാറുന്നു. ഇതാണ് ക്ലബ്ബുകളും പരിശീലകരും വേരുകളിലേക്ക് മടങ്ങാൻ ഇഷ്ടപ്പെടുന്നത്.

Content Highlights: football players coaching their old clubs